യുകെയില്‍ ഇമിഗ്രേഷന്‍ ഫീസുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചതോടെ കുടിയേറ്റക്കാര്‍ ആശങ്കയില്‍. വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്നിവയിലാണ് വര്‍ധനവുണ്ടായത്.
തൊഴില്‍, വിസിറ്റ് വിസകള്‍ക്കുള്ള ഫീസ് 15 ശതമാനമാണ് വര്‍ധിപ്പിച്ചത്. പെര്‍മനന്റ് റെസിഡന്‍സി (ഐഎല്‍ആര്‍) അപേക്ഷകള്‍ക്ക് 20 ശതമാനം വര്‍ധനവാണ് ഉണ്ടാകുക്. യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്‌എസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇമിഗ്രേഷന്‍ ഹൈല്‍ത്ത് സര്‍ചാര്‍ജ് (ഐഎച്ച്‌എസ്)1,035 പൗണ്ടായാണ് ഉയര്‍ത്തുന്നത്. നേരത്തെ പ്രതിവര്‍ഷം 624 പൗണ്ടായിരുന്നു. വന്‍ വര്‍ധനവാണ് ഉണ്ടായത്. നിലവിലുള്ളതില്‍ നിന്ന് 66 ശതമാനമാണ് വര്‍ധന. വിദ്യാര്‍ത്ഥികള്‍ക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഐഎച്ച്‌എസ് ഫീസ് പ്രതിവര്‍ഷം 470 പൗണ്ടായിരുന്നു. ഇത് 776 പൗണ്ടായാണ് വര്‍ധിക്കുക. വൈദഗ്ധ്യമുള്ള തൊഴിലാളി വിസ 718.75 പൗണ്ടായാണ് ഉയരുക. നേരത്തെ ഇത് 625 പൗണ്ടായിരുന്നു.
പെര്‍മനന്റ് റെസിഡന്‍സി അപേക്ഷകള്‍ക്ക് 2,404 പൗണ്ടില്‍ നിന്ന് കുറഞ്ഞത് 2,880 പൗണ്ടായി വര്‍ധിക്കും. 20 ശതമാനമാണ് വര്‍ധനവ്. ബ്രിട്ടീഷ് പൗരത്വം നേടാനുള്ള അപേക്ഷ ഫീസും 20 ശതമാനം ഉയര്‍ത്തി. സ്റ്റുഡന്റ് വിസ, സെറ്റില്‍മെന്റ്, വൈഡര്‍ എന്‍ട്രി ക്ലിയറന്‍സ്, സ്‌പോണ്‍സര്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍ഗണനാ വിസകള്‍ എന്നിവയിലും 20 ശതമാനം വര്‍ധനവ് ഉണ്ടാകും. ബ്രിട്ടനിലെ വര്‍ധിച്ചു വരുന്ന ജീവിത ചെലവിനൊപ്പം ഇമിഗ്രേഷന്‍ ഫീസ് വര്‍ധനവ് കൂടിയായതോടെ കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാകുകയാണ്.