Click to learn more 👇

ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് ഭാരതി; പൊലീസ് അറസ്റ്റ് ചെയ്തത് മറ്റൊരു ഭാരതിയെ; 84കാരി കോടതി കയറി ഇറങ്ങിയത് നാലുവര്‍ഷം; വീഡിയോ കാണാം


 പാലക്കാട്: പൊലീസിന്റെ ഗുരുതരമായ വീഴ്ചയെത്തുടര്‍ന്ന് ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട എണ്‍പതുവയുസുകാരി കോടതി കയറി ഇറങ്ങിയത് നാലുവര്‍ഷം.

വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലായിരുന്നു ആളുമാറി പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്തത്. താന്‍ ഒരുകേസിലും പ്രതിയല്ലെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്ന് വയോധിക പറയുന്നു.

1998ലാണ് ഈ കേസിന് ആസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു ഭാരതി. ഭാരതി ജോലി ചെയ്യുന്ന വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് ഭാരതിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഭാരതി മുങ്ങി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഈ സ്ത്രീയെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല.

മുങ്ങിയ ഭാരതിക്ക് പകരം 2019ല്‍ 84കാരിയായ കുനിശേരി സ്വദേശി ഭാരതിയമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ഒരിടത്തും വീട്ടുജോലി ചെയ്തിട്ടില്ലെന്നും ഏറെ നാളായി തമിഴ്‌നാട്ടിലാണെന്നും പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ഭാരതി അമ്മ പറഞ്ഞു. അറസ്റ്റിലായ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും കേസുമായി നടക്കേണ്ടിവന്നത് നാലുവര്‍ഷമാണ്. 

കോടതിയില്‍ പരാതിക്കാരന്‍ തന്നെ നേരിട്ട്‌എത്തി ഭാരതിയമ്മയെ അറിയില്ലെന്ന് അറിയിച്ചതോടെയാണ് അലച്ചിലിന് അവസാനമായത്. ഇതല്ല യഥാര്‍ഥ പ്രതിയെന്നും തന്റെ വീട്ടിലെ ജോലിക്കാരിയായിരുന്ന ഭാരതിക്ക് ഏതാണ്ട് അന്‍പതുവയസുമാത്രമേ പ്രായം വരികയുള്ളുവെന്നും രാജഗോപാല്‍ കോടതിയെ അറിയിച്ചു. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം അവസാനിപ്പിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.