Click to learn more 👇

‍ 'പണി' കിട്ടാന്‍’ ദിവസവും ഒരു പെഗ് കഴിച്ചാലും മതി; മദ്യപാനികള്‍ അറിയേണ്ടത്.


മദ്യപിക്കുന്ന ശീലം ആരോഗ്യത്തിന് എത്രമാത്രം ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. എങ്കിലും മദ്യം ഒരു ശീലമായി മാറിയവരെ സംബന്ധിച്ച്‌ ആ ശീലത്തില്‍ നിന്ന് അകലുകയെന്നത് അത്ര എളുപ്പവുമല്ല.

അമിതമായ മദ്യപാനമാണ് എപ്പോഴും അപകടം എന്ന് ചിന്തിക്കുന്നവരുണ്ട്. അതുപോലെ ദിവസവും അല്‍പം മദ്യം മാത്രം കഴിച്ചാല്‍ അത് ആരോഗ്യത്തിന് കാര്യമായ വെല്ലുവിളിയൊന്നും ഉയര്‍ത്തുകയില്ലെന്ന് ധരിച്ചിരിക്കുന്നവരും ഏറെയാണ്. എന്നാലീ ധാരണകളെല്ലാം തെറ്റാണെന്നും, ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധിക്കാനേറെയുണ്ടെന്നും തെളിയിക്കുകയാണ് പുതിയൊരു പഠനം. 

അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷന്‍റെ 'ഹൈപ്പര്‍ടെൻഷൻ' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ദിവസവും ഒരു പെഗ് മദ്യമെങ്കിലും കഴിക്കുന്നവരില്‍ ബിപി (രക്തസമ്മര്‍ദ്ദം) കൂടാനുള്ള സാധ്യതകളുണ്ടെന്നാണ് പഠനം വിശദീകരിക്കുന്നത്.

അതും ബിപിയുടെ പ്രശ്നം ഇല്ലാത്തവരില്‍ വരെ ബിപി കൂടാനുള്ള സാധ്യതയുണ്ട് എന്നതാണ് പഠനം വ്യക്തമാക്കുന്നത്. ഒരുപാട് വര്‍ഷത്തെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തിലേക്ക് എത്തിയിരിക്കുന്നതത്രേ. 

'ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ മദ്യത്തിന്‍റെ അളവ് കുറയ്ക്കുന്നത് കൊണ്ട് വലിയ ഗുണമൊന്നുമില്ല എന്നതാണ് ഞങ്ങളുടെ ഈ പഠനം തന്നെ ചൂണ്ടിക്കാട്ടുന്നത്. ചെറിയ അളവില്‍ മദ്യപിക്കുന്നവരില്‍ പോലും വലിയ രീതിയില്‍ ബിപി ഉയരാനുള്ള സാധ്യതകളാണ് ഞങ്ങള്‍ കണ്ടെത്തിയത്. അതേസമയം നല്ലരീതിയില്‍ മദ്യപിക്കുന്നവരിലാണെങ്കില്‍ ബിപി കൂടുന്നതിന്‍റെ തോതും അതിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മാര്‍കോ വിൻസെറ്റി പറയുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപതിനായിരത്തോളം പേരുടെ വിശദാംശങ്ങള്‍ ആണ് പഠനത്തിന് വേണ്ടി ഗവേഷകര്‍ സമ്ബാദിച്ചെടുത്തത്. വിവിധ തരം മദ്യം, അവ വിവിധ അളവില്‍ കുടിച്ചാല്‍ എങ്ങനെ എന്നിങ്ങനെ പല രീതിയിലുമാണത്രേ ഗവേഷകര്‍ പഠനം നടത്തിയത്. എന്തായാലും മദ്യപിക്കുന്നവരില്‍ ബിപി അപകടസാധ്യത ഏറിയും കുറഞ്ഞും ഉണ്ട് എന്നത് തന്നെയാണ് പഠനത്തിന്‍റെ നിഗമനം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.