സുഹൃത്തിന്റെ എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് പെരുമ്ബടപ്പില്‍ യുവാവ് മരിച്ചു.
ആമയം സ്വദേശി നമ്ബ്രാണത്തേല്‍ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി(42) ആണ് മരിച്ചത്. എയര്‍ ഗണ്ണിന്റെ ഉടമസ്ഥനായ പട്ടേരി സ്വദേശി സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഗണ്‍, സുഹൃത്തുക്കള്‍ ചേര്‍ന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സമീപവാസിയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം പെരുമ്ബടപ്പ് ചെറുവല്ലൂര്‍ കടവിലെ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമായി സംസാരിച്ചിരിക്കേയാണ് സംഭവം. സുഹൃത്തായ സജീവിന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ നെഞ്ചില്‍ വെടിയേല്‍ക്കുകയായിരുന്നു.
ഷാഫിയെ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്ത് ടാക്സി ഡ്രൈവറാണ് ഷാഫി. പെരുമ്ബടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരൂര്‍ ഡിവൈ.എസ്.പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍.