സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയുടെ നിറത്തില്‍ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ എംഫോര്‍ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സ്വാതന്ത്ര്യദിനത്തില്‍ 'സ്വാതന്ത്രക്കോഴി ചുട്ടത്' എന്ന പേരിലാണ് യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ത്രിവര്‍ണ നിറത്തില്‍ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി.
എംഫോര്‍ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയില്‍ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികള്‍ക്ക് നിറം നല്‍കി ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമര്‍ശം നടത്തിയെന്നും ആക്ഷേപമുണ്ട്.
ദേശീയ പതാകയുടെ നിറങ്ങള്‍ തേച്ചുപിടിപ്പിച്ച കോഴിയെ ചുട്ട് ശേഷം അത് കഴിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന ആശംസകളും പറയുന്നുണ്ട്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് ആക്ഷേപം. സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ജിതിൻ എസ്. എന്ന യുവാവാണ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്.