Click to learn more 👇

ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം: സലിം കുമാര്‍



 ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടൻ സലിം കുമാര്‍. ഭണ്ഡാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നും സലിം കുമാര്‍ നിര്‍ദ്ദേശിക്കുന്നു.

ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റ പ്രതികരണം. സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

ഇന്നലെ മിത്ത് വിവാദത്തില്‍ സ്‍പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്‌എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയിരുന്നു. പാളയം ഗണപതിക്ഷേത്രപരിസരത്തായിരുന്നു നാമജപയാത്ര. എന്‍എസ്‌എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്‌എസ് വൈസ് പ്രസി‍ഡന്‍റ് സംഗീത് കുമാര്‍ പറ‍ഞ്ഞു.

ഏറെ നാളായി സിപിഎമ്മും സര്‍ക്കാരുമായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവിലാണ് തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് എൻഎസ്‌എസ് നീങ്ങിയിരിക്കുന്നത്. എന്നാല്‍ വിഷയങ്ങളില്‍ എൻഎസ്‌എസിന്‍റെ നിലപാടുകളെ ഇതുവരെ ശക്തമായി തള്ളിപ്പറഞ്ഞിട്ടില്ല സിപിഎമ്മും സര്‍ക്കാരും. എന്നാല്‍ മിത്ത് പരാമര്‍ശത്തില്‍ മാപ്പ് പറയാനില്ലെന്ന് അസന്നിഗ്ധമായി സിപിഎം നിലപാടെടുത്തോടെ, പിന്നോട്ടില്ലെന്ന സന്ദേശം എൻഎസ്‌എസും നല്‍കുകയാണ്. പ്രശ്‍നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നാണ് സുകുമാരൻ നായരുടെ ഒടുവിലത്തെ വാര്‍ത്താക്കുറിപ്പ്. എ എൻ ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

എന്നാല്‍ എൻഎസ്‌എസ് ആവശ്യം സിപിഎം തള്ളി. എ എൻ ഷംസീര്‍ മാപ്പ് പറയില്ലെന്നും തന്റെ പ്രസ്‍താവന തിരുത്തില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സ്‍പീക്കര്‍ എ എൻ ഷംസീറിന്‍റെ വിശദീകരണം. ഇപ്പോഴത്തെ ചര്‍ച്ചകള്‍ നിര്‍ഭാഗ്യകരമെന്നുണ് ഷംസീര്‍ വിവാദത്തില്‍ വ്യക്തമാക്കിയരിക്കുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.