Click to learn more 👇

വീതികുറഞ്ഞ റോഡില്‍ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞു: ലോറിയുടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്തുവകുപ്പ്


 തിരുവമ്ബാടി : വീതികുറഞ്ഞ റോഡില്‍ എതിരേവന്ന ടിപ്പറിന് വശംകൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പര്‍ഉടമയ്ക്ക് പൊതുമരാമത്തുവകുപ്പ് വക 26,000 രൂപ പിഴ.

കൂമ്ബാറ പാമ്ബോടൻ റസാഖിനാണ് തിരുവമ്ബാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിര്‍ദേശിച്ചിരിക്കുന്നത്. ജൂലായ് 24-ന് ഉച്ചയ്ക്കാണ് സംഭവം.

മരഞ്ചാട്ടിയില്‍നിന്ന്‌ കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറാണ് മാങ്കയത്ത് എതിരെവന്ന ടിപ്പറിന് വശംകൊടുക്കവേ തെന്നിമാറി താഴ്ന്ന്‌ റോഡിന് നാശനഷ്ടമുണ്ടായത്. വാഹനത്തിന്റെ ഇടതുഭാഗത്തെ മുൻചക്രം അല്പം താഴ്ന്നുപോയി. ജെ.സി.ബി. ഉപയോഗിച്ച്‌ ഉയര്‍ത്തി വാഹനം കൊണ്ടുപോകുകയും ചെയ്തു. ചക്രം താഴ്ന്നപ്പോള്‍ രൂപപ്പെട്ട കുഴി കല്ലുപയോഗിച്ച്‌ നന്നാക്കിയശേഷമാണ് പോന്നതെന്ന് ടിപ്പര്‍ ഓടിച്ചിരുന്ന മകൻ റിയാസ് പറയുന്നു.

തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പോലീസില്‍ പരാതി നല്‍കുകയും വാഹനം കണ്ടെത്തുകയുമായിരുന്നു. റോഡിന് നാശനഷ്ടമുണ്ടായ വകയില്‍ നഷ്ടപരിഹാരമായി 22,000 രൂപയും 4,000 രൂപ ജി.എസ്.ടി.യും ഉള്‍പ്പെടെ 26,000 രൂപ പിഴ അടയ്ക്കണമെന്നാണ് നിര്‍ദേശമെന്ന് റിയാസ് പറഞ്ഞു.വാഹനം താഴ്ന്നഭാഗത്ത് പി.ഡബ്ല്യ.ഡി.ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പിഴയടയ്ക്കാൻ കഴിയില്ലെന്നുപറഞ്ഞു തിരികെപ്പോന്നു. പൊതുമരാമത്ത് അധികൃതര്‍ക്കെതിരേ നിയമനടപടി കൈക്കൊള്ളാനുള്ള തീരുമാനത്തിലാണിവര്‍.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.