റായ്പൂര്‍: കളിപ്പാട്ടം ആവശ്യപ്പെട്ട മകനെ കഴുത്തറുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. 38കാരനായ ഛത്തീസ്ഗഢിലെ കോര്‍ബ ബാല്‍കോ നഗര്‍ സ്വദേശിയായ അമര്‍ സിങ് മാഞ്ചിയാണ് മകന്‍ പവനെ ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു ദാരുണമായ സംഭവം. രാത്രി അമര്‍ സിങ് മാഞ്ചി മദ്യലഹരിയിലാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ മകന്‍ അച്ഛനുമായി കളിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് മകന്‍ കൂടുതല്‍ കളിപ്പാട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. മകന്റെ ആവശ്യം പിതാവ് ആദ്യംതന്നെ നിരസിച്ചെങ്കിലും കുട്ടി നിരന്തരം ഇതേകാര്യം ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതിമാരകമായി മുറിവേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ബഹളംകേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴേക്കും പ്രതി സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സംഭവം കണ്ട് നടുങ്ങിയ പ്രതിയുടെ മറ്റൊരു മകനാണ് 112-ല്‍ വിളിച്ച് പൊലീസ് സഹായം തേടിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ പിതാവ് ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.