Click to learn more 👇

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ പേരില്‍ 63 ലക്ഷത്തിന്റെ നിക്ഷേപം


 


തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി പി എം നേതാവുമായ പി ആര്‍ അരവിന്ദാക്ഷനെ ഇ ഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും.

കേസില്‍ ഉന്നതബന്ധം വ്യക്തമായെന്നാണ് ഇ ഡി റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായ അരവിന്ദാക്ഷനെയും മുൻ ബാങ്ക് അക്കൗണ്ടന്റ് ജില്‍സിനെയും എറണാകുളം സബ് ജയിലിലേയ്ക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.

അരവിന്ദാക്ഷനെ കൂടാതെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ഇ ഡിയുടെ വാദം. വായ്പാ തട്ടിപ്പിനെ സംഘടിത കുറ്റകൃത്യമെന്നാണ് ഇ ഡി റിമാൻഡ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. അരവിന്ദാക്ഷനുമായി ബന്ധപ്പെട്ട മറ്റ് ബാങ്ക് അക്കൗണ്ടുകളും സാമ്ബത്തിക ഇടപാടുകളും കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ട്.

അരവിന്ദാക്ഷന് കരുവന്നൂരില്‍ 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുള്ളതായി ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടാതെ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയ്ക്ക് പെരിങ്ങണ്ടൂര്‍ ബാങ്കില്‍ 63 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. എന്നാല്‍ 1600 രൂപയുടെ കാര്‍ഷിക പെൻഷൻ മാത്രമാണ് അമ്മയുടെ വരുമാനം. കൂടാതെ ഈ അക്കൗണ്ടിന്റെ നോമിനി സതീഷ് ,കുമാറിന്റെ സഹോദരനാണെന്നും ഇ ഡി വ്യക്തമാക്കി.

സതീഷ് കുമാറും അരവിന്ദാക്ഷനും ഒരുമിച്ച്‌ വിദേശയാത്ര നടത്തിയതായും ഇ ഡി പറയുന്നു. ചാക്കോ എന്ന വ്യക്തിയോടൊപ്പവും അരവിന്ദാക്ഷൻ വിദേശയാത്ര നടത്തിയിട്ടുണ്ട്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളും   

ഇ ഡി പരിശോധിച്ച്‌ വരികയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ പല കാര്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് അരവിന്ദാക്ഷൻ പ്രതികരിക്കുന്നില്ല എന്നാണ് ഇ ഡിയുടെ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.