പാലക്കാട്: കൊടുമ്ബ് കരിങ്കരപ്പുള്ളിയില്‍ മൃതദേഹം കുഴിച്ചിട്ട സംഭവം പുതിയ വഴിത്തിരിവില്‍. വൈദ്യുതാഘാതമേറ്റാണ് യുവാക്കള്‍ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് എസ്പി പറഞ്ഞു.
വൈദ്യുതി കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരണപ്പെട്ടത്. രാവിലെ കൃഷിയിടത്തിലെത്തിയ ഉടമസ്ഥൻ അനന്തൻ കെണിയില്‍ കുടുങ്ങി കിടന്ന മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ രാത്രിയെത്തി കുഴിച്ചിടുകയായിരുന്നുവെന്നും എസ്പി ആനന്ദ് പറഞ്ഞു.
ഏറെ ശ്രമിച്ചെങ്കിലും ഉടമയ്‌ക്ക് ആഴത്തില്‍ കുഴിയെടുക്കാനായില്ല. മൃതദേഹങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ് യുവാക്കളുടെ വയറ്റില്‍ മുറിവുണ്ടാക്കിയത്. ചതുപ്പില്‍ ാവഴ്ന്നു കിടക്കാനാണ് ഇത്തരത്തില്‍ ചെയ്തത്. തെളിവ് നശിപ്പിക്കാനും, കേസില്‍ പ്രതിയാകുമെന്ന ഭയവുമാണ് പ്രതിയെ ഇത്തരത്തില്‍ ചെയ്യാൻ പ്രേരിപ്പിച്ചത്. തെളിവ് നശിപ്പിക്കാനായി ഇയാള്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പുറത്തെടുത്ത മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കും. പ്രതിക്കെതിരെ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്നും പാലക്കാട് എസ്പി അറിയിച്ചു. കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ രാവിലെ പുറത്തെടുത്തിരുന്നു. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
യുവാക്കളെ കുഴിച്ചിട്ടതു സംബന്ധിച്ച് സ്ഥലം ഉടമ കുറ്റം സമ്മതിച്ചിരുന്നു. കാട്ടുപന്നിക്ക് വെച്ച വൈദ്യുതക്കെണിയില്‍ കുടുങ്ങിയാണ് മരിച്ചതെന്ന് മനസ്സിലായി. തുടര്‍ന്ന് ഭയം കാരണമാണ് രണ്ടുപേരുടെയും മൃതദേഹം ഒരു കുഴിയില്‍ മറവു ചെയ്തതെന്നും അനന്തൻ പോലീസിനോട് പറഞ്ഞു. എന്നാല്‍ അനന്തനെ മറ്റാരോ സഹായിച്ചിട്ടുണ്ട് എന്ന സംശയത്തിലാണ് പോലീസ്.