Click to learn more 👇

വെടിയേറ്റ കാട്ടാന തിരിഞ്ഞുവന്നു; മയക്കുവെടി വിദഗ്ധനെ ചവിട്ടിക്കൊന്നു: ദാരുണദൃശ്യം പുറത്ത്; വീഡിയോ


 

ബംഗളൂരു: കര്‍ണാടക ഹള്ളിയൂരിന് സമീപം കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മയക്കുവെടി വിദഗ്ധൻ മരിച്ചു.

ആനയെ മയക്കുവെടിവെക്കാൻ എത്തിയ 'ആനെ വെങ്കിടേഷ്' എന്നറിയപ്പെടുന്ന എച്ച്‌ എച്ച്‌ വെങ്കിടേഷ് ആണ് മരിച്ചത്. പരിക്കേറ്റ് ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ അലഞ്ഞു നടന്ന 'ഭീമ' എന്ന കാട്ടാനയെ മയക്കുവെടി വെച്ചപ്പോള്‍ ആന തിരിഞ്ഞെത്തി വെങ്കിടഷിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വനത്തിനുള്ളില്‍ മറ്റൊരാനയുമായി ഏറ്റുമുട്ടി ഭീമയ്‌ക്ക് പരിക്കേറ്റിരുന്നു. ആനയെ അവിടെ നിന്നും മാറ്റുന്നതിന്റെ ഭാഗമായി മയക്കുവെടിവെക്കാനാണ് വെങ്കിടേഷ് അവിടെയെത്തിയത്. കാപ്പിതോട്ടത്തില്‍ വച്ച്‌ ഭീമയ്ക്കുനേരെ വെടിയുതിര്‍ത്തെങ്കിലും ആന തിരിഞ്ഞ് വെങ്കിടേഷിനു നേരെ വരികയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെങ്കിടേഷ് കുഴിയില്‍ വീഴുകയും ആനയുടെ ചവിട്ടേല്‍ക്കുകയുമായിരുന്നു.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വച്ച്‌ ആനയെ ഓടിച്ച ശേഷമാണ് വെങ്കിടേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെഞ്ചിലും തലയിലും ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മുൻ വനംവകുപ്പ് ഗാര്‍ഡ് ആയിരുന്ന വെങ്കിടേഷ് വിരമിച്ച ശേഷം എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അദ്ദേഹം 50ലധികം ആനകളെ കീഴടക്കി ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ വെങ്കിടേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനു പിന്നിലെന്ന് ആരോപിച്ച്‌ വെങ്കിടേഷിന്റെ മകൻ പൊലീസില്‍ പരാതി നല്‍കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.