ബംഗളൂരു: ഫ്ലാറ്റില്‍ തുപ്പിയെന്നാരോപിച്ച് മലയാളിയായ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്ന 34 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ സ്വദേശിയായ ജാവേദ് (29) ആണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ നിന്നുള്ള 34 കാരിയായ രേണുകയാണ് കൂടെ കഴിഞ്ഞിരുന്ന യുവാവിനെ കൊലപ്പെടുത്തിയത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നര വര്‍ഷമായി മലയാളിയായ ജാവേദുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു രേണുക.
ലോഡ്ജുകള്‍, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകള്‍, വാടക വീടുകള്‍ എന്നിങ്ങനെ പല ഇടങ്ങളില്‍ ഇവര്‍ മാറിമാറി താമസിച്ചിരുന്നു. ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം പതിവായിരുന്നു. ചൊവ്വാഴ്ച, വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ രേണുക ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ശേഷം ഇവിടെ നിന്നും മുങ്ങാനും പദ്ധതി ഇട്ടു. എന്നാല്‍, ജാവേദിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ രേണുകയുടെ പദ്ധതി പൊളിച്ചു. ജാവേദിനെ ഇവര്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും രേണുകയെ മുറിയില്‍ പൂട്ടിയിടുകയും ചെയ്യുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കിടന്ന ജാവേദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളേജ് പഠനം ഉപേക്ഷിച്ച യുവതി വിവാഹിതയാണ്. ആറുവയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അവിവാഹിതരായ പുരുഷന്മാരോടൊപ്പം പബ്ബുകളില്‍ പോയി അവര്‍ക്ക് കമ്ബനി നല്‍കിയായിരുന്നു രേണുക തനിക്ക് ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. അവള്‍ ആഡംബര ജീവിതം ആഗ്രഹിച്ചിരുന്നതായി പോലീസ് പറയുന്നു. മഡിവാളയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന കടയില്‍ ജോലി ചെയ്യുന്ന ജാവേദിനെ മൂന്ന് വര്‍ഷം മുൻപാണ് രേണുക പരിചയപ്പെടുന്നത്. മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് താമസിച്ച ഇവര്‍ അടുത്തിടെയാണ് അക്ഷയ നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറിയത്. ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.