കുടിവെള്ളമെന്ന് കരുതി ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ച വയോധികന്‍ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്.
അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മദ്യപിച്ച സ്ഥലത്ത് കുപ്പിവെള്ളം മാറിപ്പോയാണ് അപകടമുണ്ടായത് എന്നാണ് സൂചന.
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഹനന്‍ ശനിയാഴ്ചയാണ് മരണപ്പെടുന്നത്. വെള്ളക്കുപ്പികള്‍ അബദ്ധത്തില്‍ മാറിപ്പോയതെന്നാണ് പോലീസ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.