മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരെ പീഡന പരാതിയുമായി എത്തിയ സൗദി യുവതി തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുന്നു.
അഭിമുഖത്തിനെന്നു പറഞ്ഞ് കൊച്ചിയിലേക്കു വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് യുവതി പറയുന്നു. ബെഡിലേക്ക് വലിച്ചിട്ടെന്നും കുതറിമാറാൻ ശ്രമിച്ചപ്പോള്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ യുവതി വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണു വിവരം. യുവതിയുടെ പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതി പറയുന്നത്
''അഭിമുഖത്തിനാണെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വാകാര്യ ഹോട്ടലിലേക്കാണ് ഷാക്കിര്‍ ഞങ്ങളെ വിളിച്ചുവരുത്തുകായിരുന്നു. കോഴിക്കോട് സ്വദേശിയായ എന്റെ പ്രതിശ്രുത വരനൊപ്പമാണ് ഞാൻ എത്തിയത്. അവൻ പുറത്തുപോയ സമയത്ത് ഷാക്കിര്‍ അടുത്തുവന്ന് എന്നോട് സംസാരിച്ചു. പിന്നീട് എന്റെ കൈക്ക് പിടിച്ചു ബെഡിലേക്ക് തള്ളിയിട്ടു. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചു. ഞാൻ അവനെ ശക്തിയായി തള്ളി. എന്റെ സമ്മതമില്ലാതെ എന്തിന് എന്റെ ശരീരത്തില്‍ തൊട്ടു എന്ന് ഞാനവനോട് ദേഷ്യത്തോടെ ചോദിച്ചു. അതിനുള്ള അവന്റെ മറുപടിയാണ് എന്നെ ഞെട്ടിച്ചത്. ഞാനൊരു പുരുഷനാണ്. എനിക്ക് വികാരങ്ങളുണ്ട്. നിന്നോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. ഞാൻ വേഗത്തില്‍ റൂമില്‍ നിന്ന് പുറത്തിറങ്ങി എന്റെ ഹോട്ടലിലേക്ക് പോയി. എന്താണ് സംഭവിച്ചതെന്ന് എന്റെ പ്രതിശ്രുത വരൻ എന്നോട് ചോദിച്ചു. ഞാൻ എല്ലാ കാര്യങ്ങളും അവനോട് തുറന്നുപറഞ്ഞു. സൗദി എംബസിയിലും കേരള പൊലീസിലും കാര്യങ്ങള്‍ വിശദീകരിച്ചു. എനിക്ക് നീതി കിട്ടണം .''
അതേസമയം, ലൈംഗിക അതിക്രമ കേസില്‍ വിശദീകരണവുമായി മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാന്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും തെളിവുകള്‍ നിരത്തി നേരിടുമെന്നും ഷാക്കിര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.'എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണ്. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു'. എന്നാണ് മല്ലു ട്രാവലര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.