കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ സംശയത്തില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരം.
മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളില്‍ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയില്‍ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീല്‍ഡ് സര്‍വ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.
പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആളും, ഇയാള്‍ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാല്‍, നിപ ആണെന്ന സംശയങ്ങള്‍ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എന്നാല്‍, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആള്‍ക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോഗിയും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് സംശയങ്ങള്‍ തോന്നിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ബലപ്പെട്ടത്.
എന്നാല്‍, അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തില്‍ നിന്ന് സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നത്. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭര്‍ത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ കുട്ടിയുടെ സ്രവ സാമ്ബിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.