Click to learn more 👇

പാലത്തില്‍നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണയാളെ, അതിസാഹസികമായി രക്ഷപ്പെടുത്തിയ വീഡിയോ കാണാം


 

ഛണ്ഡിഗഢ്: പാലത്തില്‍നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കുത്തിയൊഴുകുന്ന പുഴയിലേക്ക് പതിച്ച തീര്‍ഥാടകനെ അതിസാഹസികമായി രക്ഷപ്പെടുത്തി.

കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകനായ യുവാവാണ് അപകടത്തില്‍പ്പെട്ടത്. യുവാവിനെ രക്ഷപ്പെടുത്തുന്നതിൻെറ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തില്‍നിന്നും സുഹൃത്തുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് യുവാവിനെ അതിനാടകീയമായ രക്ഷാദൗത്യത്തിനൊടുവില്‍ കരയിലെത്തിച്ചത്.

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള ട്രക്കിങ് പാതയില്‍ റംബദയില്‍ വെച്ചാണ് അപകടമുണ്ടായത്. മന്ദാകിനി നദിക്ക് കുറുകെയുള്ള പാലത്തില്‍നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ബാലൻസ് തെറ്റി തീര്‍ഥാടകനായ യുവാവ് താഴേക്ക് പതിക്കുകയായിരുന്നു.

ശക്തമായ നീരൊഴുക്കുണ്ടായിരുന്നിട്ടും യുവാവ് പാറക്കെട്ടുകള്‍ക്കിടയില്‍ അള്ളിപിടിച്ചുകിടന്നു. വെള്ളം കുത്തിയൊലിച്ച്‌ വരുമ്ബോള്‍ യുവാവ് അല്‍പം നീങ്ങിപോകുന്നതും പിടിവിടാതെകിടക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിനിടയില്‍ കരയില്‍നിന്നിരുന്നവരില്‍ ഒരാള്‍ അതിസാഹസികമായി കയറുമായി യുവാവിന്റെ സമീപത്തെ പാറക്കെട്ടിലേക്ക് ചാടി. തുടര്‍ന്ന് മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കയറില്‍ ബന്ധിച്ചശേഷം ഒഴുക്കില്‍നിന്നും രക്ഷപ്പെടുത്തി. സംസ്ഥാന ദുരന്ത പ്രതികരണ വിഭാഗമെത്തി പ്രദേശവാസികളു‌ടെ സഹായത്തോടെ പിന്നീട് യുവാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.