റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി തടാകത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അമ്മ സി.എം.ഷെര്‍ളി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു പരാതി നല്‍കി.
റഷ്യയില്‍ സ്‌മോളൻസ്‌ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനത്തില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന മുഴപ്പിലങ്ങാട് ദക്ഷിണ വീട്ടില്‍ പ്രത്യുഷ (24) തടാകത്തില്‍ വീണ് മരിച്ചെന്ന വിവരം ജൂണ്‍ 24ന് ആണു ലഭിക്കുന്നത്.
തടാകം കാണാൻ പോയപ്പോള്‍ അബദ്ധത്തില്‍ വീണെന്നാണു സഹപാഠികള്‍ നല്‍കിയ വിശദീകരണം. തടാകത്തില്‍ വീണ 5 പേരില്‍ 2 പേരെ രക്ഷപ്പെടുത്തിയെന്നും പ്രത്യുഷയടക്കം 3 പേര്‍ മുങ്ങി മരിച്ചെന്നും അവര്‍ അറിയിച്ചതായി ഷെര്‍ളി പറയുന്നു. കൊല്ലം സ്വദേശികളാണു മരിച്ച മറ്റു രണ്ടു പേര്‍.
തടാകം കാണാൻ പോകാതിരുന്ന പ്രത്യുഷയെ നിര്‍ബന്ധിച്ചാണു കൊണ്ടുപോയതെന്നും വരുന്നില്ല എന്നു പ്രത്യുഷ പറഞ്ഞതു കേട്ടതായും സഹപാഠി തന്നോടു പറഞ്ഞതായി ഷെര്‍ളിയുടെ പരാതിയില്‍ പറയുന്നു. 'വെള്ളത്തില്‍ ഇറങ്ങാതെ നിന്ന പ്രത്യുഷയെ ബലം പ്രയോഗിച്ച് ഇറക്കുകയായിരുന്നു. അതു തടാകമായിരുന്നില്ല. വിജനമായ സ്ഥലത്ത്, മണലെടുത്തതിനാല്‍ രൂപപ്പെട്ട കുഴിയായിരുന്നു.
സഹപാഠികളില്‍ ചിലരുടെ അമിത മദ്യപാനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രത്യുഷ കോളജ് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന്, സര്‍വകലാശാലയിലെ രാജസ്ഥാൻ സ്വദേശിയായ ഉദ്യോഗസ്ഥൻ ഉള്‍പ്പടെയുള്ളവര്‍ പ്രത്യുഷയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സ്ഥാപനത്തിലെ 6 വിദ്യാര്‍ഥികള്‍ നേരത്തെ ഇതുപോലുള്ള അപകടങ്ങളില്‍ പെട്ടു മരിച്ചിട്ടുണ്ട്'- ഷെര്‍ളിയുടെ പരാതിയില്‍ പറയുന്നു.