Click to learn more 👇

“11,000 ഡോളറിന്റെ ചെക്ക് എഴുതിക്കോ… അവൾ മരിച്ചു” യു എസ് പൊലീസിന്റെ വാഹനമിടിച്ച്‌ ഇന്ത്യൻ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; പൊട്ടിച്ചിരിച്ച്‌ ഉദ്യോഗസ്ഥൻ, വീഡിയോ പുറത്ത്




 ഇന്ത്യൻ വിദ്യാര്‍ത്ഥിയുടെ മരണത്തെ പരിഹസിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി യു.എസ്.

ഈ വര്‍ഷം ജനുവരിയിലായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാനവി കന്ദുല (23) സൗത്ത് ലേക് യൂനിയനില്‍ വച്ച്‌ കാറിടിച്ച്‌ മരിച്ചത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ജാനവി.

യുവതിയെ ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്ന പൊലീസ് ഓഫീസര്‍ ഡാനിയേല്‍ ഓഡറര്‍ ഈ കേസിന്റെ അന്വേഷണത്തെക്കുറിച്ച്‌ പരിഹസിച്ച്‌ മറ്റാെരു ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ജാനവിയുടെ മരണത്തെ പരിഹസിക്കുന്നവെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിയാറ്റില്‍ പൊലീസ് ഓഫിസേഴ്സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ഡാനിയേല്‍ പ്രസിഡന്റ് കെവിൻ ഡേവിനോട് സംസാരിക്കുന്ന സംഭാഷണങ്ങളാണ് പുറത്തുവന്നത്.

താൻ ഒരാളെ ഇടിച്ചെന്നും അവര്‍ മരിച്ചെന്നും ഡാനിയേല്‍ പറയുന്നുണ്ട്. സാധാരണ സംഭവമാണെന്നും 11,000ഡോളറിന് ചെക്ക് എഴുതണമെന്നും പറഞ്ഞ് ഇയാള്‍ ചിരിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്നാണ് പൊലീസ് അക്കൗണ്ടബിലിറ്റി ഓഫീസര്‍ അന്വേഷണം ആരംഭിച്ചത്. 

ജാനവി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡാനിയേല്‍ അമിത വേഗത്തിലാണ് വാഹനമോടിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.