നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ദമ്ബതികളുടെ കൊടും ക്രൂരത. വീട്ടുജോലിക്കെത്തിച്ച 10 വയസുകാരിയെ അഞ്ച് ദിവസത്തോളം കുളിമുറിയില്‍ പൂട്ടിയിട്ടു.
പട്ടിണികിടന്ന് ദയനീയവസ്ഥയിലായ കുട്ടിയെ രക്ഷപ്പെടുത്തിയത് അഞ്ചാം നാള്‍. കുട്ടിയെ കുളിമുറിയിലാക്കി വീട് വിട്ട യുവാവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്. നാഗ്പൂരിലെ ബേസ-പിപ്ല റോഡിലെ അഥര്‍വ നഗരിയിലുള്ള ഒരു ഫ്ലാറ്റിലാണ് കൊടും ക്രൂരത അരങ്ങേറിയത്.
ബേസ-പിപ്ല റോഡിലെ അഥര്‍വ നഗരിയിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന താഹ അര്‍മാൻ ഇസ്തിയാഖ് ഖാൻ എന്നയാളും ഭാര്യയുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. ഇവര്‍ മറ്റൊരിടത്തേക്ക് പോയ സമയത്ത് കുട്ടിയെ കുളിമുറിയില്‍ പൂട്ടിയിടുകയായിരുന്നു. കുട്ടിക്ക് കഴിക്കാനായി കുറച്ച് ബ്രഡ് പായ്ക്കറ്റുകള്‍ കുളിമുറിയിലേക്ക് ഇട്ട ശേഷം ഇവര്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. കുട്ടി കരഞ്ഞ് പറഞ്ഞിട്ടും ദമ്ബതിമാര്‍ വാതില്‍ തുറന്നില്ലെന്ന് നാഗ്പൂര്‍ ഡിസിപി വിജയകാന്ത് സാഗര്‍ പറഞ്ഞു.
വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കണക്ഷൻ വിച്ഛേദിക്കാനായി ഫ്‌ളാറ്റിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ആണ് കുട്ടിയെ ആദ്യം കാണുന്നത്. ദീനതയോടെ ജനലിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടിയെ കണ്ട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അയല്‍വാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് പൂട്ട് തകര്‍ത്ത് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റ മുറിവുകളുണ്ട്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. ആരോഗ്യ നില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വീട്ടുടമസ്ഥനായ താഹ അര്‍മാൻ ഇസ്തിയാഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.