ഇസ്രയേല്‍ വധിച്ച ഹമാസ് തലവൻ യഹിയ സിൻവാറിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു. ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സാണ് (ഐഡിഎഫ്) യഹിയയുടെ അവസാന നിമിഷം എന്നവകാശപ്പെടുന്ന ഡ്രോണ്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
തകർന്ന ഒരു അപാർട്ട്മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ യഹിയ ഇരിക്കുന്നതും കണ്ണ് മാത്രം കാണുന്ന രീതിയില്‍ മുഖവും തലയും തുണികൊണ്ട് മറച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കെട്ടിടത്തിന്റെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകർന്നിട്ടുണ്ട്. ഡ്രോണ്‍ അടുത്തേക്ക് വരുമ്ബോള്‍ കൈയിലിരുന്ന വടി അതിനുനേരെ എറിയുന്നതും വീഡിയോയിലുണ്ട്.
ഗാസയില്‍ ഏറ്റുമുട്ടലില്‍ മൂന്നു പേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവൻ യഹിയ സിൻവാർ ആണെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കിയത്. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് സ്ഥിരീകരിച്ചത്.
ഡിഫൻസ് ഫോഴ്സിന്റെ ഒരു യൂണിറ്റ് റാഫയിലെ താല്‍ അല്‍ സുല്‍ത്താനില്‍ ബുധനാഴ്ച്ച പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച യഹിയ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേല്‍ സൈന്യം പുറത്തുവിടുന്ന വിവരം. എന്നാല്‍ യഹിയയുടെ മരണത്തില്‍ ഹമാസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
2023 ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ യഹിയ സിൻവാർ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് ഹമാസ് പിൻഗാമിയായി യഹിയയെ അവരോധിച്ചത്. 2024 ഓഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയർമാനും ഗാസ മുനമ്ബിന്റെ നേതാവുമായി പലസ്തീൻ ജനതയ്ക്കിടയില്‍ വിശ്വാസ്യത നേടിയ യഹിയയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകള്‍ പലസ്തീൻ പ്രതിരോധസേനയ്ക്ക് ഏറെ ആശങ്കകള്‍ നല്‍കുന്നുണ്ട്.
ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹിയ പ്രവർത്തിക്കുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വർഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്. 2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്ബിലായിരുന്നു യഹിയയുടെ ജനനം