തിരുവനന്തപുരം പാറശ്ശാലയില്‍ രണ്ട് വ്യത്യസ്ത സംഘര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം.
പാറശ്ശാല ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികള്‍ തല്ലി ഒടിച്ചത്. അതേസമയം കാരോട്ട് ബൈപാസ്സിന്റെ പാലത്തിന് താഴെ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാരോട് സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്പെഷ്യല്‍ ബ്രാഞ്ച് സംഭവം അന്വേഷിച്ചു. എന്നാല്‍, ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തില്ല. അതേസമയം പാറശ്ശാല ഹയര്‍സെക്കന്‍ററി സ്കൂളിലുണ്ടായ സംഘര്‍ഷത്തിലാണ് പതിനാല് വയസ്സുകാരനായ കൃഷ്ണകുമാറിന് പരിക്കേറ്റത്.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ പ്രശ്നം പരിഹരിക്കാൻ പോയ മകന്റെ കൈ വിദ്യാര്‍ത്ഥികള്‍ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.
പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് കൃഷ്ണകുമാറിന്റെ മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വിശദമായ വിവരങ്ങള്‍ അറിയാനായി സംഘര്‍ഷത്തിലുള്‍പ്പെട്ട കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.