Click to learn more 👇

ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍: സിനിമാ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോൻസ് പുത്രൻ; ഈ രോഗം എന്താണെന്ന് മനസിലായോ?


 


തിയേറ്റര്‍ സിനിമകളുടെ ലോകത്ത് നിന്ന് താൻ മടങ്ങുകയാണെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍.

വലിയ തോതില്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത് അല്‍ഫോണ്‍സ് പുത്രൻ പിൻവലിച്ചിട്ടുണ്ട്. എങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ 'പ്രേമം' സിനിമയുടെ സംവിധായകനെന്ന പേരില്‍ രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അല്‍ഫോണ്‍സ്. സംവിധാനരംഗത്ത് മാത്രമല്ല എഴുത്തുകാരനെന്ന നിലയിലും എഡിറ്റര്‍- അഭിനേതാവ് എന്ന നിലകളിലും അല്‍ഫോണ്‍സ് തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ വ്യത്യസ്തമായ ശൈലിയിലുള്ള സംസാരവും, പെരുമാറ്റവും എപ്പോഴും അല്‍ഫോണ്‍സിനെ മറ്റുള്ളവരില്‍ നിന്ന് മാറ്റിനിര്‍ത്താറുണ്ട്. തന്‍റെ ചിന്തകള്‍ വളരെ തുറന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പങ്കുവയ്ക്കാറുള്ളൊരാള്‍ കൂടിയാണ് അല്‍ഫോണ്‍സ്.

'നേരം', 'പ്രേമം' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു ഹിറ്റ് മലയാളത്തിന് സമ്മാനിക്കാൻ അല്‍ഫോണ്‍സിന് സാധിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ഗോള്‍ഡ്' അത്ര വിജയം കണ്ടില്ല. ഏറെ വിമര്‍ശനങ്ങളും ചിത്രം നേരിട്ടിരുന്നു. ശേഷം ഒരു തമിഴ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ഇദ്ദേഹമെന്നാണ് അറിവ്.

ഇതിനിടെയാണിപ്പോള്‍ തിയേറ്റര്‍ സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയിയലൂടെ അറിയിച്ചിരിക്കുന്നത്. 'ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍' എന്ന രോഗമാണ് തനിക്ക്, ആര്‍ക്കുംഭാരമാകാൻ ഉദ്ദേശിക്കുന്നില്ല എന്നെല്ലാമായിരുന്നു പോസ്റ്റിലുണ്ടായിരുന്ന വിവരങ്ങള്‍.

പാലിക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കാൻ ഞാനാഗ്രഹിക്കുന്നില്ലെന്നം അല്‍ഫോണ്‍സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നം തന്നെയാണ് അലട്ടുന്നതെന്ന് വ്യക്തമാക്കിയായിരുന്നു അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്. എന്നാല്‍ രോഗം താൻ തനിയെ കണ്ടെത്തി എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതും വലിയ വിവാദം

ഇത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരടക്കം നിരവധി പേര്‍ ഏറ്റെടുത്തതോടെയാണ് പോസ്റ്റ് നീക്കം ചെയ്തിരിക്കുന്നത്. എങ്കിലും അളല്‍ഫോണ്‍സ് സൂചിപ്പിച്ച 'ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍' എന്ന രോഗത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പലരും. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്, എന്താണീ രോഗം, ഇത്രയും തളര്‍ന്നുപോകാൻ മാത്രം തീവ്രമാണോ ഇത് എന്നെല്ലാം ആളുകള്‍ അന്വേഷിക്കുകയാണ്.

'ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍' എന്നത് നമ്മള്‍ കേട്ടുപരിചയിച്ചിട്ടുള്ള 'ഓട്ടിസം' തന്നെയാണ്. നമുക്കറിയാം ഇതൊരു ജനിതക രോഗമാണ്. പല രീതിയിലും പല തീവ്രതയിലും 'ഓട്ടിസം' ബാധിക്കാം. ഓട്ടിസ്റ്റിക് ആയ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുമായി താരതമ്യപ്പെടുത്താൻ പോലുമാകില്ല. ചില കേസുകളില്‍ സാമ്യതയുണ്ടാകാം. എങ്കില്‍ പോലും 'നോര്‍മല്‍' ആയ വ്യക്തികള്‍ എത്രമാത്രം വ്യത്യസ്തരാണോ അതുപോലെ തന്നെ ഇവരിലും വൈവിധ്യങ്ങളേറെ കാണാം.

ഓട്ടിസ്റ്റിക് ആയവര്‍ തന്നെ ചിലര്‍ക്ക് സംസാരിക്കാനായിരിക്കും പ്രയാസം, മറ്റ് ചിലര്‍ക്ക് സംസാരിക്കാൻ പ്രയാസം കാണില്ല- എന്നാല്‍ ചലനങ്ങളിലായിരിക്കും ഇവരുടെ വ്യത്യസ്തത. അടിസ്ഥാനപരമായി തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിലാണ് 'ഓട്ടിസം' വ്യത്യാസം കൊണ്ടുവരുന്നത്.

മറ്റുള്ളവരുമായി സംസാരിക്കുന്നതിനും, ഇടപഴകുന്നതിനും, ആശയങ്ങള്‍ സ്വീകരിക്കുന്നതിനും, ആശയങ്ങള്‍ കൈമാറുന്നതിനുമെല്ലാം ഓട്ടിസ്റ്റിക് ആയ ആളുകള്‍ക്ക് അവരുടേതായ രീതികളായിരിക്കും.

പ്രധാനമായും ജനിതകരോഗമായതിനാല്‍ തന്നെ ഇതിനെ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കില്ല. ഓട്ടിസ്റ്റിക് ആയ ഓരോ വ്യക്തിക്കും എന്താണോ അതിജീവിക്കാൻ ആവശ്യമായിട്ടുള്ള കാര്യങ്ങളെങ്കില്‍ അത് ലഭ്യമാക്കുക മാത്രമേ പ്രായോഗികമായി ചെയ്യാനുള്ളൂ. വിവിധ തെറാപ്പികളടക്കമുള്ള ചികിത്സീരീതികളും ഈ ആവശ്യങ്ങളിലുള്‍പ്പെടാം.

ഓട്ടിസ്റ്റിക് ആയൊരു വ്യക്തിക്ക് ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യുന്നതിനോ ആസ്വദിക്കുന്നതിനോ യാതൊരു തടസവുമില്ല. ഓട്ടിസ്റ്റിക് ആയ ആര്‍ട്ടിസ്റ്റുകള്‍ നിരവധിയുണ്ട്.

എന്തായാലും അല്‍ഫോണ്‍സ് പുത്രന്‍ 'ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍' എന്ന് പറഞ്ഞതോടെ പലരും ആശയക്കുഴപ്പത്തിലായി എന്നത് വ്യക്തമാണ്. ഇത് ഓട്ടിസം തന്നെയാണെന്ന് മനസിലാക്കാൻ പലര്‍ക്കും സാധിച്ചിട്ടില്ലെന്നതിനാലാണ് എന്താണ് 'ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍' എന്ന അന്വേഷണം വ്യാപകമാകുന്നത്. അല്‍ഫോണ്‍സിന്‍റെ കാര്യത്തിലെ നിജസ്ഥിതി എന്താണെന്ന് നമുക്ക് പറയുക സാധ്യമല്ല. എങ്കിലും അദ്ദേഹം പങ്കുവച്ച വിവരങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടി. കാര്യം എന്തുതന്നെ ആയാലും പ്രിയപ്പെട്ട സംവിധായകന് ആരോഗ്യസൗഖ്യം നേര്‍ന്നുകൊണ്ടും അദ്ദേഹം സിനിമയില്‍ പൂര്‍വാധികം ശക്തനായി തന്‍റെ സാന്നിധ്യം അറിയിക്കട്ടെയെന്നും ആശംസിച്ചും ധാരാളം പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.