ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ച നവജാത ശിശു, സംസ്കരിക്കുന്നതിന് സെക്കന്‍ഡുകള്‍ മുന്‍പ് കരഞ്ഞു.
അസമിലെ സില്‍ചറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
ആറാം മാസത്തിലാണ് വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഭര്‍ത്താവ് രത്തന്‍ ദാസ് പറഞ്ഞു. യുവതിയുടെ നില ഗുരുതരമാണെന്നും അമ്മയെയോ കുഞ്ഞിനെയോ മാത്രമേ രക്ഷിക്കാൻ കഴിയൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
"ആറു മാസം ഗര്‍ഭിണിയായ ഭാര്യയെ ചൊവ്വാഴ്ച വൈകുന്നേരമാണ് ഞാന്‍ സില്‍ച്ചാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചില സങ്കീര്‍ണതകളുണ്ടെന്നും അമ്മയെയോ കുഞ്ഞിനെയോ മാത്രമേ രക്ഷിക്കാന്‍ കഴിയൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രസവത്തിന് ഞങ്ങള്‍ അനുമതി നല്‍കി. എന്റെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കി. അത് ചാപിള്ളയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു"- രത്തന്‍ ദാസ് വിശദീകരിച്ചു.
കുഞ്ഞിന്‍റെ 'മൃതദേഹം' പാക്കറ്റിലാക്കി നല്‍കി. കുഞ്ഞിനെയുമെടുത്ത് ശ്മശാനത്തിലേക്ക് പോയി- "സില്‍ചാര്‍ ശ്മശാനത്തില്‍ എത്തിയ ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി ഞങ്ങള്‍ പാക്കറ്റ് തുറന്നപ്പോള്‍, എന്റെ കുഞ്ഞ് കരഞ്ഞു, ഞങ്ങള്‍ അവനെയും എടുത്ത് ആശുപത്രിയിലേക്ക് ഓടി. ഇപ്പോള്‍ അവന്‍ ചികിത്സയിലാണ്" - ദാസ് പറഞ്ഞു.
സംഭവത്തിന് തൊട്ടുപിന്നാലെ സില്‍ച്ചാറിലെ മാലിനിബില്‍ പ്രദേശത്തെ ഒരു സംഘം ആളുകള്‍ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി. ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ചു. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കുടുംബം പരാതി നല്‍കി.