ഗാസ: ബുധനാഴ്ച രാവിലെ ഗാസ മുനമ്ബില്‍ ഇസ്രയേല്‍ വര്‍ഷിച്ച ബോംബുകളിലൊന്ന് ലക്ഷ്യംവെച്ചത് ഖാൻ യുനിസ് നഗരത്തിലെ ഒരു വീടാണ്.
ഇസ്രയേല്‍ തലയ്ക്ക് വിലയിട്ട, ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുവീണ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട്. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന അയാളുടെ പിതാവും സഹോദരനും കുട്ടികളുമുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. അയാളെ കുറിച്ച് മാത്രം യാതൊരു വിവരവും ഇസ്രയേല്‍ സേനയ്ക്ക് ലഭിച്ചില്ല.
തങ്ങളുടെ '9/11' എന്ന് ഇസ്രയേല്‍ വിശേഷിപ്പിച്ച, ആയിരത്തിലധികം മരണങ്ങളില്‍ കലാശിച്ച ഗാസയുടെ റോക്കറ്റാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മുഹമ്മദ് ദെയ്ഫാണെന്നാണ് പുറത്തുവന്ന വിവരം. ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിൻവറിന്റെയും ദെയ്ഫിന്റെയും സംയുക്ത ആസൂത്രണമായിരുന്നു ഇസ്രയേലിനെ വിറപ്പിച്ച അല്‍ അഖ്സയ്ക്ക് പിന്നില്‍. ഇവരുള്‍പ്പടെ വിരലിലെണ്ണാവുന്ന ഹമാസ് അംഗങ്ങള്‍ക്ക് മാത്രമേ ഹമാസ് ഇത്തരത്തില്‍ ഭീതിദമായ ഒരു ആക്രമണത്തിനൊരുങ്ങുകയാണെന്ന് അറിയുമായിരുന്നുള്ളൂ.
ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രയേലിനെതിരെ മുന്നറിയിപ്പുമായി ദെയ്ഫിന്റെ വീഡിയോ സന്ദേശം പുറത്തുവരികയും ചെയ്തു. മസ്ജിദുല്‍ അഖ്സയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കും എല്ലാ നിയന്ത്രണങ്ങളും ഭേദിച്ചുകൊണ്ടുള്ള അധിനിവേശത്തിലും 'അല്‍ അഖ്സ ഫ്ളഡി'ലൂടെ മറുപടി പറയുമെന്നാണ് ദെയ്ഫ് ഇസ്രയേലിനു നല്‍കിയ മുന്നറിയിപ്പ്.
ഹമാസ് സൈനികമേധാവിയായ മുഹമ്മദ് ദെയ്ഫിനെ വകവരുത്താൻ മൊസാദ് പലതവണ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഓരോ തവണയും വഴുതിമാറിയ ഇയാളെ കണ്ടെത്താനുള്ള ഇസ്രയേലിന്റെ ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്.
1980-കളുടെ അവസാനത്തോടെയാണ് മുഹമ്മദ് ദെയ്ഫി ഹമാസില്‍ ചേരുന്നത്. പിന്നീട് ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡിന്റെ മേധാവിയായി. ദുര്‍ബലമായിരുന്ന അല്‍ ഖസം ശക്തിപ്പെടുത്തിയതും ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടികള്‍ക്ക് അല്‍ ഖസത്തെ പാകപ്പെടുത്തിയതും ദെയ്ഫിന്റെ നേതൃത്വത്തിലാണ്.
1989-ല്‍ ഇസ്രയേലിന്റെ പിടിയിലായ ദെയ്ഫ് 16 മാസത്തോളം തടവില്‍ കഴിഞ്ഞിരുന്നു. പിന്നീട് 2014-ല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇയാളുടെ ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അപ്രത്യക്ഷനായ ദെയ്ഫിനെ കണ്ടെത്താൻ പലതവണ ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.