Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


20/10/23-വെള്ളി-തുലാം-3

◾ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് വിദേശകാര്യ മന്ത്രാലയം. എന്നാല്‍ പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചെന്നും മോദി വ്യക്തമാക്കി.

◾സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ല കിരീടത്തിനരകില്‍. കുന്നംകുളത്തു നടക്കുന്ന മേളയ്ക്ക് ഇന്നു കൊടിയിറങ്ങും. 18 സ്വര്‍ണം അടക്കം 179 പോയിന്റുമായാണ് പാലക്കാട് ജില്ലയുടെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 11 സ്വര്‍ണവുമായി 131 പോയിന്റാണുള്ളത്.


◾വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കാനുള്ള തടസം നീങ്ങി. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15 ലെ ചൈനീസ് ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം വെളിപെടുത്തിയത്. കപ്പലിന് ആഘോഷപൂര്‍വം സ്വീകരണം നല്‍കിയിട്ടും ചൈനക്കാരായ വിദഗ്ധ ജീവനക്കാര്‍ക്കു തുറമുഖത്ത് ഇറങ്ങാന്‍ അനുമതി ലഭിക്കാതിരുന്നതിനാല്‍ ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.


◾കിടത്തി ചികിത്സ ഇല്ലാത്തതിന്റെ പേരില്‍ പോളിസി ഉടമക്ക് ഉന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍, ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്നു നിര്‍ബന്ധമാക്കാനാവില്ല. യൂണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അമ്മയുടെ കണ്ണു ശസ്ത്രക്രിയക്ക് ക്ലെയിം നിഷേധിച്ചതിനു നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാന്‍ കോടതി ഉത്തരവിട്ടു.


◾കാലവര്‍ഷം പൂര്‍ണമായും പിന്മാറിയെന്നും 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ദക്ഷിണേന്ത്യയില്‍ ആരംഭിക്കുമെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ്.


◾അമേഠിയില്‍ തന്നോടു വീണ്ടും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്കു ധൈര്യമുണ്ടോയെന്നു വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കേന്ദ്രത്തില്‍ സഖ്യത്തിലുള്ള കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും സ്മൃതി ഇറാനി കൊച്ചിയില്‍ പറഞ്ഞു.  


◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ടു പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെളിവായി ശബ്ദരേഖ ഉണ്ടെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി. രേഖകള്‍ സീല്‍ ചെയ്ത കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.


◾ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ നാലാം പ്രതി ബാസിതിന്റെ ജാമ്യ അപേക്ഷ കോടതി തളളി. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേട്ടു കോടതിയാണ് ജാമ്യം നിരസിച്ചത്. എഐഎസ്എഫ് നേതാവായിരുന്ന ബാസിത് ആണ് ഹരിദാസനെ മറ്റ് പ്രതികള്‍ക്ക് പരിചയപ്പെടുത്തിയതെന്നു  പ്രോസിക്യൂട്ടര്‍ വാദിച്ചു. അഖില്‍ മാത്യുവിനു പണം കൈമാറിയതായി കള്ളക്കഥ ചമച്ചതും ഹരിദാസനെ കൊണ്ട് പിഎ ക്കെതിരെ പരാതി നല്‍കിച്ചതും ബാസിത് ആണെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.


◾മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്നു നൂറാം പിറന്നാള്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ വിശേഷിപ്പിച്ചത്.


◾ഇടുക്കി ആനവിരട്ടി വില്ലേജില്‍ 224.21 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി വിധിക്കെതിരെ ഉടമകളായ വര്‍ക്കി മാത്യുവും സംഘവും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഭൂമിയെന്ന് സുപ്രീം കോടതിയും വിധിച്ചതോടെയാണു നടപടി.


◾മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്കു യഥാസമയം പിഴ അടയ്ക്കാതെ കേസുകള്‍ കോടതികളിലേക്കു പോയവര്‍ക്കു കേസുകള്‍ പിന്‍വലിച്ച് പിഴ അടയ്ക്കാന്‍ അവസരം. നിയമലംഘനം കണ്ടെത്തി കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ അപേക്ഷിച്ചാല്‍ ഓണ്‍ലൈനായി പിഴയടയ്ക്കാന്‍ അവസരമൊരുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.


◾മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഹൈക്കോടതി നല്‍കിയ മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.


◾കേരളപ്പിറവിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവന്തപുരത്തു സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടി പൊതുഖജനാവ് കൊള്ളയടിക്കാനുള്ള പരിപാടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുപോലും പണമില്ലാത്തപ്പോള്‍ 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം നടത്തേണ്ടതുണ്ടോയെന്നു ചെന്നിത്തല ചോദിച്ചു.


◾വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ സിപിഐ തീരുമാനമായിരുന്നെന്ന് സിപിഐ മുതിര്‍ന്ന നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മയില്‍. എന്നാല്‍ വിഎസ് അതു സ്വന്തം പദ്ധതിയാക്കി മാറ്റുകയായിരുന്നെന്നും ഇസ്മയില്‍ പറഞ്ഞു. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതാണമെന്നും ഇസ്മയില്‍ അഭിപ്രായപ്പെട്ടു.


◾പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളജിലെ പ്രിന്‍സിപ്പാളിനെ മാറ്റി. പ്രിന്‍സിപ്പലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം നടത്തി വരികയായിരുന്നു. പ്രിന്‍സിപ്പല്‍ രാജിവച്ചതോടെ എസ്എഫ്ഐ സമരം അവസാനിപ്പിച്ചു.  ഹാജര്‍ രേഖകളില്‍ പ്രിന്‍സിപ്പല്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ സര്‍വകലാശാല പ്രിന്‍സിപ്പലിനെ മാറ്റണമെന്നു കോളേജിനോട് ആവശ്യപ്പെട്ടിരുന്നു.


◾തൃത്താല തിരുമിറ്റിക്കോടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ തിച്ചൂര്‍ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുല്‍.


◾ഹരിപ്പാട് ചെറുതനയില്‍ വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തുലാംപറമ്പ് പുത്തന്‍പുരയ്ക്കല്‍ ചന്ദ്രന്‍ (70) ആണ് മരിച്ചത്. ചന്ദ്രന്റെ സുഹൃത്ത് വടക്കുംമുറിയില്‍  ഗോപാലകൃഷ്ണനെ (67) യാണ് പൊലീസ് അറസ്റ്റു ചെയ്തത്.


◾ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കിടെ ഒളിവില്‍ പോയ പ്രതി 19 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. മാന്നാര്‍ സ്വദേശി  കുട്ടികൃഷ്ണനെ ആണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റു ചെയ്തത്.


◾അട്ടപ്പാടി ബോഡിചാള മലയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. സമ്പാര്‍ക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.


◾മലപ്പുറം തിരൂരില്‍ മാര്‍ബില്‍ ശരീരത്തിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഭാസി ആണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.


◾ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയിത്രയ്ക്കു താന്‍ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യവസായി ദര്‍ശന്‍ ഹിരാ നന്ദാനി. മഹുവയുടെ പാര്‍ലമെന്റ് അക്കൗണ്ട് താന്‍ ഉപയോഗിച്ചിരുന്നതായി ഹിരാനന്ദാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ അദാനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനാണു സമ്മാനങ്ങള്‍ നല്‍കിയതെന്നു വാര്‍ത്താ ഏജന്‍സിയാണു റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ദര്‍ശന്‍ ഹിരാ നന്ദാനിയുടെ എല്ലാ വ്യവസായങ്ങളും പൂട്ടിച്ച് ജയിലിലടയ്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തിയതിനാലാണ് ഇങ്ങനെ പറയുന്നതെന്നാണ് മഹുവ മൊയിത്ര എംപിയുടെ പ്രതികരണം.


◾ബിജെപി സഖ്യത്തെ എതിര്‍ത്ത ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിമിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് ഡി കുമാരസ്വാമി കര്‍ണാടക ജെഡിഎസ് അധ്യക്ഷനാകും.


◾സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ സിബിഐ രാജ്യത്തെ 76 ഇടങ്ങളില്‍ നടത്തിയ ഓപറേഷന്‍ ചക്ര റെയ്ഡില്‍ 32 മൊബൈല്‍ ഫോണുകളും 48 ലാപ് ടോപ്പുകളും പിടിച്ചെടുത്തു.


◾ഇസ്രയേല്‍ -ഹാമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനു പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.


◾അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി യു എസ് ഭരണകൂടം. തീവ്രവാദ ആക്രമണങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അക്രമത്തിനും സാധ്യതയുണ്ടെന്നാണ് ജാഗ്രത നിര്‍ദ്ദേശം.


◾ചൈന സംഘടിപ്പിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ പ്രസംഗം. പ്രസംഗം തുടങ്ങിയതോടെ യുറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ മിന്നും വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ തുടര്‍ച്ചയായ നാലാം ജയം കരസ്ഥമാക്കിയ ഇന്ത്യ  പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.


◾കെഎസ്എഫ്ഇ സ്മാര്‍ട്ട് ചിട്ടികളുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍, ലോ കീ ക്യാമ്പയിന്‍ എന്നിവയുടെ നറുക്കെടുപ്പാണ് നടന്നത്. കൊട്ടാരക്കരയിലെ ഹൈലാന്റ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ മെഗാ നറുക്കെടപ്പിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. 2002 ലെ ബംബര്‍ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ളാറ്റ് നറുക്കെടുപ്പിലൂടെ കരസ്ഥമാക്കിയ കെഎസ്എഫ്ഇ കരവാളൂര്‍ ശാഖയിലെ വരിക്കാരന്‍ ടി.എസ് ജയകുമാറിന് മന്ത്രി കെ. എന്‍ ബാലഗോപാല്‍ താക്കോല്‍ സമ്മാനിച്ചു. മ്യൂച്ചല്‍ ഫണ്ടുകളെക്കാള്‍ ആദായകരമായ സമ്പാദ്യമാര്‍ഗ്ഗമായ ചിട്ടിയെ കുറിച്ചുള്ള അവബോധം പുതിയ തലമുറയില്‍ എത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. കേരള ജനതയുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിന് ഉപയുക്തമാക്കുന്നതില്‍ കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ ചെയര്‍മാന്‍ വരദരാജന്‍ അധ്യക്ഷത വഹിച്ചു. കെഎസ്എഫ്ഇ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍ സ്വാഗതം പറഞ്ഞു. കെഎസ്എഫ്ഇ കഴിഞ്ഞ വര്‍ഷത്തിലെ രണ്ടാമത്തെ സവിശേഷ ചിട്ടി പദ്ധതിയായ ലോ കീ ക്യാമ്പയിനിലെ സമ്മാന വിജയിയായി 25 പവന്‍ സമ്മാനം നേടിയ എടമുട്ടം ശാഖയിലെ വരിക്കാരന്‍ നൗഷാദ് ടി.എയ്ക്കുള്ള സമ്മാനവിതരണവും നടന്നു.


◾അധികം പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമാണ് മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‌ക്വാഡ്'. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടൊപ്പം ഗംഭീരമായ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ മാസം അവസാനത്തോടെ കണ്ണൂര്‍ സ്‌ക്വാഡ് ഒടിടിയില്‍ വരുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ അവസാനിക്കുന്നതോടു കൂടി നാലാഴ്ചത്തെ തിയേറ്റര്‍ റണ്‍ ചിത്രം പൂര്‍ത്തിയാക്കും. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലിവ് സ്വന്തമാക്കിയതായി മുന്നേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡിസ്നി പ്ലസ് ഹോര്‍ട് സ്റ്റാറിനാകും കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്ട്രീമിംഗ് അവകാശം എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 75 കോടി രൂപയാണ് ചിത്രം ഇതുവരെ ആഗോള കളക്ഷനായി ചിത്രം സ്വന്തമാക്കിയത്. എ. എസ്. ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുഷിന്‍ ശ്യാമാണ് കണ്ണൂര്‍ സ്‌ക്വാഡിന് സംഗീതം നല്‍കിയിരിക്കുന്നത്.


◾രാഘവ ലോറന്‍സ്-കങ്കണ റണാവത്ത് ചിത്രം 'ചന്ദ്രമുഖി 2' ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 27ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ ദുരന്തമായിരുന്നു. 65 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം കഷ്ടിച്ച് 50 കോടിക്ക് അടുത്ത് മാത്രമാണ് തിയേറ്ററില്‍ നിന്നും നേടിയത്. അതുകൊണ്ട് തന്നെ വെറും 8 കോടി രൂപയ്ക്കാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രമുഖിയില്‍ രജനികാന്ത് അവതരിപ്പിച്ച വേട്ടയ്യന്‍ രാജ എന്ന കഥാപാത്രമായാണ് രാഘവ ലോറന്‍സ് ചിത്രത്തില്‍ എത്തുന്നത്. ചന്ദ്രമുഖിയായി കങ്കണ എത്തിയപ്പോള്‍ പ്രധാന കഥാപാത്രമായി ലക്ഷ്മി മേനോനും വേഷമിട്ടിരുന്നു. വടിവേലു, മഹിമ നമ്പ്യാര്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളാകുന്നത്. ചന്ദ്രമുഖിയില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെ തന്നെയാണ് ചന്ദ്രമുഖി 2വില്‍ വടിവേലു അവതരിപ്പിക്കുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം എത്തിയത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി.


◾ഓഫ്-റോഡിംഗ് എസ്യുവിയായ മഹീന്ദ്ര ഥാറിന് വന്‍ ഡിമാന്‍ഡ്. കഴിഞ്ഞ മാസം അതായത് സെപ്റ്റംബറില്‍ 5417 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഥാറിന് ഡിമാന്‍ഡ് കൂടുതലാണ്, പക്ഷേ അതിന്റെ വിതരണം കമ്പനിക്ക് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി കമ്പനി അതിന്റെ പ്ലാന്റില്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് ശേഷവും അതിന്റെ കാത്തിരിപ്പ് കാലാവധി 15 മുതല്‍ 16 മാസം വരെയാണ്. പ്രത്യേകിച്ച് 4ഃ2 വേരിയന്റിന് ഏറ്റവും ഉയര്‍ന്ന വെയിറ്റിംഗ് ലിസ്റ്റ് ഉണ്ട്. ഒരു റിപ്പോര്‍ട്ട് പ്രകാരം മഹീന്ദ്രയ്ക്ക് 2.80 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ട്. ഇതില്‍ 68,000 പേര്‍ ഥാറിന് വേണ്ടി കാത്തിരിക്കുന്നവരാണ്. ഓരോ മാസവും ശരാശരി 10,000 ബുക്കിംഗുകള്‍ ലഭിക്കുന്നു എന്നാണ് കണക്കുകള്‍. ഥാറിന്റെ ഡീസല്‍ 4ഃ2 വേരിയന്റില്‍ ലഭ്യമായ രണ്ട് ട്രിമ്മുകള്‍ക്കായുള്ള പരമാവധി കാത്തിരിപ്പ് കാലയളവ് 15-16 മാസമാണ്. അതേസമയം, പെട്രോള്‍ 4ഃ2 വേരിയന്റിനായുള്ള കാത്തിരിപ്പ് കാലാവധി ശരാശരി അഞ്ച് മാസത്തില്‍ കുറവാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഹാര്‍ഡ്‌ടോപ്പില്‍ മാത്രമേ ഥാര്‍ 4ഃ2 ലഭ്യമാകൂ. ഥാര്‍ 4ഃ2 ന്റെ വില 10.98 ലക്ഷം മുതല്‍ 13.77 ലക്ഷം രൂപ വരെയാണ്.


◾ക്രിസ്ത്വാബ്ദം 1750-1800 കാലഘട്ടത്തില്‍ വയനാട്ടില്‍ ജീവിച്ച പണിയ മൂപ്പന്‍ കരിന്തണ്ടനാണ് വയനാട് ചുരം കണ്ടുപിടിച്ചത്. അതിനു അദ്ദേഹത്തെ പിന്നീട് ബ്രിട്ടിഷ്‌കാര്‍ കൊല ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിനെ വൈത്തിരിയില്‍ ഒരു മരത്തില്‍ തളച്ചിട്ടിരിക്കുന്നു. അവിടെ എന്നും വിളക്ക് കത്തിക്കുന്നു. അത് ചങ്ങലമരം എന്നറിയപ്പെടുന്നു. ഇപ്പി മല എന്ന ഒരു മലയും മുനിച്ചരന്‍ എന്ന ഒരു കാവല്‍ ദൈവവും അവിടെ ഉണ്ട്. 'കാടിന്റെ മൂപ്പന്‍ കരിന്തണ്ടന്‍'. സുധാര്‍ പറൂര്. ഇന്ത്യ ബുക്സ്. വില 237 രൂപ.


◾അസിഡിറ്റി പ്രശ്നം അലട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആസിഡിന്റെ അമിത ഉല്‍പാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്. അസിഡിറ്റി ആമാശയത്തിലെ അള്‍സര്‍, ഗ്യാസ്ട്രിക് വീക്കം, നെഞ്ചെരിച്ചില്‍, ഡിസ്പെപ്സിയ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ദഹന പ്രശ്നങ്ങള്‍ കൃത്യസമയത്ത് തന്നെ ഭേദമാക്കിയില്ലെങ്കില്‍ അത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. അസിഡിറ്റിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയാണ്. വയറിലെ അസ്വസ്ഥത, ഓക്കാനം, വയര്‍ വീര്‍ത്തിരിക്കുന്നത്, മലബന്ധം, വിശപ്പ് കുറയുക. അസിഡിറ്റി അകറ്റാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് അയമോദകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. അയമോദകത്തിലെ സജീവ ഘടകമായ ബയോകെമിക്കല്‍ തൈമോള്‍, ശക്തമായ ദഹനത്തെ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. രാത്രി ഒരു കപ്പ് വെള്ളത്തില്‍ പെരുംജീരകം കുതിര്‍ക്കാന്‍ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറുംവയറ്റില്‍ കുടിക്കുക. ചായയിലും പെരുംജീരകം ചേര്‍ക്കാം. അല്പം പഞ്ചസാര ചേര്‍ക്കുന്നത് കൂടുതല്‍ സഹായിക്കുന്നു. അസിഡിറ്റിയെ നേരിടാന്‍ മല്ലിയിലയോ മല്ലിയോ ഉപയോഗിക്കാം. ഉണക്കിയ മല്ലിയില പൊടി പാചകത്തില്‍ ചേര്‍ക്കുകയും ചെയ്യാം. മല്ലിയില ചേര്‍ത്ത ചായ കുടിക്കുന്നത് മറ്റൊരു എളുപ്പവഴിയാണ്. അസിഡിറ്റിയുടെ ഒരു സാധാരണ ലക്ഷണമായ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്നതിന് മല്ലിയില ഫലപ്രദമാണ്. ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്ന മറ്റൊരു പൊടിക്കൈയാണ് ഇഞ്ചി ചായ. ഇതിലെ ഫിനോളിക് സംയുക്തങ്ങള്‍ വയറുവേദന കുറയ്ക്കുക ചെയ്യുന്നു. ഇഞ്ചി ചായയായി കുടിക്കുകയോ വെള്ളത്തിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.