Click to learn more 👇

വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെയും പരസ്യമായി കൊല്ലുമെന്ന് ഹമാസ്


ടെല്‍അവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി.

ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയില്‍ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികള്‍ അടക്കം നൂറു പേര്‍ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേര്‍ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവര്‍ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയിലാണ് വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന ഹമാസിന്‍റെ വെല്ലുവിളി.

അതിനിടെ ഇസ്രായേല്‍ - പലസ്തീൻ യുദ്ധത്തില്‍ ഇരു രാജ്യങ്ങളേയും പിന്തിരിപ്പിക്കാൻ മധ്യസ്ഥ ശ്രമം നടത്തുന്നത് സ്ഥിരീകരിച്ച്‌ ഖത്തര്‍ രംഘത്തെത്തി. ഇരു രാജ്യങ്ങള്‍ക്കിടയില്‍ രക്തചൊരിച്ചില്‍ നിര്‍ത്താൻ ഇടപെടല്‍ നടത്തി വരികയാണെന്നാണ് ഖത്തര്‍ വ്യക്തമാക്കിയത്. ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയില്‍ ആശയ വിനിമയം നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നത് ഖത്തര്‍ സ്ഥിരീകരിച്ചത്.

നേരത്തെ സൗദി അറേബ്യയയും യു എ ഇയും ഒമാനുമടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേല്‍ - പലസ്തീൻ യുദ്ധത്തില്‍ ദു:ഖം പ്രകടിപ്പിച്ചും യുദ്ധത്തില്‍ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

മേഖലയില്‍ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘര്‍ഷം ഉടലെടുത്തതെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിന്ന് പിൻവാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യു എ ഇയുടെയും ഒമാന്റെയും ആഹ്വാനം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.