Click to learn more 👇

കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു


 


കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ച സംഭവത്തില്‍ നടുങ്ങി നാട്.

കണ്ണൂര്‍ കൂത്തുപറമ്ബ് ആറാം മൈലിലാണ് ഇന്ന് വൈകിട്ടോടെ ദാരുണ സംഭവം നടന്നത്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് വെന്തുമരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ സിഎൻജി സിലിണ്ടറിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂര്‍ പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് അനുമാനമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. 

തീ ആളിക്കത്തിയതിനെ തുടര്‍ന്ന് ആര്‍ക്കും ഓട്ടോയുടെ അടുത്തേക്ക് എത്താൻ പോലും സാധിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള സര്‍വ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരാളാണ് തീയണച്ചത്. പിന്നീടാണ് ഫയര്‍ഫോഴ്സെത്തിയത്. കത്തിക്കരിഞ്ഞ അവസ്ഥയിലാണ് ഇരുവരെയും പുറത്തെടുത്തത്. അപകടമുണ്ടാക്കിയ ഇതേ ബസ് ഇതേ സ്ഥലത്ത് വെച്ച്‌ മുമ്ബും അപകടമുണ്ടാക്കിയിട്ടുണ്ടെന്നും പ്രദേശവാസികളിലൊരാള്‍ വെളിപ്പെടുത്തി. 

അഭിലാഷിന്റെ സഹോദരിയുടെ വീടുണ്ട് ആറാം മൈലില്‍. അവിടെ വന്നതിന് ശേഷം തിരികെ പോകുന്ന സമയത്താണ് അപകടമുണ്ടായത്. അഭിലാഷിന് മൂന്ന് മക്കളാണുളളത്. സജീഷ് തൊഴിലാളിയാണ്. ഓട്ടോ മറിഞ്ഞ സമയത്ത് ഇരുവരും ഓട്ടോയുടെ അടിയിലായിപ്പോയി. മാത്രമല്ല തീയുടെ ചൂടുമൂലം ആര്‍ക്കും അടുക്കാനും സാധിച്ചില്ല. ഓട്ടോ മറിഞ്ഞ ഉടൻ തന്നെ തീ ആളിക്കത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.