ലോഡ്‌ജ് മുറിയില്‍ ജോത്സ്യനെ മയക്കി കിടത്തി സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 26ന് കൊച്ചിയിലെ ഇടപ്പളളിയിലെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം.
കൊല്ലം സ്വദേശിയായ ജോത്സ്യനുമായി ഫേസ്ബുക്ക് വഴിയാണ് യുവതി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് സുഹൃത്തിനൊരു പ്രശ്നമുണ്ടെന്നും ജോതിഷം നോക്കണമെന്ന് പറഞ്ഞ് ജോത്സ്യനെ എറണാകുളത്തേക്ക് വിളിച്ച് വരുത്തി ഇടപ്പളളിയിലെ ഒരു ലോഡ്‌ജില്‍ മുറിയെടുക്കുകയായിരുന്നു. യുവതി ജോത്സ്യന് ജ്യൂസില്‍ പ്രഷറിന്റെ ഗുളിക കൊടുത്ത് മയക്കി കിടത്തിയതിന് ശേഷമാണ് സ്വര്‍ണവും പണവുമെടുത്ത് കടന്നത്.
പ്രതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോള്‍ നിരവധി ജോത്സ്യൻമാരെ സുഹൃത്തുക്കളാക്കി ചാറ്റ് ചെയ്തതായി കണ്ടെത്തി. കൊച്ചി സിറ്റി ഡിസിപിയുടെ നിര്‍ദ്ദേശത്തില്‍ എളമക്കര എസ് എച്ച് ഒയായ എസ് ആര്‍ സനീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് യുവതിയെ പിടികൂടിയത്.