ഭക്ഷണങ്ങള്‍ വേവിക്കാതെ കഴിക്കുന്നതുമൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ചിക്കനും മട്ടനുമൊക്കെ പൂര്‍ണമായി വേവിക്കാതെ കഴിച്ചതിന്റെ പേരില്‍ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട നിരവധി പേരുണ്ട്.
വേവിക്കാത്ത കൂണ്‍ കഴിച്ചതിന് പിന്നാലെ ചര്‍മത്തില്‍ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ട ഏഴുപത്തിരണ്ടുകാരനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഒഫ് മെഡിസിനിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വേവിക്കാത്ത ഷിറ്റാക്കെ മഷ്റൂം( shiitake mushrooms) കഴിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് വയോധികന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കിഴക്കനേഷ്യൻ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഷിറ്റാക്കെ മഷ്റൂം അവിടങ്ങളിലെ ആളുകള്‍ക്ക് ഏറെ ഇഷ്ടമുള്ള ആഹാര സാധനം കൂടിയാണ്.
അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ വയോധികൻ ആശുപത്രിയില്‍ പോയി. പുറം പരിശോധിച്ചപ്പോഴാണ് ചര്‍മത്തില്‍ ചുവന്ന് വീര്‍ത്തിരിക്കുന്നത് കണ്ടത്. എന്തെങ്കിലും അലര്‍ജി ഉണ്ടോയെന്നൊക്കെ ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞു. ശേഷം എന്തൊക്കെയാണ് കഴിച്ചതെന്ന് ചോദിച്ചു. അപ്പോഴാണ് ഷിറ്റേക്ക് മഷ്റൂം ആണ് വില്ലനായതെന്ന് തിരിച്ചറിഞ്ഞത്.
1977ല്‍ ഷിറ്റാക്കെ മഷ്റൂം മൂലം ജപ്പാനില്‍ ചര്‍മപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും സമാന രീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കീമോതെറാപ്പി മരുന്നായ ബ്ലോമൈസിൻ കഴിക്കുന്ന ചില രോഗികളുടെ ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ കാണപ്പെടാറുണ്ട്.