Click to learn more 👇

മരണം അഞ്ഞൂറിലേറെ; ഹമാസ്-ഇസ്രയേല്‍ ആക്രമണം രൂക്ഷം


 


ഹമാസ്-ഇസ്രയേല്‍ ആക്രമണം രൂക്ഷമായി തുടരുന്നു. ഹമാസ് ആക്രമണത്തില്‍ 300 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ 230 ല്‍ കൂടുതല്‍ പേരും കൊല്ലപ്പെട്ടു.

കരമാര്‍ഗവും കടല്‍മാര്‍ഗവും ഹമാസ് ഇസ്രായേലില്‍ ആക്രമങ്ങള്‍ നടത്തി.

തീര്‍ത്തും അപ്രതീക്ഷിതമായി ഇന്നലെ രാവിലെ മുതല്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ, യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേല്‍, നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേര്‍ കൊല്ലപ്പെട്ടതായും 1790 പേര്‍ക്ക് പരിക്കേറ്റുതായുമാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍. പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇന്നലെ രാവിലെയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റില്‍ 5000 റോക്കറ്റ് തൊടുത്തു എന്നാണ് ഹമാസിന്റെ അവകാശവാദം. 35 ഇസ്രായേല്‍ സൈനികരെ ബന്ദികളാക്കിയതായും ഹമാസ് അവകാശപ്പെട്ടിരുന്നു.

ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രണത്തിന് ഇരകളായ നിഷ്കളങ്കരായ ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറില്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

ഗാസ അതിര്‍ത്തിയില്‍ ആഴ്ചകളോളം തുടര്‍ന്ന പ്രതിഷേധം പെട്ടെന്ന് യുദ്ധത്തിലേക്ക് മാറുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇസ്രായേലിനെതിരെ വൻ ആക്രമണങ്ങളാണ് ഹമാസ് നടത്തുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.