കൊച്ചി: രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ട നിലയില്‍. മൂവാറ്റുപുഴ അടൂപറമ്ബിലാണ് സംഭവം. തടിമില്ലിലെ തൊഴിലാളികളെയാണ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസം സ്വദേശികളായ മോഹൻതോ, ദീപങ്കര്‍ ബസുമ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശിക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്.
അടുത്തിടെ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇടുക്കി ചെമ്മണ്ണാറില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഏലപ്പാറയ്ക്ക് സമീപമുള്ള ടീ കമ്ബനിയിലെ തൊഴിലാളികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. രാവിലെ ജോലിക്കെത്തിയപ്പോള്‍ ചിലര്‍ക്ക് ജോലിയില്ലെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
കഴിഞ്ഞ ജൂണില്‍ കൊച്ചിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരു അതിഥി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ബംഗാള്‍ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആസാദിന്റെ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പത്തനംതിട്ടയിലും അതിഥി തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായി. ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ഒരുമിച്ച് താമസിക്കുന്നവര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. ബംഗാള്‍ സ്വദേശി ഗിത്തുവിനാണ് കുത്തേറ്റത്. അടിപിടിയില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.