കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കളമശേരി സ്വദേശി മോളി (61)യാണ് മരിച്ചത്.
80 ശതമാനം പൊള്ളലേറ്റ് ഇവര്‍ ചികിത്സയിലായിരുന്നു.ഇതോടെ സ്‌ഫോടനത്തെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം നാലായി. ഇരിങ്ങോള്‍ വട്ടപ്പടി സ്വദേശിനി ലെയോണ പൗലോസ്, തൊടുപുഴ കാളിയാര്‍ സ്വദേശിനിയായ കുമാരി, കാലടി സ്വദേശി ലിബിന(12) എന്നിവരാണ് സംഭവം നടന്നതിന് പിന്നാലെ മരണമടഞ്ഞത്.
ആകെ 52 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇതില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്കും സംഭവിച്ചിരുന്നു. നിലവില്‍ 50 ശതമാനത്തിലേറെ പരിക്കുള്ള ആറുപേര്‍ ചികിത്സയിലാണ്. കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി പരിഗണിച്ചേക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യം. ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. യഹോവ സാക്ഷികളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടാകാമെന്ന സംശയവും അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ തലേന്ന് രാത്രി മാര്‍ട്ടിന് ദുരൂഹമായ ഒരു ഫോണ്‍ കോള്‍ വന്നെന്ന ഭാര്യയുടെ മൊഴിയും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുണ്ട്. ഇയാള്‍ ബോംബ് നിര്‍മ്മിച്ച നെടുമ്ബാശേരിയിലെ ഫ്ളാറ്റില്‍ നിന്ന് പൊലീസ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ചിരുന്നു.