Click to learn more 👇

കോളേജ് അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസ്; പ്രതിയായ ഇരുപതുകരന് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി; വിവാഹ പ്രായം തികയാത്ത ഒരാളുമായി ബന്ധത്തിലേര്‍പ്പെടുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച്‌ അറിയാമല്ലോയെന്നും കോടതി

 




ദില്ലി: കോളേജ് പ്രൊഫസറെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ 20 കാരനായ വിദ്യാര്‍ത്ഥിക്ക് ഡല്‍ഹി ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു.

35 വയസ്സുള്ള പ്രായപൂര്‍ത്തിയായ, വിവാഹിതയായ വ്യക്തിയാണ് പരാതിക്കാരി. വിവാഹ പ്രായം തികയാത്ത ഒരാളുമായി ബന്ധത്തിലേര്‍പ്പെടുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച്‌ അറിയാമല്ലോയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് വിദ്യാര്‍ത്ഥിക്ക് ജാമ്യം അനുവദിച്ചത്. 

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, ഗുഗ്ഡാവിലെ പ്രശസ്ത സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിക്കാരി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചതെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്ന് ജസ്റ്റിസ് സൗരഭ് ബാനര്‍ജി നിരീക്ഷിച്ചു. കോടതി മുന്‍പാകെ എത്തിയ തെളിവുകളില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നതെന്ന് കോടതി പറഞ്ഞു.

2022 ഫെബ്രുവരിയിലാണ് താനും വിദ്യാര്‍ത്ഥിയും കണ്ടുമുട്ടിയതെന്ന് അധ്യാപിക കോടതിയില്‍ പറഞ്ഞു. മെയ് മാസത്തില്‍ മണാലിയിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കിടെ ഒരു ചെറിയ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരായി. ഭാവിയില്‍ നിയമപരമായി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും പ്രൊഫസര്‍ പറഞ്ഞു. ബന്ധത്തിനിടെ രണ്ടു തവണ ഗര്‍ഭിണിയായെന്നും അധ്യാപിക പറഞ്ഞു.

എന്നാല്‍ പ്രായപൂര്‍ത്തിയായ 35 വയസ്സ് പ്രായമുള്ള, വിവാഹിതയായ സ്ത്രീയാണ് പരാതിക്കാരി. ഗുരുവും ശിഷ്യനുമാണ്. ഇവര്‍ ബന്ധം തുടങ്ങുമ്ബോള്‍ ആണ്‍കുട്ടിക്ക് 20 വയസ്സില്‍ താഴെയാണ് പ്രായം. നിലവില്‍ യുവതി വിവാഹമോചിതയാണ്. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് വിവാഹ പ്രായം ആയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 

2022 ഫെബ്രുവരിയില്‍ ബന്ധം തുടങ്ങിയതു മുതല്‍ പ്രതിക്കെതിരെ ഒരു തരത്തിലുള്ള പരാതിയും യുവതി നല്‍കിയിട്ടില്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസത്തിന് ന്യായമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഈ വര്‍ഷം ജൂലൈ 19നാണ് വിദ്യാര്‍ത്ഥിക്കെതിരെ അധ്യാപിക ബലാത്സംഗ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.