സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന നടി രശ്മികാ മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ നരേന്ദ്രമോദി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണ്.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കുകയും കമ്ബനി കോടതിയിലെത്തേണ്ടിയും വരും. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന ഏറ്റവും അപകടകരവും ആഘാതവുമുള്ള പുതിയ രീതിയാണ് ഡീപ്പ് ഫേക്കുകളെന്നും അവ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും മന്ത്രി തന്റെ എക്സ് പോസ്റ്റില്‍ പറഞ്ഞു.
യഥാര്‍ത്ഥമെന്ന് തോന്നും വിധത്തില്‍ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്പ് ഫേക്കുകള്‍ എന്നറിയപ്പെടുന്നത്. ഇവ തിരിച്ചറിയുക വലിയ പ്രയാസമാണ്.
അടുത്തകാലത്തായി സിനിമാ താരങ്ങളുടേയും സോഷ്യല്‍ മീഡിയാ സെലിബ്രിട്ടികളുടേയും നഗ്ന, അര്‍ധനഗ്നവുമായ ഡീപ്പ് ഫേക്ക് ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളികളായ പ്രായപൂര്‍ത്തിയാവാത്ത സോഷ്യല്‍ മീഡിയാ താരങ്ങളുടെ വരെ ഡീപ്പ് ഫേക്കുകള്‍ ഇത്തരത്തില്‍ പങ്കുവെക്കപ്പെടുന്നുണ്ട്.
PM @narendramodi ji's Govt is committed to ensuring Safety and Trust of all DigitalNagriks using Internet
Under the IT rules notified in April, 2023 - it is a legal obligation for platforms to
➡️ensure no misinformation is posted by any user AND
➡️ensure that when reported by… https://t.co/IlLlKEOjtd
ഡീപ്പ് ഫേക്കുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി മാധ്യമപ്രവര്‍ത്തകനായ അഭിഷേക് പങ്കുവെച്ച പോസ്റ്റ് ആണ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചത്. രശ്മികയുടെ വ്യാജ വീഡിയോ നിര്‍മിക്കാൻ ഉപയോഗിച്ച യഥാര്‍ത്ഥ വീഡിയോയും അദ്ദേഹം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. യഥാര്‍ത്ഥ വീഡിയോയിലെ യുവതിയുടെ മുഖത്തിന്റെ സ്ഥാനത്ത് രശ്മികയുടെ മുഖം ചേര്‍ത്തുവെക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇതില്‍ നിയമനടപടി ആവശ്യപ്പെട്ട് അമിതാബ് ബച്ചനും അഭിഷേകിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.