മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന്റെ കാരണം ഇതുവരെ വെളിച്ചത്തെ കണ്ടിട്ടില്ല. തന്റെ മകളുടെ ദുരൂഹമരണത്തിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും പ്രതികള്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ മാതാപിതാക്കള്‍ രംഗത്ത്.
ഈ മാസം ഒന്നിന് പിറവം മണ്ഡലത്തില്‍ നടന്ന നവകേരള സദസ്സിലാണ് പരാതി നല്‍കിയത്. മകളുടെ മരണം ആത്മഹത്യയാക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വെള്ളത്തില്‍ മുങ്ങി മരിച്ചതിന്റെ യാതൊരു ലക്ഷണവും മിഷേലിന്റെ മൃതദേഹത്തിനുണ്ടായിരുന്നില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി പറയുന്നു. മനോരമ ഓണ്‍ലൈൻ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നീതി ചോദിച്ചു വാങ്ങേണ്ടത് നമ്മുടെ ആവശ്യമായതു കൊണ്ടും എന്നെങ്കിലും നീതി നടപ്പാകും എന്ന വിശ്വാസം ഉള്ളതുകൊണ്ടുമാണ് വീണ്ടും പരാതി നല്‍കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാൻ പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, കേസിന്റെ ആദ്യ ദിവസം മുതല്‍ തന്നെ അതിന്റെ ശ്രമങ്ങള്‍ നടന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
‘ആദ്യം മുതല്‍ തന്നെ കേസില്‍ ഉന്നത ഇടപെടലുണ്ടായിരുന്നു. അല്ലാതെ പൊലീസുകാര്‍ ഇത്ര ധൈര്യത്തോടെ ഇങ്ങനെ ചെയ്യില്ല. ഒരു നടന്റെ മകന് ഉള്‍പ്പെടെ കേസില്‍ പങ്കുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടാണ് പൊലീസ് നിഷ്ക്രിയരായത്. മിഷേലിന്റെ മരണം ആത്മഹത്യയാണെങ്കില്‍ അതിന്റെ തെളിവുകള്‍ നിരത്തി തങ്ങളെ ബോധ്യപ്പെടുത്താൻ പൊലീസ് എന്തിനാണ് മടിക്കുന്നത്? ഒരുപാട് ബഹളം വച്ചിട്ടാണ് പത്തു പതിനഞ്ചു ദിവസത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചത്. മരണത്തിനു മുൻപ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഓരോ തെളിവും ഞങ്ങള്‍ ശേഖരിക്കുമ്ബോള്‍ അതു പൊളിക്കാനുള്ള തെളിവുണ്ടാക്കാനായിരുന്നു പൊലീസിനു വ്യഗ്രത. നീതി ഒരിക്കല്‍ നടപ്പാകും എന്നു തന്നെയാണ് പ്രതീക്ഷ’, ഷാജി പറയുന്നു.