ബേക്കല്‍ പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കാവുംമന്ദം സ്വദേശിനിയായ യുവതി മരിച്ചു.
വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് അപകടം നടന്നത്. പള്ളിക്കര മാസ്തിഗുഡ്ഡയിലാണ് യുവതിയെ പാളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
കാസര്‍കോട് റെയില്‍വെ പൊലീസ് ഒരാള്‍ ട്രെയിനില്‍ നിന്നും വീണിട്ടുണ്ടെന്ന് രാത്രി 10 മണിയോടെയാണ് ബേക്കല്‍ പൊലീസിനെ അറിയിച്ചത്. എസ്.ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ പാളത്തില്‍ തിരച്ചില്‍ നടത്തുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
തൊട്ടടുത്ത് നിന്നും ലഭിച്ച ഹാന്റ് ബാഗും അതിനകത്തുണ്ടായിരുന്ന പഴ്‌സും പരിശോധിച്ചപ്പോഴാണ് മരിച്ചത് കല്‍പ്പറ്റയിലെ ഐശ്വര്യ ജോസഫാണെന്ന് മനസിലായത്