വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയില്‍. കിണറ്റിലെ വെള്ളത്തില്‍ അജ്ഞാതര്‍ വിഷം കലര്‍ത്തിയെന്നാണ് പരാതി.
പീച്ചി തെക്കേക്കുളം സ്വദേശി ഷാജിയുടെ വീട്ടുകിണറ്റിലെ വെള്ളമാണ് മലിനമായത്. പ്രത്യേക മണവും വെള്ളത്തിന്റെ മുകളില്‍ പാടയും കെട്ടിക്കിടക്കുന്നുണ്ട്.
കിണറ്റില്‍ നിന്നും വെള്ളം കുടിച്ച പാണഞ്ചേരി പഞ്ചായത്തിലെ ആശാപ്രവര്‍ത്തക സന്ധ്യയേയും മകള്‍ ആന്‍മേരിയേയും ആരോഗ്യപ്രശ്നങ്ങള്‍ കാരണം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ച്ചയായ ഛര്‍ദ്ദിമൂലമാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.
വെള്ളത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്ന വീട്ടുടമയുടെ പരാതിയില്‍ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരും ഇതേ കിണറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കാറുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അറിയിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.