ബിസിനസ്സ് ആളുകളെ പ്രചോദിപ്പിക്കാൻ റോൾ മോഡലുകൾക്ക് കഴിയും. അത്തരത്തിലുള്ള ഒരു വ്യക്തിത്വമാണ് എം എ യൂസഫലി. അദ്ദേഹത്തിന്റെ ബിസിനസ് വിജയത്തിന് പിന്നിൽ കഠിനാധ്വാനത്തിന്റെ ഉപ്പുരസമുണ്ട്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നാണ് ലുലു ഗ്രൂപ്പ്. ഇതിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും എം എ യൂസഫലി ആണ്. തൃശ്ശൂരിൽ ജനിച്ച യൂസഫലി കഠിനാധ്വാനത്തിലൂടെയാണ് ബിസിനസ് വിജയത്തിന്റെ ഉയരങ്ങൾ കയറിയത്. മൂല്യങ്ങളാണ് ബിസിനസ്സ് വിജയത്തിന്റെ അടിത്തറയെന്ന് വിശ്വസിക്കുന്ന എം എ യൂസഫലി, 'വ്യാപാരി' എന്ന് വിളിക്കപ്പെടാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എം എ യൂസഫലി. 2005-ൽ അദ്ദേഹത്തിന് പ്രവാസി ഭാരതീയ സമ്മാന് ലഭിച്ചു. 2008-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ശതകോടീശ്വരൻമാരിൽ ഒരാളായ എം.എ യൂസഫലി, ഫോബ്സിന്റെ ലോകസമ്പന്നരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
തൃശൂർ നാട്ടിക മുസലിയം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15 ന് ജനിച്ചു. ചെറുപ്പത്തിൽ വക്കീലാകാനായിരുന്നു ആഗ്രഹം. എന്നാൽ തൃശൂർ നാട്ടിക മുസലിയം കുടുംബം പരമ്പരാഗത കച്ചവടക്കാരായിരുന്നു. അച്ഛൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഒരു പലവ്യഞ്ജനക്കട കടയുടെ ഉടമയായിരുന്നു. യൂസഫലിയും സാവധാനം ബിസിനസ് ലോകത്തേക്ക് ആകർഷിക്കപ്പെട്ടു.
നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്കൂൾ, ഗവ.ഫിഷറീസ് സ്കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതിന് ശേഷം ചെറുപ്പത്തിൽ അഹമ്മദാബാദിലേക്ക് പോയി. അവിടെ അച്ഛനും ബന്ധുക്കളും നടത്തിയിരുന്ന എം കെ ബ്രദേഴ്സ് ജനറൽ സ്റ്റോറിൽ നിന്നാണ് ബിസിനസിന്റെ ആദ്യപാഠങ്ങൾ നേടിയത്.
1970കളുടെ ആദ്യപകുതി ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്ക് തുടങ്ങിയ നാളുകളായിരുന്നു. യൂസഫലിക്കും ഗൾഫിൽ പോയി കച്ചവടം ചെയ്യാനായിരുന്നു ആഗ്രഹം. അങ്ങനെ 1973 ഡിസംബറിൽ ക്രിസ്മസിന്റെ പിറ്റേന്ന് അദ്ദേഹം ദുമ്ര എന്ന കപ്പലിൽ യാത്രതിരിച്ചു. ഡിസംബർ 31-ന് ദുബായ് റാഷിദ് തുറമുഖത്ത് കപ്പൽ ഇറങ്ങി.യൂസഫലിയുടെ പിതാവിന്റെ അനുജനായ എം.കെ അബ്ദുല്ലയ്ക്ക് ഗൾഫിൽ പലവ്യഞ്ജനക്കച്ചവടമുണ്ടായിരുന്നു.
പ്രതീക്ഷിച്ചതിന് വിപരീതമായിരുന്നു ഗൾഫിലെ കാലാവസ്ഥ. ചൂട് 50 ഡിഗ്രിയിലെത്തിയ രാത്രികളിൽ യൂസഫലിക്ക് താമസസ്ഥലത്തിന്റെ ടെറസിൽ കിടന്നുറങ്ങേണ്ടിവന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ യുവാവിനെ അൽപം പോലും പിന്തിരിപ്പിച്ചില്ല.
ഒരു ചെറിയ പലവ്യഞ്ജനക്കടയിൽ തുടങ്ങിയ യാത്ര ക്രമേണ വളർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗൾഫിലേക്ക് സാധനങ്ങൾ എത്തിച്ച് പലരും ലാഭം കൊയ്യുന്നത് യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ സാധ്യതകൾ മനസ്സിലാക്കി യൂസഫലി വിവിധ രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്തു. പിന്നീടാണ് വിദേശ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകൾ എന്ന ആശയത്തിലേക്ക് മാറുന്നത്. 1989-ൽ ഒരു ചെറിയ സൂപ്പർമാർക്കറ്റ് തുടങ്ങി.അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ ഒരു വലിയ സൂപ്പർമാർക്കറ്റ് തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
പുതിയ സൂപ്പർമാർക്കറ്റ് തുറക്കാനിരിക്കെ ഗൾഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പലരും കച്ചവടം പൂട്ടി രാജ്യം വിട്ടു. പക്ഷേ അതുവരെ സമ്പാദിച്ചതെല്ലാം വലിച്ചെറിഞ്ഞ് ഓടിപ്പോകാൻ യൂസഫലി തയ്യാറായില്ല. അദ്ദേഹം പ്രതിസന്ധിക്കിടയിലും ബിസിനസ് തുടരുന്നതിനെപ്പറ്റി ഒരു പത്രത്തിലെ പ്രാദേശിക ലേഖകൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് കാണാനിടയായ യുഎഇ ഭരണാധികാരി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ യൂസഫലിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.
മറ്റുള്ളവർ എല്ലാം ഉപേക്ഷിച്ച് പോയപ്പോൾ യൂസഫലി പോകാത്തത് എന്തുകൊണ്ടാണെന്നറിയണം. തനിക്ക് എല്ലാം തന്ന നാടിന് പ്രതിസന്ധിയുണ്ടാകുമ്പോൾ ഇവിടം വിട്ടുപോകാൻ മനസാക്ഷി അനുവദിക്കുന്നില്ല എന്നായിരുന്നു യൂസഫലിയുടെ മറുപടി. മഹത്തായ ഉയർച്ചയുടെ തുടക്കം ആ സത്യസന്ധതയുടെയും ധൈര്യത്തിന്റെയും പ്രതിഫലമായി മാറാൻ അധികനാളായില്ല. അബുദാബിയിൽ മാൾ പണിയാൻ നാല്പത് ഏക്കർ ഭൂമി ഉൾപ്പെടെ നിരവധി പദ്ധതികൾക്കായി രാജകുടുംബം അദ്ദേഹത്തിന് ഭൂമി നൽകി.
1990-കളുടെ തുടക്കത്തിൽ, ലുലുവിന്റെ ശൃംഖല വളർച്ച കാണിക്കാൻ തുടങ്ങി. പടിപടിയായി ബിസിനസ് വികസിപ്പിക്കാനാണ് യൂസഫലി ശ്രദ്ധിച്ചത്. പലവ്യഞ്ജനക്കടയിൽ നിന്നും സൂപ്പർ മാർക്കറ്റുകളിലേക്കും, ഡിപ്പാർട്മെന്റ് സ്റ്റോറുകളിലേക്കും, ഹൈപ്പർ മാർക്കറ്റുകളിലേക്കും, മാളുകളിലേക്കും, കൺവെൻഷൻ സെന്ററുകളിലേക്കും ക്രമാനുഗതമായ വളർച്ചയാണുണ്ടായത്. ഇന്ന് നൂറിലധികം രാജ്യങ്ങളിൽ ലുലുവിന് ബിസിനസ് സാന്നിധ്യമുണ്ട്. ലുലു ഗ്രൂപ്പിൽ ആയിരക്കണക്കിന് ആളുകൾക്ക് ജോലിയുണ്ട്. റീട്ടെയിൽ മേഖലയ്ക്ക് പുറമെ, ഭക്ഷ്യ സംസ്കരണം, മൊത്തവ്യാപാരം, കയറ്റുമതി-ഇറക്കുമതി, ഷിപ്പിംഗ്, ഐടി, ഹോട്ടൽ, ട്രാവൽ & ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ ഗ്രൂപ്പിന് ബിസിനസ് സാന്നിധ്യമുണ്ട്.