Click to learn more 👇

2 ലക്ഷം മൊബൈല്‍ നമ്ബറുകള്‍ അരിച്ചുപെറുക്കി. 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു ജെസ്ന എങ്ങോട്ടു പോയെന്ന് ഒരു വിവരവുമില്ല രാജ്യത്തെ നമ്ബര്‍ വണ്‍ അന്വേഷകരായ സി.ബി.ഐയും തോറ്റുമടങ്ങുമ്ബോള്‍


 

കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായി ആറു വര്‍ഷം കഴിയുമ്ബോള്‍ സി.ബി.ഐയും തോറ്റുമടങ്ങുകയാണ്.

ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു കാട്ടി അന്വേഷണം അവസാനിപ്പിച്ച്‌ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

പോലീസ് അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ പിഴവുകളാണ് അന്വേഷണത്തില്‍ വിലങ്ങുതടിയായത്. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സി.ബി.ഐ ഇനാം പ്രഖ്യാപിച്ചിട്ടും ഒരു വിവരവും കണ്ടെത്താനായില്ല.

2018 മാര്‍ച്ച്‌ 22 നാണ് ജെസ്നയെ കാണാതായത്. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച്‌ ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല.

ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്ബോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ മൊബൈല്‍ നമ്ബരുകള്‍ പോലീസ് ശേഖരിച്ചു. 4,000 നമ്ബരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. 

ജെസ്നയെയും സുഹൃത്തിനെയും ബംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി. 

ബംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച്‌ പോലീസ് സംഘം പലതവണ ബംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.

സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. മുണ്ടക്കയത്തെ നിരീക്ഷണ കാമറയില്‍ ജെസ്നയോടു സാദൃശ്യമുള്ള യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായി. മലപ്പുറത്തെ കോട്ടക്കുന്നില്‍ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 

ജെസ്ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. ജെസ്നയെ കണ്ടെത്താൻ വിദേശത്ത് അന്വേഷണം നടത്തുന്നില്ല. ജെസ്നയ്ക്ക് പാസ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. വിമാനയാത്ര നടത്തിയതായും കണ്ടെത്താനായിട്ടില്ല. 

പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇന്റര്‍പോളുമായി ചേര്‍ന്ന് തിരച്ചില്‍ നോട്ടീസിറക്കാനും കഴിഞ്ഞിട്ടില്ല. സി.ബി.ഐ ഇറക്കിയ ലുക്ക് ഔട്ട് സര്‍ക്കുലര്‍ മാത്രമാണ് നിലവിലുള്ളത് - സി.ബി.ഐ വിശദീകരിച്ചു. ജസ്ന ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്തിട്ടില്ലെന്നും മുണ്ടക്കയത്ത് നിന്ന് ജെസ്ന എങ്ങോട്ട് പോയതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് സി.ബി.ഐ പറയുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.