Click to learn more 👇

'തൃപ്പൂണിത്തുറയിലെ അവസ്ഥ ഭയാനകം, വാതിലുകളൊന്നുമില്ല എല്ലാം പൊട്ടിത്തെറിച്ചു'; പ്രകമ്ബനം അനുഭവപ്പെട്ടത് ഒരു കിലോ മീറ്ററിനപ്പുറം; വീഡിയോ കാണാം


 

തൃപ്പൂണിത്തുറയില്‍ ഉണ്ടായത് വൻ പടക്ക സ്ഫോടനം. ഒരു കിലോമീറ്റർ അകലെ വരെ പ്രകമ്ബനമുണ്ടായി. ചുറ്റുമുള്ള 30 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

സമീപത്തുള്ള വീടുകളില്‍ വാതിലുകളൊന്നുമില്ലെന്നും എല്ലാം പൊട്ടിത്തെറിച്ചുപോയെന്നും പ്രദേശവാസികള്‍ പറയുന്നു. വീടുകളുടെ ചില്ലുകളും മേല്‍ക്കൂരകളുമടക്കമുള്ളവ തകർന്നിട്ടുണ്ട്.

പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് ഉപയോഗിക്കാൻ കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. എല്ലാ വർഷവും വലിയ രീതിയില്‍ വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്ബോ ട്രാവലറില്‍ നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

10.30 ആയിരുന്നു സംഭവം. ആറുയൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവസമയത്ത് അതിന് സമീപം ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കം 12 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ ആദർശ്, അനില്‍, മധു, അനന്തൻ എന്നിവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ദേവപ്രിയേഷ് എന്ന രണ്ടരവയസുകാരനും പരിക്കേറ്റു. സ്ഫോടനത്തില്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചിരുന്നു.

കെട്ടിടത്തിന് അടിയില്‍ ഇനിയും സ്ഫോടകവസ്തുക്കള്‍ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 300 മീറ്റർ അകലെ വരെ പൊട്ടിത്തെറിയുടെ പ്രകമ്ബനമുണ്ടായി. രണ്ട് വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടർന്നിരുന്നു. സ്ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റർവരെ അകലേക്ക് തെറിച്ചു വീണു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.