പ്രഭാത വാർത്തകൾ
2024 | ജൂൺ 29 | ശനി | മിഥുനം 15
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നും നീറ്റ് പരീക്ഷ ഒരു ദുരന്തമായി മാറിക്കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലെ ക്രമക്കേടുകള്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നലെ നിഷേധിച്ചിരുന്നു.
◾ റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള പുതുക്കിയ തീയ്യതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെ യുജിസി നെറ്റ് പരീക്ഷകള്‍ നടക്കും. സിഎസ്ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.
◾ കരുവന്നൂര്‍ കള്ളപ്പണകേസില്‍ സി.പി.എമ്മിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേര്‍ത്തു. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടി രൂപയുടെ സ്വത്തുക്കളും ഇ ഡി. കണ്ടുകെട്ടി. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുളള പൊറത്തുശേരി പാര്‍ട്ടി കമ്മിറ്റി ഓഫീസിന്റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി കണ്ടുകെട്ടിയത്.
◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വിയില്‍ ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പിബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോല്‍വിക്ക് കാരണമെന്ന വിലയിരുത്തല്‍ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും.
◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി ഉണ്ടാക്കിയത് കനത്ത പ്രതിസന്ധിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്. ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ട് കണക്കില്‍ ബിജെപി മുന്നിലാണെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണവിരുദ്ധ വികാരം കാരണമായെന്നുമാണ് ജില്ലാ സെക്രട്ടേറിയേറ്റിലെ വിലയിരുത്തല്‍. ഈഴവ വോട്ടില്‍ വലിയ ചോര്‍ച്ച ഉണ്ടായെന്നും സര്‍ക്കാര്‍ ജനങ്ങളുടേതാണെന്ന തോന്നല്‍ ഇല്ലാതായെന്നും അഭിപ്രായം ഉയര്‍ന്നു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരേയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. ആര്യയുടെ പെരുമാറ്റ രീതി ജില്ലയില്‍ പാര്‍ട്ടി വോട്ടുകള്‍ കുറച്ചതായാണ് വിമര്‍ശനം. ഇങ്ങനെ പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി കളം പിടിക്കുമെന്നാണ് വിമര്‍ശനം. നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഒട്ടും ജനകീയമല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
◾ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സി പി എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയും, പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി പി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സുധാകരന്‍ പറഞ്ഞു. അനുഭവത്തില്‍നിന്ന് പാഠം പഠിക്കാത്ത, ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഫാസിസ്റ്റ് പാര്‍ട്ടിയാണ് സി പി എം എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
◾ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേരള സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടായിരിക്കണം. കൂടാതെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്.
◾ സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അനാവശ്യപ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍', 'ആരോഗ്യം പരമം ധനം' എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
◾ കേരള, എം.ജി, കുഫോസ്, കെ.ടി.യു, കാര്‍ഷിക, മലയാളം സര്‍വകലാശാലകളുടെ വി.സി. നിയമനങ്ങള്‍ക്ക് സേര്‍ച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ച് ഗവര്‍ണര്‍. കേരള സര്‍വകലാശാല സേര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സിലറുടെ നോമിനിയായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിനെ ഉള്‍പ്പെടുത്തി.. നാലുവര്‍ഷ ബിരുദമടക്കം ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റംവരുന്ന ഘട്ടത്തില്‍ സര്‍വകലാശാലകളിലെ ഇന്‍-ചാര്‍ജ് ഭരണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നു കണ്ടാണ് സ്ഥിരം വി.സി. നിയമനത്തിലേക്ക് ഗവര്‍ണര്‍ കടന്നത്. നിലവില്‍ കാലിക്കറ്റ് ഒഴികെ ഒരു സര്‍വകലാശാലയിലും സ്ഥിരം വി.സിമാരില്ല..
◾ അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
◾ അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്നും രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിര്‍ദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.
◾ തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്തു നിന്നും 12:30 ന് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. എന്നാല്‍ വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ശേഷം മൂന്നു മണിക്കൂറോളം യാത്രക്കാരെ സുരക്ഷാ ജീവനക്കാര്‍ പരിശോധിച്ചു. വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന് എഴുതിയത് കണ്ട വിസ്താര ജീവനക്കാരാണ് സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
◾ ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ഇതുവരെ സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു. ഭൂനികുതി ഉള്‍പ്പെടെ പ്രധാന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകള്‍ വരാനിടയായതെന്നും മന്ത്രി വ്യക്തമാക്കി.
◾ മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ജയ വര്‍മ സിന്‍ഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവന്‍. ബംഗളൂരു - കണ്ണൂര്‍ എക്സ്പ്രസ് സര്‍വ്വീസ് കോഴിക്കോടേക്ക് നീട്ടി റെയില്‍വേ ബോര്‍ഡ് ഇറക്കിയ ഉത്തരവ് അഞ്ച് മാസം കഴിഞ്ഞും നടപ്പിലാക്കാത്തതിലെ പ്രതിഷേധം അദ്ദേഹം മന്ത്രിയെ അറിയിച്ചു.
◾ കോഴിക്കോട് എന്‍ഐടിയിലെ കരാര്‍ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു. ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി, ശുചീകരണ വിഭാഗത്തിലെ 312 ജോലിക്കാരെയും നിലനിര്‍ത്തുമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് 60 വയസ്സ് എന്ന മാനദണ്ഡം തന്നെ ഇനിയും നിലനിര്‍ത്താനും തീരുമാനിച്ചു. ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
◾ സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യും. ഒന്നാംവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് വിജ്ഞാനോത്സവം ആയി സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ആഘോഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ മാസപ്പടി കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഹൈക്കോടതിയില്‍ ഇഡി. വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടതുണ്ട്. സിഎംആര്‍എല്ലിന്റെ കണക്കുകള്‍ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു.
◾ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ ഇന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
◾ അനധികൃത ലോട്ടറി വില്‍പ്പന നടത്തിയതിന് പത്തനംതിട്ട ജില്ലയിലെ അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അംഗീകൃത ഏജന്റായിരിക്കെ ബോച്ചേ ടീ എന്ന ഉത്പന്നവും നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു. വകുപ്പ് നിര്‍ദേശപ്രകാരം അടൂര്‍ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.
◾ പാറശാലയില്‍ ക്വാറി ഉടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍, കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജ്ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്‌സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.പാറശാലയ്ക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്.
◾ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍ . യാത്രക്കപ്പല്‍ തുടങ്ങുന്നതിനായി രണ്ട് ഏജന്‍സികളെ തെരഞ്ഞെടുത്തു. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പല്‍ ഒരുക്കും.
◾ തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുതിയ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ. ജൂലൈ ഒന്നാം തീയ്യതി മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട്, 06:10ന് ബെംഗളൂരുവില്‍ എത്തും.
◾ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്, ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെഎസ്ആര്‍ടിസി. രാത്രി 8 മുതല്‍ രാവിലെ 6 വരെ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ദീര്‍ഘദൂര മള്‍ട്ടി ആക്സില്‍ എ.സി സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
◾ കെ - സ്മാര്‍ട്ട് ആപ്പ് വഴി ലൈസന്‍സ് നേടിയത് 1,31,907 സ്ഥാപനങ്ങളെന്ന് റിപ്പോര്‍ട്ട് . 1,19,828 വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കി. 12,079 പേര്‍ പുതിയ ലൈസന്‍സ് എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥാപനങ്ങളുടെ ലൈസന്‍സ്, വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് കെ - സ്മാര്‍ട്ട് സോഫ്‌റ്റ്വെയര്‍ വഴിയാക്കിയത്.
◾ പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് നഷ്ടപ്പെട്ട സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാ മഠത്തിലെ വിദ്യാര്‍ഥിനി തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കല്‍ വീട്ടില്‍ സാബു രജി ദമ്പതികളുടെ മകള്‍ അനയ ആര്‍ സാബുവിന് മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്റെ അശ്രദ്ധ മൂലം എസ് എസ് എല്‍ സിക്ക് ഏഴ് മാര്‍ക്ക് നഷ്ടപ്പെട്ട സംഭവത്തിലാണ് ബലാവകാശ കമ്മിഷന്റെ ഉത്തരവ്.
◾ ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളില്‍ കാലവര്‍ഷകാറ്റ് സജീവമാണ്. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ മാവേലിക്കര തഴക്കരയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന വീടിന്റെ പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലുമല, പുതുച്ചിറ, പ്ലാവിള വടക്കതില്‍ ആനന്ദന്‍ (കൊച്ചുമോന്‍-54), ചെട്ടികുളങ്ങര, പേള പേരേക്കാവില്‍ സുരേഷ് ഭവനത്തില്‍, സുരേഷ്(57) എന്നിവരാണ് മരിച്ചത്. മാവേലിക്കര മുന്‍സിപ്പാലിറ്റി 8-ാം വാര്‍ഡ് തഴക്കര പുത്തന്‍ പുരയിടത്തില്‍ സ്റ്റീഫന്‍ ഫിലിപ്പോസിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ചു കൊണ്ടിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കുരയുടെ വാര്‍പ്പിനായി ഉപയോഗിച്ച തട്ട് ഇളക്കി മാറ്റുന്നതിനിടെയായിരുന്നു അപകടം.
◾ ആളൊഴിഞ്ഞ പറമ്പില്‍ പൊട്ടിവീണ് കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കൊല്ലയില്‍ പഞ്ചായത്തിലെ തൈക്കൂര്‍വിളാകം വീട്ടില്‍ ബാബു(68)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഓണംകോട് ആട്ടക്കുളത്തിന് സമീപത്തെ ആളൊഞ്ഞ പറമ്പിലാണ് സംഭവം.
◾ മണ്ണന്തലയില്‍ മൂന്നു വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തില്‍ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചത് മുത്തച്ഛനല്ല എന്ന കണ്ടെത്തല്‍. സംഭവം നടന്ന സമയത്ത് കുട്ടിയുടെ മുത്തച്ഛന്‍ വെയിറ്റിംഗ് ഷെല്‍ട്ടറില്‍ ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നിരപരാധിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു. ചായ കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍ മറിഞ്ഞതാകാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ താനല്ല ഇത് ചെയ്തതെന്നും കുട്ടിയുടെ ദേഹത്ത് അബദ്ധത്തില്‍ ചായ വീണതാണെന്നും മുത്തച്ഛന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു.
◾ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയില്‍മോചിതനായി. റാഞ്ചിയിലെ ബിര്‍സ മുന്ദ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയ അദ്ദേഹത്തെ ഭാര്യ കല്‍പ്പന സോറന്‍, ജെ.എം.എം. ജനറല്‍ സെക്രട്ടറി വിനോദ് പാണ്ഡെ എന്നിവര്‍ സ്വീകരിച്ചു.തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും താന്‍ തുടങ്ങി വെച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്നും ജയില്‍മോചിതനായ സോറന്‍ പ്രതികരിച്ചു.
◾ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് 2023-24 കാലയളവില്‍ നടത്തിയ ഉഭയകക്ഷി അവലോകനത്തില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടം. ജൂണ്‍ 26നും 28നും ഇടയില്‍ സിംഗപ്പൂരില്‍ നടന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് സമ്പൂര്‍ണ്ണ യോഗം അംഗീകരിച്ച ഉഭയകക്ഷി അവലോകന റിപ്പോര്‍ട്ടില്‍, ഇന്ത്യയെ 'റെഗുലര്‍ ഫോളോ-അപ്പ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവയെ ചെറുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണിത്.
◾ പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കേസില്‍ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം തല തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
◾ ബി എസ് യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ ഉത്തരവ് കര്‍ണാടക ഹൈക്കോടതി നീട്ടി. കേസില്‍ സി ഐ ഡി കഴിഞ്ഞ ദിവസം വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി ഐ ഡിയോട് കോടതി നിര്‍ദേശിച്ചു. വിശദമായ എതിര്‍ സത്യവാങ്മൂലം നല്‍കുന്നത് വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
◾ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ ജാര്‍ഖണ്ഡില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് അറസ്റ്റിലായത്. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്.
◾ ഇന്ധന വിലക്കുറവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി അജിത് പവാറാണ് ബജറ്റ് അവതരിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 65 പൈസയുടെയും ഡീസലിന് 2.60 രൂപയുടെയും കുറവാണ് വരുന്നത്. 21നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ യോഗ്യരായവര്‍ക്ക് മാസം 1500 രൂപ, 50 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വര്‍ഷം മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യം, ഇന്റേണ്‍ഷിപ്പ് പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്ന 10 ലക്ഷം തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 10,000 രൂപ പ്രതിമാസ സ്റ്റൈപെന്‍ഡ് എന്നിവയാണ് ബജറ്റിലെ ആകര്‍ഷണങ്ങള്‍.
◾ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ഷഫാലി വര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ ഇരട്ട സെഞ്ചുറിയിലൂടെയാണ് ഷഫാലി നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കിയത്. 2002ലെ മിതാലി രാജിന്റെ ഇരട്ട സെഞ്ച്വറി നേട്ടത്തിന്റെ 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ സെഞ്ചുറി പിറക്കുന്നത്. ഷഫാലി - മന്ദാന സഖ്യത്തിന്റെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ഒന്നാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ദിവസം ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന റെക്കോഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി.
◾ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ഇന്ന്. രാത്രി 8 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. 2007 ന് ശേഷം ലോകകപ്പ് കിരീടം നേടാനുള്ള ഇന്ത്യയുടെ ആഗ്രഹം സഫലമാകുമോ അതോ ആദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ചിരകാല അഭിലാഷം സാധ്യമാകുമോയെന്ന് ഇന്നറിയാം. അതേസമയം ഫൈനല്‍ നടക്കേണ്ട ബാര്‍ബഡോസില്‍ മഴ ഭീഷണിയാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
◾ യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30 ന് ഇറ്റലിയും സ്വിറ്റ്സര്‍ലണ്ടും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം 12.30 ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ജര്‍മനി ഡെന്‍മാര്‍ക്കുമായും ഏറ്റുമുട്ടും.
◾ ലോകത്തെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ. ആഭ്യന്തര വ്യോമയാന വിപണിയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പ്രമുഖ വിമാന കമ്പനികളായ എയര്‍ഇന്ത്യയും ഇന്‍ഡിഗോയും ഫ്‌ളീറ്റിന്റെ വലിപ്പം വികസിപ്പിച്ചതാണ് ഇന്ത്യയ്ക്ക് ഗുണമായത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആഭ്യന്തര വിമാനശേഷി ഇരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രിലിലെ 79 ലക്ഷം സീറ്റുകളില്‍ നിന്ന് 2024 ഏപ്രിലോടെ 1.55 കോടി സീറ്റുകളായി വര്‍ധിപ്പിച്ചതാണ് ഗുണം ചെയ്തത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയതോടെ ബ്രസീലിനെയും ഇന്തോനേഷ്യയെയും മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. നേരത്തെ ആഭ്യന്തര വ്യോമാന വിപണിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. ശരാശരി കപാസിറ്റി വളര്‍ച്ചയില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് വളര്‍ച്ചയില്‍ 6.9 ശതമാനം വളര്‍ച്ചയാണ് നേടിയത്. വളര്‍ച്ചയില്‍ അമേരിക്കയും ചൈനയും വരെ ഇന്ത്യയ്ക്ക് താഴെയാണ്. ചൈനയില്‍ 6.3 ശതമാനം വളര്‍ച്ചയാണെങ്കില്‍ അമേരിക്കയില്‍ ഇത് 2.4 ശതമാനം മാത്രം. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ചേര്‍ന്ന് 1000ലധികം വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. രാജ്യത്തെ 10 ആഭ്യന്തര സീറ്റുകളില്‍ 9 എണ്ണവും ഈ രണ്ടു വിമാന കമ്പനികളുടെ കൈവശമാണ്.
◾ മുരളി ഗോപിയും ഇന്ദ്രന്‍സും ഒന്നിക്കുന്ന കുടുംബ ചിത്രം 'കനകരാജ്യ'ത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ജൂലൈ 5ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകന്‍. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങന്‍, രമ്യ സുരേഷ്, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ഹരിനാരായണന്‍, മനു മന്‍ജിത്ത്, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.
◾ അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം 'ഗുഡ് ബാഡ് അഗ്ലി' പ്രഖ്യാപനം മുതല്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധാനം ആദിക് രവിചന്ദ്രനാണ്. നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ആക്ഷന്‍ സിനിമയില്‍ നടന്‍ സുനിലും പ്രധാന വേഷത്തില്‍ എത്തും എന്നാണ് വിവരം. ഇപ്പോള്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'ഗോഡ് ബ്ലെസ് യു മാമേ' എന്ന തലക്കെട്ടോടെ സ്വാഗ് ചിത്രമാണ് അജിത്തിന്റെ പിആര്‍ഒ സുരേഷ് ചന്ദ്ര പങ്കുവച്ചത്. വളരെ കളര്‍ഫുള്ളായ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ കൊല്ലം തമിഴില്‍ ഏറെ ശ്രദ്ധ നേടിയ മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഗുഡ് ബാഡ് അഗ്ലി സംവിധാനം ചെയ്യുന്ന ആദിക് രവിചന്ദ്രന്‍. പുഷ്പ അടക്കം ഹിറ്റുകള്‍ സൃഷ്ടിച്ച തെലുങ്ക് നിര്‍മ്മാണ കമ്പനി മൈത്രി മൂവിമേക്കേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. 2025 പൊങ്കല്‍ ലക്ഷ്യമാക്കിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
◾ മാരുതി സുസുക്കി ഇന്ത്യയുടെ ഏറ്റവും ജനപ്രിയവും രാജ്യത്തെ നമ്പര്‍-1 കാറുമായ സ്വിഫ്റ്റ് വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് സ്ഥാപിച്ചു. ലോഞ്ച് ചെയ്തതിനുശേഷം, ഈ കാറിന്റെ 30 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. 2005 ലാണ് ഈ ഹാച്ച്ബാക്ക് ആദ്യമായി ലോഞ്ച് ചെയ്തത്. 2013ല്‍ ഇത് 10 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന കടന്നു. 2018 ല്‍ അതിന്റെ വില്‍പ്പന കണക്കുകള്‍ ഇരട്ടിയായി. ഇപ്പോഴിതാ 30 ലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡ് വില്‍പ്പന കണക്ക് പിന്നിട്ടു. കഴിഞ്ഞ മാസമാണ് കമ്പനി നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. 6.49 ലക്ഷം രൂപയാണ് പുതിയ സ്വിഫ്റ്റിന്റെ എക്‌സ് ഷോറൂം വില. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ നല്‍കിയ ആദ്യത്തെ ഹാച്ച്ബാക്ക് കൂടിയാണിത്. ഇത് മാത്രമല്ല, പുറത്തിറക്കിയ ആദ്യ മാസത്തില്‍ തന്നെ രാജ്യത്തെ നമ്പര്‍-1 കാറായി ഇത് ഉയര്‍ന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടാറ്റ പഞ്ചിനെ പിന്നിലാക്കി. പുതിയ സ്വിഫ്റ്റിന്റെ സുരക്ഷാ ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇഎസ്പി, പുതിയ സസ്പെന്‍ഷന്‍, എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ എന്നിവ ലഭിക്കും.
◾ പ്രപഞ്ചത്തോളം വലുതായ ഒരു 'അമ്യൂസ്മെന്റ് പാര്‍ക്കി'ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള ഈശ്വരനോളവും, എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്. 'ഇപ്പോഴും എവിടെയും'. സി രാധാകൃഷ്ണന്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 85 രൂപ.
◾ വാശിപിടിച്ചു കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാന്‍ മൊബൈല്‍ അല്ലെങ്കില്‍ ലാപ്ടോപ്പില്‍ വിഡിയോ കാണിച്ചു കൊടുത്തു രക്ഷപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ ഈ പ്രവണത പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് അവരുടെ ദേഷ്യം, വാശി തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുമെന്ന് ഹംഗറിയിലെ ഈറ്റ്വോസ് ലോറന്‍ഡ് സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ മാതാപിതാക്കള്‍ പല തവണ 'ഡിജിറ്റല്‍ ഇമോഷന്‍ റെഗുലേഷന്‍' പ്രയോഗിക്കുന്നത് കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് കുട്ടികളില്‍ ഗുരുതര വികാര-നിയന്ത്രണ പ്രശ്നങ്ങളിലേക്ക് നയിക്കാം, പ്രത്യേകിച്ച് ദേഷ്യം പോലുള്ള വികാരങ്ങള്‍. രണ്ടിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള മുന്നൂറിലധികം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ഒരു വര്‍ഷം പഠനം നടത്തി. ഡിജിറ്റല്‍ ഇമോഷന്‍ റെഗുലേഷന്‍ കുട്ടികളില്‍ ദേഷ്യവും നിരാശയും അവര്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്നതായി കണ്ടെത്തി. സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒരിക്കലും കുട്ടികളെ സമാധാനിപ്പിക്കാനുള്ള ഉപാധിയല്ല. കുട്ടികള്‍ അവരുടെ നിഷേധാത്മക വികാരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടത് പ്രധാനമാണ്. അതിന് മാതാപിതാക്കള്‍ കുട്ടികളിലെ ഈ പ്രശ്നം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ഫ്രണ്ടിയേഴ്‌സ് ഇന്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.