സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍. കേരളത്തില്‍ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് തീവിലയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്നും കോണ്‍ഗ്രസിലെ റോജി എം ജോണ്‍ പറഞ്ഞു.
വെണ്ടക്കയും തക്കാളിയുമില്ലാത്ത സാമ്ബാറും മുരിങ്ങക്കായ ഇല്ലാത്ത അവിയലും കഴിക്കേണ്ട ദുരവസ്ഥയിലാണ് സാധാരണ മലയാളി കുടുംബം. ഒരു മാസം മുമ്ബ് 50-60 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കറി കിറ്റ് ഇപ്പോള്‍ കിട്ടണമെങ്കില്‍ നൂറു രുപയിലേറെ കൊടുക്കണം.
വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതൊന്നും സര്‍ക്കാര്‍ മാത്രം അറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
85 രൂപയ്ക്ക് കെ ചിക്കന്‍ ഒരു മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 85 രൂപയ്ക്ക് ചിക്കന്‍ കാല്‍ പോലും കിട്ടില്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന മത്തിയുടെ വില 300 രൂപയിലേറെയായി. വിപണിയില്‍ പച്ചക്കറി വില വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് നേരത്തെ കൃഷിമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സപ്ലൈകോയിലെ വിലവര്‍ധന ഇപ്പോള്‍ ജനങ്ങളെ ബാധിക്കുന്നില്ല.
കാരണം സപ്ലൈകോയില്‍ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ വിലക്കയറ്റം ബാധിക്കേണ്ടതുള്ളൂ എന്നും റോജി എം ജോണ്‍ പരിഹസിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.