ഉത്തർപ്രദേശിലെ മഹോബയില്‍ 30 കാരനായ ബാങ്ക് മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
അഗ്രി ജനറല്‍ മാനേജർ രാജേഷ് കുമാർ ഷിൻഡെയാണ് മരിച്ചത്
ജൂണ്‍ 19 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ബാങ്ക് അധികൃതർ തന്നെയാണ് യുവാവിന്റെ ദാരുണാന്ത്യത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗം വർധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അടുത്തിടെ സംഭവിക്കുന്ന ഇത്തരം സംഭവങ്ങളെന്ന് പലരും ഈ വിഷയത്തില്‍ പ്രതികരിക്കുന്നു. തൻ്റെ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് മയങ്ങി താഴെ വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്.
തുടർന്ന് ഇയാളുടെ തൊട്ടടുത്ത് ഇരുന്നവർ ഓടി വരികയും ഇയാളെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി കിടത്തുകയുമായിരുന്നു.
സഹപ്രവർത്തകർ ബോധരഹിതനായ യുവാവിന്റെ മുഖത്ത് വെള്ളം തളിക്കുകയും അയാള്‍ക്ക് സിപി ആർ നല്‍കാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, നില വഷളായതിനെ തുടർന്ന് ബാങ്ക് അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.