Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (28/06/2024)


 പ്രഭാത വാർത്തകൾ

2024 | ജൂൺ 28 | വെള്ളി | മിഥുനം 14 


◾ എഴുപത് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സൂചന നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. വഴിയോര കച്ചവടക്കാര്‍ക്കു വായ്പ നല്‍കുന്ന പിഎം-സ്വാനിധി പദ്ധതി ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലുള്ളവര്‍ക്കും ലഭ്യമാക്കുമെന്നും ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.


◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിഷയം ഇന്ന് ലോക്സഭയില്‍ ഉന്നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്നലെ ചേര്‍ന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. നീറ്റ് വിഷയം ശക്തമായി ഉന്നയിക്കണമെന്ന് യോഗത്തില്‍ പാര്‍ട്ടികളുടെ പ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു. ഇതോടെയാണ് വിഷയത്തില്‍ പാര്‍ലമെന്റിലടക്കം ആഞ്ഞടിക്കാന്‍ യോഗം തീരുമാനിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇന്ന് സഭയില്‍ നോട്ടീസ് നല്‍കുകയും ചെയ്യും.

◾ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ പാറ്റ്നയില്‍ നിന്ന്  രണ്ട് പേരെ അറസ്റ്റ് ചെയ്തു. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം നീറ്റ് പിജി പരീക്ഷ സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. പരീക്ഷ മാറ്റിവച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന്  ഐഎംഎ വെളിപ്പെടുത്തി.


◾ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പ്രതിഷേധത്തിനിടെ, ദില്ലിയില്‍  യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു. നീറ്റ് ക്രമക്കേടില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദില്ലിയില്‍ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനീവാസ് നേതൃത്വം നല്‍കിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.


◾ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.


◾ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുക. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


◾ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മന്ത്രി കെഎന്‍ ബാലഗോപാല്‍ കൂടിക്കാഴ്ച നടത്തി .  കേരളത്തിന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്ത് കൊടുത്തിരുന്നു. പുതിയ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും കേരളത്തിന് പിന്തുണ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

◾ എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായെന്ന് പ്രചരിപ്പിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിടേണ്ടിവന്ന പരാജയം സമ്മതിക്കുന്നു . പക്ഷേ പുറകോട്ട് പോകാന്‍ എല്‍ഡിഎഫ് ഒരുക്കമല്ല. പാര്‍ട്ടികമ്മിറ്റി കൂടുന്നത് ചര്‍ച്ച ചെയ്യാനാണ്. അതല്ലാതെ നേതാക്കള്‍ക്ക് സ്തുതി പാടാനല്ല.  തെറ്റു തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.


◾ ടിപി വധക്കേസിലെ പ്രതികളെ വെറുതെ വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്ന് കെകെ രമ എംഎല്‍എ. . ആഭ്യന്തര വകുപ്പറിയാതെ ഉദ്യോഗസ്ഥര്‍ക്ക് ഇതൊന്നും ചെയ്യാനാവില്ലെന്നും ഇങ്ങനെയൊരു ആഭ്യന്തര വകുപ്പ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും കെകെ രമ പറഞ്ഞു. അതിനിടെ, ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയെന്ന പേരില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറങ്ങി.


◾ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍. പ്രതികളുടെ ശിക്ഷാ ഇളവിനു വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തന്നെയാണെന്നും പൊലീസ് വിളിച്ചപ്പോഴാണ് കെ കെ രമ പോലും കാര്യങ്ങള്‍ അറിയുന്നതെന്നും ഷാഫി പറഞ്ഞു. സഭയില്‍ ഹാജരാവാന്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും എന്തു മുഖമാണ് ഉള്ളതെന്നും നടപടി തെറ്റാണെന്ന ബോധ്യത്തിലാണ് ഇരുവരും സഭയില്‍ ഇല്ലാതിരുന്നതെന്നും ഷാഫി പറഞ്ഞു.


◾ പി ജയരാജനെതിരെ ആരോപണവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. പി ജയരാജന്‍  ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണെന്നും പി ജയരാജന്റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്ററാണ് എന്നും ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിച്ചു. തനിക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ്  പറഞ്ഞു.  പി ജയരാജനുമായി വ്യക്തിപരമായി തനിക്ക്പ്രശ്നങ്ങളില്ലെന്നും പി ജയരാജന്റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ലെന്നും മനു തോമസ് കൂട്ടിച്ചേര്‍ത്തു.


◾ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണങ്ങള്‍ തള്ളി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി തനിക്ക് ബന്ധമില്ലെന്നും മനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ജെയിന്‍ രാജ് പ്രതികരിച്ചു.


◾ ടൂറിസ്റ്റ് ബസുകള്‍ക്കുളള ടാക്സ് വര്‍ദ്ധിപ്പിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ  മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് 4000 രൂപ ടാക്സ് വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ ശബരിമല സീസണാണ് വരുന്നത്,  അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.


◾ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഗതാഗത മന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഒന്നുകില്‍ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പറഞ്ഞ് വിടണമെന്നാണ് യദുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്.

◾ ക്രിസ്തീയ സഭ നേതാക്കള്‍ക്ക് കേരള ഹൗസില്‍ അത്താഴ വിരുന്നൊരുക്കി കെവി തോമസ്. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയസ്, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ഉള്‍പ്പെടെയുള്ളവരാണ് വിരുന്നില്‍ പങ്കെടുക്കുന്നത്. സിപിഎം പിബി അംഗം എംഎ ബേബിയും വിരുന്നില്‍ പങ്കെടുക്കുo. കേരള ഹൗസില്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചിട്ടില്ലെന്ന് കെവി തോമസ് പറഞ്ഞു.


◾ 12000 കോടിയോളം രൂപയുടെ പദ്ധതി മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്ന്  മന്ത്രി സജി ചെറിയാന്‍. നിയമസഭയില്‍ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 2078 കോടി രൂപയുടെ മത്സ്യകൃഷി പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.


◾ വിമാനത്താവളത്തിലെ യൂസര്‍ഫീ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശിതരൂര്‍ എം പി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ജരാപ്പു റാം മോഹന്‍ നായിഡുവിന് കത്തെഴുതി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് ഈ നിരക്ക് വര്‍ദ്ധന ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുമെന്ന് ഡോ. ശശിതരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.


◾ മുതലപ്പൊഴിയിലെ അപകടങ്ങള്‍ വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ആന്റണി രാജു. യുഡിഎഫ് കാലത്തെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അദാനിയുമായി കരാര്‍ ഒപ്പിട്ടത്. നിങ്ങളുടെ കണ്ണിലെ കോലു മാറ്റിയിട്ടാണ് ഞങ്ങളുടെ കണ്ണിലെ കരട് എടുക്കാന്‍ വരേണ്ടതെന്നും ആന്റണി രാജു പറഞ്ഞു. കടലില്‍ വെച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടയില്‍ ഏത് വിധേന മരിച്ചാലും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കണമെന്ന് ആന്റണി രാജു നിയമസഭയില്‍ ആവശ്യപ്പെട്ടു.


◾ യാക്കോബായ ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തില്‍ പള്ളികള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കോടതി നിര്‍ദേശം കണക്കിലെടുത്ത് അടുത്ത ദിവസം തന്നെ പള്ളികള്‍ ഏറ്റെടുക്കുമെന്നും ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടികള്‍ വൈകിയതെന്നും ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ വിശ്വാസികളില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടായി എന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കി.


◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു.


◾ കോഴിക്കോട് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്  മന്ത്രി വീണാ ജോര്‍ജ്. കിഫ്ബി വഴി 558.68 കോടി രൂപ ചെലവില്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.


◾ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്  പ്രത്യേക ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍. എച്ച്.1 എന്‍.1 വ്യാപനം തടയുകയാണ് ലക്ഷ്യം. ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും  ഒഴിവാക്കണം. ചത്ത് കിടക്കുന്ന പക്ഷികളേയും മൃഗങ്ങളേയും കൈ കൊണ്ട് എടുക്കരുതെന്നും നിര്‍ദേശമുണ്ട്.

◾ സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച് വനിതാകമ്മീഷന്റെ സഹായത്തോടെ ഡി.എന്‍.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചിട്ടും ഭര്‍ത്താവ് സംരക്ഷണം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതി പരാമര്‍ശിച്ചുകൊണ്ടാണ് കമ്മീഷന്‍ ഈ ആശങ്ക പങ്കുവച്ചത്.  


◾ കളിയിക്കാവിള ദീപു കൊലക്കേസില്‍ പ്രതി കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്തി.  പ്രതി അമ്പിളി കൊലപാതകത്തിനായി ഉപയോഗിച്ച കത്തി  തോട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനായി  സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നല്‍കിയ പാറശ്ശാല സ്വദേശി സുനിലിനായി  പൊലീസ് അന്വേഷണം തുടങ്ങി.


◾ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സക്കെത്തിയ യുവതിയെ മാനസികവും  സാമ്പത്തികവുമായി ബുദ്ധിമുട്ടിച്ച ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനു മുമ്പ് ഗൈനക്കോളജിസ്റ്റായ ഡോക്ടറെ നേരില്‍ കേള്‍ക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ഡോക്ടര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിച്ച ആരോഗ്യവകുപ്പ്, ഡോക്ടര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പരാമര്‍ശിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.


◾ സംസ്ഥാനത്തെ ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചെന്ന്  മന്ത്രി കെ രാജന്‍. ജൂലൈ ഒന്ന് മുതല്‍ 71 കേന്ദ്രങ്ങളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചാകും ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കുക. ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കാനായി പുതിയ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ കൂടുതലായി നിയോഗിച്ചെന്നും മന്ത്രി വിവരിച്ചു.


◾ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സര്‍ക്കാര്‍ അവര്‍ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് നിയമസഭയില്‍ എം വിന്‍സന്റ് എംഎല്‍എ. പിന്നാലെ മറുപടി നല്‍കിയ മന്ത്രി ഗണേഷ് കുമാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. ഡ്രൈവര്‍മാരില്‍ പരിശോധന കര്‍ശനമായപ്പോള്‍ അപകട നിരക്ക് വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു.


◾ തമിഴ്നാട്ടിലെ ഹൊസൂരില്‍ 2000 ഏക്കര്‍ സ്ഥലത്ത് പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളമാണ് നിര്‍മിക്കുകയെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. ഹൊസൂരിലും പരിസര പ്രദേശങ്ങളിലും നിരവധി ഉല്‍പ്പാദന, വ്യാവസായിക യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുകയാണ് ലക്ഷ്യം.


◾ ലോക്‌സഭ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി എംപി ആര്‍.കെ. ചൗധരി. സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തിലാണ് ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. എസ്പി എംപിയുടെ ആവശ്യത്തെ എതിര്‍ത്ത് ബിജെപി രംഗത്തെത്തി. ഇന്ത്യന്‍ ചരിത്രത്തോടും സംസ്‌കാരത്തോടും സമാജ്വാദി പാര്‍ട്ടിക്ക് ബഹുമാനമില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.


◾ ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസില്‍  കുറ്റപത്രം സമര്‍പ്പിച്ച് സിഐഡി. ബെംഗളുരുവിലെ പോക്സോ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. യെദിയൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. താന്‍ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.


◾ അടിയന്തരാവസ്ഥ വിഷയത്തില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്പീക്കര്‍ ഓം ബിര്‍ളയുമായുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് രാഹുല്‍ കടുത്ത പ്രതിഷേധം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും മറ്റ്  പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമാണ് സ്പീക്കറെ കണ്ടത്.


◾ ഹരിയാണയില്‍ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് ജനനായക് ജനതാ പാര്‍ട്ടി . സംസ്ഥാനത്ത് ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായിരുന്നു ജെ.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഭരണകക്ഷിയായ ബി.ജെ.പിയുമായി യാതൊരു സഖ്യത്തിനും ഇനിയില്ലെന്നും ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.


◾ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ടീം ഇന്ത്യ. മഴ പലതവണമുടക്കിയ രണ്ടാം സെമി ഫൈനലില്‍ 57 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും മികവില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 16.4 ഓവറില്‍ 103 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. 


മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.


◾ യൂറോ കപ്പില്‍ ഇന്ന് മത്സരങ്ങളില്ല. നാളെ മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.  


◾ ഗള്‍ഫ് പണ വരവിന്റെ വളര്‍ച്ചാ തോതില്‍ ഉണ്ടാകുന്ന ഇടിവ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിന്റെ അനുപാതത്തെയും ബാധിക്കും. കഴിഞ്ഞ വര്‍ഷത്തെ ഗള്‍ഫ് പണ വരവ് 7.5 ശതമാനമായിരുന്നത് ഈ വര്‍ഷം അവസാനത്തോടെ 3.7 ശതമാനം ആയി കുറയും. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധികളാണ് ഇതിന് പ്രധാന കാരണം. എണ്ണ വിലയിലുണ്ടാകുന്ന ഇടിവ്, ഉത്പാദന മേഖലയിലെ മാന്ദ്യം എന്നീ ഘടകങ്ങള്‍ ഗള്‍ഫില്‍ നിന്ന് അയക്കുന്ന പണത്തിന്റെ തോത് കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെയും യൂറോപ്പിലെയും അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യയിലേക്കുള്ള വിദേശ പണമൊഴുക്ക് കൂടാന്‍ സഹായകമായിരുന്നു. 2023ല്‍ ഇന്ത്യയിലേക്ക് 120 ബില്യണ്‍ ഡോളര്‍ ആണ് എത്തിയത്. ഈ വര്‍ഷം 124 ബില്യണ്‍ ഡോളറും 2025ല്‍ 129 ബില്യണ്‍ ഡോളറുമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് വിദേശ പണമായി കണക്കാക്കുന്നത്. 


ഈ പണം ഉപയോഗിച്ചാണ് നാട്ടിലുള്ള കുടുംബങ്ങള്‍ പ്രധാനമായും ജീവിച്ചു പോകുന്നത്. പണമൊഴുക്ക് കുറയുന്നത് സാധാരണക്കാരുടെ ജീവിതത്തെ വരെ ബാധിക്കും. ലോകത്ത് ഏറ്റവും അധികം വിദേശ പണം എത്തുന്നത് ഇന്ത്യയിലേക്കാണ്. 12,000 കോടി ഡോളര്‍ ആണ് കഴിഞ്ഞ വര്‍ഷം എത്തിയത്. രണ്ടാം സ്ഥാനത്ത് മെക്‌സിക്കോയും (66 ബില്യണ്‍ ഡോളര്‍), മൂന്നാം സ്ഥാനത്ത് ചൈനയുമാണ് (50 ബില്യണ്‍ ഡോളര്‍). ഫിലിപ്പിന്‍സ് (39 ബില്യണ്‍ ഡോളര്‍), പാക്കിസ്ഥാന്‍ (27 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് അതിന് പിന്നില്‍. ലോകത്ത് ഏറ്റവും അധികം പ്രവാസികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്.18.7 മില്യണ്‍ ഇന്ത്യക്കാരാണ് വിവിധ വിദേശ രാജ്യങ്ങളില്‍ ഉള്ളത്.


◾ അക്ഷയ് കുമാര്‍ നായകനാവുന്ന 'സര്‍ഫിറ'യിലെ വീഡിയോ ഗാനം പുറത്തെത്തി. ഖുദായ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുന്‍താഷിര്‍ ശുക്ലയാണ്. സൂഹിത് അഭ്യങ്കാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മനോഹര മെലഡിയാണ് ഇത്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്റെ റീമേക്ക് ആണ് സര്‍ഫിറ. സൂരറൈ പോട്ര് ഒരുക്കിയ സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. 


പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ്, 2ഡി എന്റര്‍ടെയ്ന്‍മെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. സര്‍ഫിറ ജൂലൈ 12 ന് തിയറ്ററുകളില്‍ എത്തും. 


ശാലിനി ഉഷാദേവിയും ചേര്‍ന്നാണ് ഹിന്ദിയില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ സമീപകാലത്ത് ബോക്സ് ഓഫീസില്‍ നേരിടുന്ന പരാജയ തുടര്‍ച്ചയ്ക്ക് സര്‍ഫിറ ഒരു അന്ത്യം കുറിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


◾ ശ്രീനാഥ് ഭാസിയെ നായകനാക്കി,  വൈപ്പിന്‍ ഹാര്‍ബറിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിന്റെ കഥ പറയുന്ന 'പൊങ്കാല' എന്ന ചിത്രം എ ബി ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍, മുനമ്പം തീരപ്രദേശങ്ങളില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 


ഗ്ലോബല്‍ പിക്ചേഴ്സ്  എന്റര്‍ടെയ്ന്‍മെന്റ്, ദിയ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ അനില്‍ പിള്ള, ഡോണ തോമസ്, അലക്സ് പോള്‍, ജിയോ ഷീബാസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ആക്ഷന്‍ ഹ്യൂമര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, ബിബിന്‍ ജോര്‍ജ്, അപ്പാനി ശരത്, സൂര്യ കൃഷ്ണ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, യാമി സോന, ദുര്‍ഗാ കൃഷ്ണ, മാര്‍ട്ടിന്‍ മുരുകന്‍, പ്രവീണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 


ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ, സന്തോഷ് വര്‍മ, സംഗീതം അലക്സ് പോള്‍, ഛായാഗ്രഹണം തരുണ്‍ ഭാസ്‌കര്‍.


◾ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജിടി ഫോഴ്‌സ് ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ജിടി ടെക്‌സ പുറത്തിറക്കി. 1,19,555 രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. നൂതന സാങ്കേതികവിദ്യ, ഉയര്‍ന്ന പ്രകടനം, പരിസ്ഥിതി സൗഹൃദ മൊബിലിറ്റി എന്നിവ ഉപയോഗിച്ച് നഗരങ്ങളിലെ റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പുതിയ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. 


ജിടി ടെക്സ  കറുപ്പും ചുവപ്പും എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. റിമോട്ടോ കീയോ ഉപയോഗിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാം. 17.78 സെന്റീമീറ്റര്‍ എല്‍ഇഡി ഡിസ്പ്ലേ വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നു. കൂടാതെ മെച്ചപ്പെട്ട ദൃശ്യപരതയ്ക്കും സുരക്ഷയ്ക്കുമായി ഒരു ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, എല്‍ഇഡി ഹെഡ്ലൈറ്റ്, ടെയില്‍ ലൈറ്റ്, ടേണ്‍ സിഗ്നല്‍ ലാമ്പുകള്‍ എന്നിവയും ബൈക്കില്‍ ഉള്‍പ്പെടുന്നു. 


മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയുള്ള ബിഎല്‍ഡിസി മോട്ടോറാണ് ജിടി ടെക്സയ്ക്ക് കരുത്തേകുന്നത്. 2024 അവസാനത്തോടെ 100 ഡീലര്‍ഷിപ്പ് ഷോറൂമുകളിലേക്ക് വ്യാപിപ്പിക്കാനും വില്‍പ്പന, സേവനം, സ്പെയര്‍ പാര്‍ട്‌സ് പിന്തുണ എന്നിവ നല്‍കാനും കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


◾ ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തില്‍ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിന്‍ യാത്രയില്‍ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടര്‍ച്ചയെന്നോണം മതവും ഭാഷയും സംസ്‌കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങള്‍ മാറിമാറി വന്നണയുന്നു. തീര്‍ത്തുമൊരു സിനിമാറ്റിക് രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു. 'അനുരാഗ ലോലഗാത്രി'. ജൂലിയ തോമസ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 266 രൂപ.


◾ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഐസിഎംആര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് എന്‍ഡോമെട്രിയല്‍ കാന്‍സറിന്റെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് ഐസിഎംആര്‍ ചൂണ്ടികാണിക്കുന്നു. സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വ്യാപിച്ചു വരുന്നതിന് സമാന്തരമായി ഡയബറ്റിസ് മെലിറ്റസ് വ്യാപനം സമീപ വര്‍ഷങ്ങളില്‍ ഭീകരമായി വര്‍ധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. പ്രമേഹരോഗികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള സ്ത്രീകള്‍ക്ക് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നും പുതിയ പഠനങ്ങളില്‍ പറയുന്നു. 


ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസിന്റെ ഇന്‍സുലിന്‍ പ്രതിരോധം, ഹൈപ്പര്‍ ഇന്‍സുലിനീമിയ എന്നീ സവിശേഷതകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായ ക്ഷീണവും അമിതവണ്ണവും പലപ്പോഴും കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അമിതഭാരം ആരോഗ്യകരമായ ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് പ്രമേഹത്തില്‍ ഉയര്‍ന്ന ഇന്‍സുലിന്‍ നിലയിലേക്ക് നയിക്കുന്നു. ഈ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഗര്‍ഭാശയ അര്‍ബുദത്തില്‍ കാണപ്പെടുന്ന അനിയന്ത്രിതമായ കോശ വളര്‍ച്ചയ്ക്കും കാരണമായേക്കാം. പ്രമേഹ ചികിത്സിക്കായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ എന്‍ഡോമെട്രിയല്‍ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം വഷളാക്കുമെന്നും പഠനങ്ങള്‍ പറയുന്നു..


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക