Click to learn more 👇

അത്യാഹിത വിഭാഗത്തില്‍ രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമയുടെ ചിത്രീകരണം; മനുഷ്യാവകാശ കമ്മിഷൻ റിപ്പോര്‍ട്ട് തേടി


 

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.


സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാൻ അനുമതി നല്‍കിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നല്‍കിയത്.

ഫഹദ് ഫാസില്‍ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസിലാക്കുന്നത്.


പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്.

പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. ദൃശ്യമാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക