പ്രായപൂർത്തിയാകാത്ത മകനെ ക്രൂരമായി മർദിക്കുന്ന അമ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ യുവതിക്കെതിരേയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ രണ്ടുമാസം മുൻപ് ചിത്രീകരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. മദ്യപാനിയായ ഭർത്താവിനെ പേടിപ്പിക്കാനായാണ് യുവതി മകനെ മർദിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലാണ് ഹരിദ്വാർ സ്വദേശിനി 11 വയസ്സുള്ള മകനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. കാലുകള്‍ക്കിടയില്‍ പിടിച്ചുകിടത്തി മകനെ നിരന്തരം മർദിക്കുന്നതും കടിച്ചുപരിക്കേല്‍പ്പിക്കുന്നതുമാണ് ദൃശ്യത്തിന്റെ ആദ്യഭാഗത്തുള്ളത്. ഉറക്കെ കരഞ്ഞിട്ടും ഇവർ മകനെ വീണ്ടും ഉപദ്രവിക്കുന്നതും മുഖത്തടക്കം മർദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മകന്റെ ശരീരത്തിന് മുകളില്‍ കയറിയിരുന്നും ഇവർ മകനെ ആക്രമിച്ചിരുന്നു. പിന്നാലെ മകൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍ പിടിച്ചുവലിച്ച് വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പ്രചരിച്ചതോടെ ശിശുക്ഷേമ സമിതി ഇടപെടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് യുവതിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തെന്നാണ് റിപ്പോർട്ട്.
ഭർത്താവ് സ്ഥിരം മദ്യപാനിയാണെന്നും ഇദ്ദേഹവുമായി പത്തുവർഷത്തിലേറെയായി പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ഭർത്താവിനെ പേടിപ്പിക്കാനായാണ് മകനെ ഉപദ്രവിച്ചതെന്നുമായിരുന്നു യുവതിയുടെ മൊഴി. ഉത്തർപ്രദേശില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ഭർത്താവ് മാസങ്ങളോളം വീട്ടില്‍വന്നിരുന്നില്ല. വീട്ടുചെലവിനും പണം നല്‍കിയിരുന്നില്ല. അതിനാല്‍ ഭർത്താവിനെ പേടിപ്പിക്കാനായാണ് മൂത്തമകനെ കൊണ്ട് വീഡിയോ ചിത്രീകരിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതി ഈ വീഡിയോ ഭർത്താവിന് അയച്ചുനല്‍കിയിരുന്നു. തുടർന്ന് ഭർത്താവാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍ക്കാരെ അടക്കം ചോദ്യംചെയ്തതായി പോലീസ് പറഞ്ഞു. യുവതി മക്കളോട് നല്ലരീതിയില്‍ പെരുമാറുന്നയാളാണെന്നാണ് ഇവർ നല്‍കിയ മൊഴി. യുവതിക്കെതിരേ ഇവരാരും പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, യുവതി ഭർത്താവിനെതിരേ ഉന്നയിച്ച പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.