Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (11/07/2024)


 പ്രഭാത വാർത്തകൾ


2024 | ജൂലൈ 11 | വ്യാഴം | മിഥുനം 27


◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമാണെന്നും, വ്യാപക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രവും എന്‍ടിഎയും. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടതില്ലെന്നും എന്‍ടിഎ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാട്ന, ഗോധ്ര എന്നിവിടങ്ങളില്‍ ഒതുങ്ങുന്ന ക്രമക്കേടുകള്‍ മാത്രമാണ് നടന്നത്. റാങ്ക് ലിസ്റ്റിലും മാര്‍ക്ക് നല്‍കിയതിലും അപാകതയില്ലെന്നും ഗ്രേസ് മാര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു.


◾ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പരക്കെ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ  225 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കേരളം പുറത്ത് വിട്ട കണക്കനുസരിച്ച് 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 37 പേര്‍ക്ക് എച്ച് 1 എന്‍ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍. സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


◾ തൃശ്ശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍  സ്വദേശിയായ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സ്ഥിരീകരിച്ചത്. ഇത് അപകടകരമായ മസ്തിഷ്‌ക ജ്വരമല്ലെന്നും വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


◾ സംസ്ഥാനത്ത്   രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തില്‍  രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന  രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേര്‍ക്കാണ് ഈ സ്ഥാപനത്തില്‍ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.  രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.  ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.


◾ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറുമെന്നും അഭിമാനപൂര്‍വ്വം ഈ നേട്ടം നമുക്ക് ഓരോരുത്തര്‍ക്കും ആഘോഷമാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേര്‍ത്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് നാളെ എത്തിച്ചേരുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.


◾ മലബാറില്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത് ദൂരവ്യാപകമായി ഫലമുളവാക്കുന്ന ഒന്നാണെന്നും മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ത്ത് ഈ വര്‍ഗീയ ശക്തികളെല്ലാം ചേര്‍ന്ന് യു.ഡി.എഫിനൊപ്പം നിന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുസ്ലിം ലീഗ് ചെയ്യുന്നത് ഈ വര്‍ഗീയ ശക്തികളെ ഏകോപിപ്പിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണെന്നും ഇതിന്റെ ഭാഗമായാണ് 2.8 ശതമാനം വോട്ടുകുറഞ്ഞിട്ടും യു.ഡി.എഫ് ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  


◾ സിപിഎം-സിപിഐ നേതാക്കള്‍ ജനഹൃദയങ്ങളില്‍ നിന്ന് അകന്നുവെന്നും സിപിഎം-സിപിഐ പാര്‍ട്ടികളുടെ അടിത്തറ തകര്‍ന്നുവെന്നും ഒന്നല്ല, ഒരായിരം പിണറായിമാര്‍ പുറത്തുണ്ടെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.


◾ സ്‌കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ഥികളുടെ വാഹനങ്ങളിലെ സാഹസിക പ്രകടനത്തില്‍ കടുത്ത നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സാഹസിക പ്രകടനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മറ്റുള്ളവരുടെ ജീവനെടുക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഉത്തരവുണ്ട്. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.


◾ സംസ്ഥാനത്ത് കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനുള്ളത്. ജല്‍ജീവന്‍ മിഷന്‍ പോലും മുടങ്ങിക്കിടക്കുകയാണ്. കരാറുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നില്ല. ആറുമാസം സര്‍ക്കാരിന്റെ  പിടിപ്പുകേട് കാരണം എന്‍എച്ച്എം ഫണ്ട് കേരളത്തിന് കിട്ടിയില്ല. ആരോഗ്യ മന്ത്രി പൂര്‍ണ പരാജയമാണ്. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നതെന്നും പിണറായിയുടെ കീശ വീര്‍പ്പിക്കാനാണ് കേരളീയം പോലുള്ള ധൂര്‍ത്ത് നടത്തുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.


◾ ഔദ്യോഗിക ക്ഷണമില്ലാത്തതിനാല്‍ വിഴിഞ്ഞം ട്രയല്‍ റണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു.  നോട്ടീസില്‍ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേര് ഉണ്ടെങ്കിലും  ക്ഷണം ഇല്ലാതെയാണ് പേര് ചേര്‍ത്തതെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി. എന്നാല്‍ ഔദ്യോഗികമായിതന്നെ ക്ഷണിക്കുമെന്ന് വിഴിഞ്ഞം തുറമുഖം അധികൃതര്‍ പറഞ്ഞു. ബിഷപ്പിനെ നേരില്‍ കണ്ട് ക്ഷണിക്കാനും തീരുമാനമുണ്ടെന്നാണ് സൂചന.


◾ തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ.ഡി പ്രതാപനെ ഈ മാസം 17 ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി. നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താന്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് ഇഡിയുടെ ആവശ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയില്‍ ഇഡി നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് പ്രൊഡക്ഷന്‍ വാറണ്ട്. ഹൈറിച്ച് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ശൃംഖലയില്‍ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്റെ ഭാര്യ ശ്രീനയുടേയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.


◾ ഐഎസ്ആര്‍ഒ ചാരക്കേസ് സി.ഐ ആയിരുന്ന എസ് വിജയന്‍ കെട്ടിച്ചമച്ചതാണെന്ന് സിബിഐ. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വായായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് ഐ കെകെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


◾ ഐഎസ്ആര്‍ഒ ചാരക്കേസില്‍ സത്യം ഒരു നാള്‍ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണന്‍. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ചാരക്കേസിന്റെ കാലത്ത് എല്ലാ മാധ്യമങ്ങളും തനിക്കെതിരെ നിന്നു. ഞാന്‍ തെറ്റുക്കാരന്‍ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ടായിരുന്നു. സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെ തന്റെ ജോലി കഴിഞ്ഞെന്നും നമ്പി നാരായണന്‍ പറഞ്ഞു.


◾ കുടുംബത്തിനുവേണ്ടി വീട്ടമ്മമാര്‍ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് ഇന്ത്യന്‍ പുരുഷന്മാര്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടത് അത്യാവശ്യമാണെന്നും. സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ നിലനിര്‍ത്തണമെന്നും എ.ടി.എം ഉപയോഗിക്കാന്‍ നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.


◾ പത്തനംതിട്ടയില്‍ സി.പി.എമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് പിടിയിലായ യദുകൃഷ്ണ.


◾ സിപിഎമ്മില്‍ ചേര്‍ന്ന യദുകൃഷ്ണന്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ എക്സൈസ് കുടുക്കിയതാണ്. യുവമോര്‍ച്ചാ ബന്ധമുള്ള അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി വിശദീകരണം നല്‍കി.


◾ ചാന്‍സിലര്‍ക്കെതിരെ കേസ് നടത്തുന്ന വിസിമാര്‍ സ്വന്തം ചെലവില്‍ കേസ് നടത്തണമെന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് എതിരെ കേസ് നടത്താന്‍ ഉപയോഗിച്ച സര്‍വ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടി വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. കേസ് നടത്താന്‍ 1.13 കോടിയാണ് വിസിമാര്‍ ചെലവാക്കിയിരുന്നത്. ഈ തുക തിരികെ അടയ്ക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.


◾ സര്‍ക്കാര്‍ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്  ചീഫ് സെക്രട്ടറി ഡോക്ടര്‍ വി വേണുവിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി , എഡിജിപി  താക്കീത് നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ 10 ദിവസത്തേക്ക് സിംഗപ്പൂരിലേക്കായിരുന്നു യാത്ര. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായതിനാല്‍ കമ്മിഷന്റെ അനുമതിയോടെയാണ് യാത്ര നടത്തിയത് എന്നാണ് എ.ഡി.ജി.പി.യുടെ വിശദീകരണം.


◾ രാജ്യാന്തര അവയവക്കടത്ത് കേസില്‍ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതിക്കെതിരെ നിലനില്‍ക്കുന്നത് ഗുരുതരമായ ആരോപണമാണെന്നും കോടതി പറഞ്ഞു. അവയക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റുണ്ടെന്ന് അറിയിച്ച പൊലീസിന്റെ ആരോപണം ശരിയെങ്കില്‍ വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.


◾ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വാഹന ലൈസന്‍സുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. കണ്ണൂരില്‍ ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട് കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റ് ആര്‍ടിഒ,സബ് ആര്‍ടിഒ പരിധികളില്‍ ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കും. നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി യാത്ര നടത്തിയിരുന്നു. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള ഒന്‍പത് കുറ്റങ്ങളാണ് എംവിഡി ചുമുത്തിയിരിക്കുന്നത്.


◾ ആരാണ് രാജ്യത്ത് മുസ്ലിം രാഷ്ട്രവാദം ഉന്നയിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്വം കെകെ ശൈലജ കാണിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഹിന്ദു രാഷ്ട്ര വാദം ഉന്നയിക്കുന്നവരെ എതിര്‍ക്കുന്നതിനൊപ്പം മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നവരെയും എതിര്‍ക്കണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജയുടെ നിയമസഭയിലെ പ്രസ്താവനക്കെതിരെയാണ് സലാമിന്റെ വിമര്‍ശനം.


◾ പിഎസ്സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നല്‍കിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭര്‍ത്താവ് പറഞ്ഞു. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. പൊലീസിന് ലഭിച്ച മൊഴിയുടെ കാര്യം മനസിലാക്കിയിട്ടാണ് സിപിഎം നേതൃത്വം പരാതി ഇല്ലെന്ന് അവകാശപ്പെട്ടത്. പിഎസ്സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ല നടന്നതെന്നും ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാര്‍ട്ടിക്കകത്തെ വിശദീകരണം. അന്തിമ നടപടി തീരുമാനിക്കാന്‍ ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരും .


◾ ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  രാജ്യാന്തര കോണ്‍ക്ലേവ്  ജൂലൈ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന്  മന്ത്രി പി രാജീവ് . കെഎസ്ഐഡിസി ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും രണ്ടുദിവസത്തെ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.


◾ വൈദ്യുതി അപകടങ്ങളുടെ മുഖ്യകാരണം അശ്രദ്ധ, അജ്ഞത, അലംഭാവം എന്നിവയാണെന്നും ഇത് മറികടക്കാന്‍ ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ മുഖ്യ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി അപകട രഹിത ഡിവിഷനുള്ള പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുര്‍ഘട പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ചെന്ന് പ്രവൃത്തികളിലേര്‍പ്പെടുന്നതിലെ കാലതാമസം, ചെലവ്, ബുദ്ധിമുട്ട് എന്നിവ കുറച്ചുകൊണ്ട് ഫീഡര്‍ തകരാര്‍ ഇല്ലാത്ത ഭാഗങ്ങളില്‍ വൈദ്യുതി പെട്ടെന്ന് പുനസ്ഥാപിക്കാനുള്ള റിമോട്ട് ഓപ്പറേറ്റിംഗ് സപ്പോര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.


◾ പീരുമേട് നിയമസഭാ മണ്ഡലത്തില്‍   വാഴൂര്‍ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് ആണ് ഹര്‍ജി ഫയല്‍ നല്‍കിയത്. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം വാഴൂര്‍ സോമന്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പല വിവരങ്ങളും മറച്ചു വെച്ചുവെന്നും ചില ഭാഗങ്ങള്‍ മനപൂര്‍വം ഒഴിവാക്കി എന്നുമാണ് സിറിയക് തോമസിന്റെ ആരോപണം.


◾ പാചകവാതക ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ കത്തിന് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ഉറപ്പ്. ആധാര്‍ മസ്റ്ററിങിന്റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍  വി ഡി സതീശന്റെ  കത്ത് പങ്കുവച്ചുകൊണ്ടാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഇക്കാര്യം അറിയിച്ചത്.


◾ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തി മഞ്ഞുമലകളിലേക്ക്  പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കണ്ടെത്തി. സൈനികരുടെ മൃതദേഹങ്ങള്‍ ഓപ്പറേഷന്‍ ആര്‍ ടി ജി ദൗത്യത്തിലൂടെയാണ് കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ രോഹിത് കുമാര്‍, താക്കൂര്‍ ബഹദൂര്‍, നായിക് ഗൗതം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 2023 ഒക്ടോബറിലാണ് 38 അംഗ സംഘം അപകടത്തില്‍ പെട്ട് മൂന്ന് പേരെ കാണാതായത്. സൈനികരുടെ മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടംബങ്ങള്‍ക്ക് വിട്ടു നല്‍കി.


◾ മുംബൈയില്‍  ആഡംബരക്കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ മുഖ്യപ്രതിയായ മിഹിര്‍ ഷായുടെ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവരെ മിഹിര്‍ 40 തവണ വിളിച്ചതായാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു ഫോണ്‍ കോളുകള്‍.സംഭവത്തിന് ശേഷം മിഹിറും കൂടെയുണ്ടായിരുന്ന ഡ്രൈവറും സ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയായിരുന്നു.


◾ ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ പൊലീസ് പോസ്റ്റിന് നേരെ ഭീകരര്‍ വെടിവെച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബസന്ത് ഗഡിലാണ് ആക്രമണം നടന്നത്. ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. പിന്നാലെ സുരക്ഷ സേന തിരിച്ചടിച്ചു. ആക്രമണം നടത്തിയവര്‍ക്കായി മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.


◾ സിംബാവേക്കെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 23 റണ്‍സിന്റ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 66 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 49 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിബാംവേ 65 റണ്‍സെടുത്ത ഡിയോണ്‍ മയേഴ്‌സിന്റെ മികവില്‍ പൊരുതിയെങ്കിലും 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി


◾ തൊണ്ണൂറാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നേരത്തെ ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്റെ റോക്കറ്റ് ഷോട്ടിലൂടെ മുന്നിലെത്തിയ ഡച്ച് ടീമിനെതിരേ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചത്.  ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനലാണിത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.


◾ ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലും ലൈഫ് ഇന്‍ഷുറന്‍സിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 23 ശതമാനത്തോളം വര്‍ധനവാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉണ്ടായിട്ടുള്ളത്. പുതിയ പോളിസികളുടെ ആദ്യ പ്രീമിയം അടവ് സംഖ്യ കഴിഞ്ഞ വര്‍ഷം ജൂണില്‍ 73000 കോടി രൂപയായിരുന്നെങ്കില്‍ അത് ഈ ജൂണില്‍ 89726 കോടിയായി ഉയര്‍ന്നു. പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണം രാജ്യത്താകമാനം വലിയ തോതില്‍ ഉയരുന്നുണ്ടെന്നാണ് കൗണ്‍സിലിന്റെ കണക്കുകള്‍ കാണിക്കുന്നത്. പുതിയ പോളിസി ഉടമകളുടെ എണ്ണം 12.13 ശതമാനം ഉയര്‍ന്നു. 21.79 ലക്ഷം പുതിയ പോളിസികളാണ് ഈ വര്‍ഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയത്. വ്യക്തിഗത പോളിസികളിലും ഗ്രൂപ്പ് പോളിസികളിലും ഈ വര്‍ധനവുണ്ട്. ഗ്രൂപ്പ് പോളിസികളില്‍ 14.75 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. ജീവന്‍ സുരക്ഷ എന്നതിനൊപ്പം നിക്ഷേപമെന്ന നിലയിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ജനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ കണക്കുകളില്‍ നിന്നുള്ള വിലയിരുത്തല്‍. രാജ്യത്ത് ഏജന്റുമാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 1.29 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പുതിയ പോളിസികളുടെ എണ്ണം കൂടാന്‍ ഇത് പ്രധാന കാരണായതായി ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


◾ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോലാര്‍ ഗോള്‍ഡ് ഫാകടറിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തങ്കലാന്‍'. വിക്രമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം ചിയാന്‍ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്ലര്‍ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷന്‍ ചിത്രമായ തങ്കലാന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്ലറില്‍ കാണുന്നത്. മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അന്‍പറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനില്‍ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്.


◾ തൃഷ നായികയാകുന്ന ഒരു വെബ് സീരീസ് റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തൃഷ പ്രധാന വേഷത്തിലെത്തുന്ന 'ബൃന്ദ'യുടെ ടീസര്‍ പുറത്തുവിട്ടു. ആന്ധ്രപ്രദേശില്‍ നിന്നുള്ള പൊലീസ് അന്വേഷണത്തിനറെ കഥ സോണി ലിവിന്റെ ബൃന്ദയില്‍ പ്രമേയമാകുമ്പോള്‍ സീരീസിന്റെ റിലീസ് ഓഗസ്റ്റ് രണ്ടിനാണ്. തൃഷയ്ക്ക് പുറമേ ബൃന്ദ എന്ന സീരീസില്‍ സായ് കുമാര്‍, അമണി, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധാനം നിര്‍വഹിക്കുന്നത് സൂര്യ വങ്കലയാണ്. ആന്ധ്രയിലെ യഥാര്‍ഥ സംഭവങ്ങള്‍ പ്രചോദനമാക്കിയുള്ള സീരീസില്‍ പൊലീസ് വേഷത്തിലാണ് തൃഷ എത്തുന്നത്. അടുത്തകാലത്ത് വിജയ് നായകനായി ഹിറ്റ് ചിത്രം ലിയോയിലടക്കം നായികയായി തൃഷ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.


◾ ഇന്ത്യയിലെ ജീപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി ഈയടുത്തിടെയാണ് ഹൃതിക് റോഷന്‍ എത്തിയത്. റാംഗ്ലറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കിയാണ് ഹൃതിക് റോഷന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയത്. ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ ആണ് താരത്തിന്റെ ഗാരിജിലേക്കെത്തിയത്. ക്ലാസ്സി ബ്ലാക് നിറത്തിലുള്ള വാഹനമാണ് ഹൃതിക് തിരഞ്ഞെടുത്തിരിക്കുന്നത്. ജീപ്പിന്റെ ഏറ്റവും പുതിയ 2024 റാംഗ്ലെര്‍ രാജ്യത്ത് അവതരിപ്പിച്ചിട്ടു അധികം നാളുകളായിട്ടില്ല. ഫേസ് ലിഫ്റ്റഡ് മോഡലിന് വിലയാരംഭിക്കുന്നത് 67.65 ലക്ഷം രൂപ മുതലാണ്. പുതിയ റാംഗ്ലെറിന്റെ മുന്‍ഭാഗത്തിനു ചെറിയ മാറ്റങ്ങളുണ്ട്. 17, 18 ഇഞ്ച് അലോയ് വീലുകളാണ്. റൂബികോണ്‍ വേരിയന്റിലാണ് 17 ഇഞ്ച് അലോയ് വീലുകള്‍. അണ്‍ലിമിറ്റഡ് വേരിയന്റില്‍ അലോയ് വീലുകള്‍ 18 ഇഞ്ചാണ്. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാപ്പ ലെതര്‍ സ്റ്റിയറിംഗ് വീല്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം അണ്‍ലിമിറ്റഡ് വേരിയന്റിലും ആല്‍പൈന്‍ പ്രീമിയം 9 സ്പീക്കര്‍ ഓഡിയോ സിസ്റ്റം റൂബികോണ്‍ വേരിയന്റിലുമുണ്ട്. 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനോടെയാണ് റാംഗ്ലെര്‍ വിപണിയിലെത്തുന്നത്. 268 ബി എച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് പെയര്‍ ചെയ്തിരിക്കുന്നത്. റൂബികോണ്‍ വേരിയന്റിന് 71.65 ലക്ഷം രൂപ വില വരുമ്പോള്‍ അണ്‍ലിമിറ്റഡിന് 67.65 രൂപയാണ് വില.


◾ ഈലിയ ബുക്സ് പ്രസിദ്ധീകരിക്കുന്ന '100 മിത്തുകള്‍' പ്രീ പബ്ളിക്കേഷന്‍ ബുക്കിംഗ് ആരംഭിച്ചു. സീനിയര്‍ ജേണലിസ്റ്റും കോളമിസ്റ്റുമായ ഫ്രാങ്കോ ലൂയിസ് രചിച്ച് 30 വര്‍ഷം മുമ്പ് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പുരാണ കഥകളില്‍നിന്നു തെരഞ്ഞെടുത്ത 100 കഥകള്‍. മഹാഭാരതം, രാമായണം, ഭാഗവതം, പഞ്ചതന്ത്രം, വിക്രമാദിത്യ, വടക്കന്‍പാട്ട്, അറബി, ഗ്രീക്ക്, ബൈബിള്‍, ഈസോപ്പ് കഥകള്‍. പ്രശസ്ത ആര്‍ട്ടിസ്റ്റ് പി.ജെ. ജോസഫ് വരച്ച ചിത്രങ്ങള്‍. ഡോ. പി.വി. കൃഷ്ണന്‍നായരുടെ അവതാരിക. 328 പേജ്. 500 രൂപ മുഖവിലയുള്ള പുസ്തകം പ്രകാശിതമാകുന്ന ജൂലൈ 27 വരെ പ്രീ പബ്ളിക്കേഷന്‍ ഇളവു നിരക്കായ 350 രൂപയ്ക്കു ലഭിക്കും. ഫോണ്‍. 919745108206.


◾ അത്ര കണ്ട് മുഷിഞ്ഞു കഴിഞ്ഞാലാണ് പലരും കിടക്കയിലെ ബെഡ്ഷീറ്റ് മാറ്റാന്‍ സമയമായെന്ന് ആലോചിക്കുന്നത് പോലും. എന്നാല്‍ ഇത് തികച്ചും അനാരോഗ്യകരമാണ് പ്രവണതയാണ്. ശരാശരി ആറ് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഒരാള്‍ കിടക്ക ഉപയോഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങള്‍, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതരം കാര്യങ്ങള്‍ ബെഡ്ഷീറ്റില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇവയില്‍ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകാം. കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കില്‍ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റില്‍ പടിച്ചെന്ന് വരാം. ന്യുമോണിയ, ഗൊണേറിയ (ലൈംഗികമായി പകരുന്ന അണുബാധകള്‍) ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ബാക്ടീരിയ ഉയര്‍ത്തുന്നു. ഷീറ്റുകളുടെ ദീര്‍ഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.  അഴുക്കുപിടിച്ച ഷീറ്റുകളില്‍ ന്യുമോണിയ, ഗൊണോറിയ, അപ്പെന്‍ഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയോയിഡുകള്‍ തങ്ങിനില്‍ക്കുന്നതായി മൈക്രോസ്‌കോപ്പ് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. എത്ര വൃത്തിയുള്ളതാണെങ്കിലും ഓരോ ആഴ്ചയിലും ബെഡ് ഷീറ്റ് നിര്‍ബന്ധമായും കഴുകണം. നമ്മുടെ ശരീരത്തില്‍ പ്രതിദിനം 40,000 മൃതകോശങ്ങള്‍ പുറന്തള്ളുന്നുണ്ട്. അതില്‍ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. രക്തം, കാപ്പി പോലുള്ള കടുത്ത കറകള്‍ നീക്കം ചെയ്യാനായി ബെഡ്ഷീറ്റ് വാഷിങ് മെഷീനില്‍ ഇടുന്നതിന് മുന്‍പ് തലേന്ന് സ്റ്റെയ്ന്‍ റിമൂവറില്‍ മുക്കിവെക്കുന്നത് നല്ലതാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ ചെറുചൂട് വെള്ളം കഴുകാനായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക