Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (16/07/2024)


 പ്രഭാത വാർത്തകൾ

2024 | ജൂലൈ 16 | ചൊവ്വ | കർക്കിടകം 1 


◾ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒഹായോയില്‍നിന്നുള്ള സെനറ്റര്‍ ജെ.ഡി.വാന്‍സിനെയും പ്രഖ്യാപിച്ചു. യുഎസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജ ഉഷ ചിലുകുരിയാണ് വാന്‍സിന്റെ ഭാര്യ.


◾ ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷമാക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഭരണഘടനാ ഹത്യാ ദിനമാക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷമാക്കാനുള്ള നീക്കം. ബിജെപി ഭരണഘടനയ്ക്കെതിരെന്ന പ്രതിപക്ഷ പ്രചാരണം ചെറുക്കാനാണ് കേന്ദ നീക്കം. ഭരണഘടനാ അവകാശങ്ങള്‍ വിശദീകരിച്ച് നിയമമന്ത്രാലയം തയ്യാറാക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.


◾ തിരുവനന്തപുരം  ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനായി ഇറങ്ങിയ  ജോയിയുടെ മരണത്തില്‍ ഹൈക്കോടതി ഇടപെടല്‍.  അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാന്‍ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പല്‍ കോര്‍പറേഷനും റെയില്‍വേയും ചേര്‍ന്ന് ഈ മാസം 19 ന് മുന്‍പ് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.


◾ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനിറങ്ങി മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്‌കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.  


◾ ആമയിഴഞ്ചാന്‍ തോട് ശുചീകരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. ജോയിയുടെ മരണത്തില്‍ റെയില്‍വെക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ജോയിയുടെ മരണത്തില്‍ സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് റെയില്‍വെ ശ്രമിച്ചതെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തി.


◾ എന്തിനേയും ഏതിനേയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷ നേതാവിന്റെ കടമ എന്ന് വി.ഡി.സതീശന്‍ തെറ്റിദ്ധരിച്ചതായി തോന്നുന്നുവെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ജനങ്ങളില്‍ ഭീതിയും ആശങ്കയും സൃഷ്ടിക്കുകയല്ല ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി ചെയ്യേണ്ടതെന്നും അനുദിനം ഉയര്‍ന്നുവരുന്ന വിവിധ വിഷയങ്ങളില്‍ സ്വീകരിക്കുന്ന സമീപനങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇനിയെങ്കിലും ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറാകണമെന്നും ജയരാജന്‍ പറഞ്ഞു.


◾ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജോയിയുടെ മരണം ദാരുണമായ സംഭവമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍, മനഃപൂര്‍വ്വമായ നരഹത്യയാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്റെ മിസ് മാനേജ്മെന്റിന്റെ ഇരയാണ് ജോയിയെന്നും അതുകൊണ്ടുതന്നെ മേയര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


◾ സംസ്ഥാനത്തെ മുഹറം അവധി ഇന്ന് തന്നെ. ചന്ദ്ര ദര്‍ശനപ്രകാരം മുഹറം 10 വരുന്നത് ജൂലൈ 17 ആയതിനാല്‍ ബുധനാഴ്ച അവധി നല്‍കണമെന്നു പാളയം ഇമാം സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇന്നത്തെ മുഹറം പൊതു അവധി പുനക്രമീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുയായിരുന്നു.


◾ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയിലും മരം വീണ് അപകടങ്ങള്‍. കൊച്ചി നഗരത്തില്‍ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കില്‍ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് ഇന്നലെ പുലര്‍ച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡാണിത്. ആലപ്പുഴയില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു.


◾ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍  കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് ന്യൂനമര്‍ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ വ്യാപകമായി  ഇടിന്നലോടും കാറ്റോടും  കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെയും മറ്റന്നാളും  കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


◾ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി  ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍  അറിയിച്ചു . നിത്യോപയോഗ സാധനങ്ങള്‍ 35 ശതമാനം വരെ വില കുറച്ച് സപ്ലൈയ്‌കോ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നതിനാണ് സഹായം. ഓണത്തിനു മുന്നോടിയായി സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈയര്‍മാര്‍ക്ക് നല്‍കുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.


◾ താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹര്‍ഷാദിനെ ഇറക്കിവിടുകയായിരുന്നു. താമരശ്ശേരിയില്‍ നിന്ന് മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ 10 അംഗ സംഘമെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കല്‍ സ്വദേശി ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.


◾ സ്വപ്ന സുരേഷിനെ പ്രതിരോധത്തിലാക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ കാര്യങ്ങളറിയാവുന്ന തന്നെ മാപ്പു സാക്ഷിയാക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോഴാണ് രണ്ടാം പ്രതിയുടെ ഹര്‍ജിയും പരിഗണനയ്ക്കായി എടുത്തത്.


◾ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തില്‍ സര്‍ക്കാര്‍ 2,35,967 രൂപ അനുവദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയ്ക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13 മുതല്‍ 17 വരെയുള്ള ചികിത്സയ്ക്ക് ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.


◾ സംസ്ഥാനത്തെ  മൂന്നു ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം . തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് നിയമിച്ചത്. ഐടി മിഷന്‍ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍. കോട്ടയം കളക്ടര്‍ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നല്‍കി.


◾ മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ എംപിമാരുടെ യോഗത്തില്‍ വാക് പോര് .കാസര്‍ക്കോട് എയിംസ് കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാന്‍ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.  കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതിയും അതിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്നമായത്.


◾ സംസ്ഥാന ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സംയുക്ത നിവേദനം നല്‍കാന്‍ എംപിമാരുടെ യോഗത്തില്‍ തീരുമാനമായി . തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കേരളത്തില്‍ നിന്നുള്ള  എംപി മാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടല്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എംപിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.


◾ കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഒരു ട്രെയിന്‍ പന്‍വേല്‍ വഴി വഴിതിരിച്ചു വിട്ടു. രത്നഗിരി മേഖലയിലെ ട്രാക്കിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.


◾ പെട്രോള്‍ പമ്പ് ജീവനക്കാരനെ  കാറിടിച്ച് കൊല്ലാന്‍  ശ്രമിച്ച ഗ്രേഡ് എ.എസ്.ഐ  സന്തോഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന് പമ്പ് ജീവനക്കാരനായ അനിലിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്റര്‍ കാറോടിച്ചായിരുന്നു പൊലീസുകാരന്റെ അതിക്രമം.


◾ തിരുവനന്തപുരം നിസാമുദ്ദീന്‍  രാജധാനി എക്സ്പ്രസ് ട്രെയിനിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന്  മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ ഏറ്റവും വാണിജ്യപ്രധാന്യവും യാത്രാ തിരക്കുമുള്ള റെയില്‍വേ സ്റ്റേഷനെന്ന നിലയില്‍ തിരൂരില്‍ സ്റ്റോപ്പ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.


◾ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്തെ ഓടയിലേക്ക് ഒഴുക്കുന്നുവെന്ന് പരാതി. നഗരസഭ പരിധിയിലുള്ള വഞ്ചിക്കുളത്തേക്കാണ് ഓടയില്‍ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നത്.  മേയറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കക്കൂസ് മാലിന്യം ഓടയില്‍ ഒഴുകാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.


◾ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍  വയോധികന്‍ രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്രയും തിരക്കുള്ളൊരു മെഡിക്കല്‍ കോളജിലെ ഒ പി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ ആള്‍ രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ ഒരു നിമിഷം സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ആരോഗ്യമന്ത്രിക്കില്ലെന്നും എത്രയും വേഗം അവര്‍ രാജിവച്ച് പുറത്തു പോകുന്നതാണ് പൊതുസമൂഹത്തിനും നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു.


◾ മലപ്പുറത്ത് പൊലീസിനെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് പൊന്നാനി സ്റ്റേഷനിലെ  പൊലീസുകാരെ യുവാക്കള്‍ ആക്രമിച്ചത്. സംഭവത്തില്‍ കുറ്റിക്കാട് സ്വദേശികളായ സൂരജ്, ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.


◾ ആലപ്പുഴയില്‍ താറാവ് അടക്കമുള്ള പക്ഷി വളര്‍ത്തലിന് 2025 വരെ നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന്  മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന. വൈറസിന്റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും ഇത് സംബന്ധിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തിയെന്നും 32 സ്പോട്ടുകള്‍ വളരെ നിര്‍ണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.


◾ ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍, രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കേസ് ഓഗസ്റ്റ് 9 ന് പരിഗണിക്കാനായി മാറ്റി. കേന്ദത്തിന്റെ ഇടപടല്‍ കൂടി ഉണ്ടായാലെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാനാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.


◾ കരാര്‍ കമ്പനിക്കെതിരെ ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങുമെന്ന് 108 ആംബുലന്‍സ് ജീവനക്കാര്‍. ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്കുള്ള  കേസുകള്‍ എടുക്കാതെയാണ് പ്രതിഷേധമാരംഭിക്കുന്നത്. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കിക്കൊണ്ടായിരിക്കും പരോക്ഷസമരം നടത്തുന്നത്. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.


◾ 'ഓണത്തിനൊരു മുറം പച്ചക്കറി' എന്ന പേരില്‍ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാളെ രാവിലെ  മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ഉദ്യാനത്തിലാണ് ഉദ്ഘാടന ചടങ്ങ്. വിവിധ വകുപ്പ് മന്ത്രിമാരുംജനപ്രതിനിധികളുംഉന്നത ഉദ്ദ്യോഗസ്ഥരുമെല്ലാം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.


◾ ജയിലില്‍ കയറി തടവുകാരന്റെ മൊഴി റെക്കോഡ് ചെയ്യാന്‍ ശ്രമിച്ചെന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2013 ല്‍ സോളാര്‍ കേസില്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന ജോപ്പന്റെ മൊഴി മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസിലാണ് ടിവി ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.  ചെറിയ പിഴവ് പോലും പറ്റാതെ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


◾ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ആനി രാജ മത്സരിച്ചതില്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ വിമര്‍ശനം. നടപടി രാഷ്ട്രീയ വിവേകമില്ലായ്മയെന്ന് പഞ്ചാബിലെ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ദേശീയ നേതൃത്വത്തിന് താന്‍ കത്ത് നല്‍കിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു.  ദേശീയ സെക്രട്ടറിയേറ്റിലേക്ക് ആനി രാജയെയും ഗിരീഷ് ശര്‍മയെയും ഉള്‍പ്പെടുത്താനുള്ള ദേശീയ നിര്‍വ്വാഹക സമിതി നിര്‍ദ്ദേശം  ദേശീയ കൗണ്‍സില്‍  അംഗീകരിച്ചു.


◾ ദില്ലിയില്‍ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്  അഴിതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി  ആരോപിച്ചു.  ഈ വിഷയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ലെന്നും  കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പ്രാധാന്യം കുറയാന്‍ ഇത് കാരണമാകുമെന്നും ശങ്കരാചാര്യര്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ നമ്മുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണെന്നു പറഞ്ഞ ശങ്കരാചാര്യര്‍ കേദാര്‍നാഥിന്റെ വിലാസം  ഹിമാലയത്തിലാണെന്നും അത് എങ്ങനെ ദില്ലിയില്‍ നിര്‍മ്മിക്കാനാകുമെന്നും ശങ്കരാചാര്യര്‍ ചോദിച്ചു.


◾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡോംബിവ്‌ളിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് മുംബൈയിലെ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപത്ത് വെച്ച് അപകടത്തില്‍ പെട്ടത്.


◾ ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കാന്‍ കര്‍ണാടക ആര്‍ടിസി തയാറെടുക്കുന്നതിടെ പ്രതികരണവുമായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. ശക്തി പദ്ധതി നഷ്ടത്തിലേക്ക് നയിച്ചിട്ടില്ലെന്നും പകരം പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ എത്തിക്കുകയാണ് ചെയ്തതെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും ഒന്നും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.


◾ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിചിത്രമായ 'ഉപദേശ'വുമായി മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ പന്നാലാല്‍ ശാക്യ. ഡിഗ്രിയെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ജീവിക്കാനായി വിദ്യാര്‍ഥികള്‍ മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍ റിപ്പയര്‍ കട തുടങ്ങണമെന്നാണ് എം.എല്‍.എ വിദ്യാര്‍ഥികളോട് പറഞ്ഞത്. തന്റെ മണ്ഡലത്തിലെ 'പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സി'ന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  


◾ അദാനി ഹിന്‍ഡന്‍ബെര്‍ഗ് കേസിലെ വിധിയില്‍ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി.  സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്. സെബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം.


◾ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ മൗനം ഭേദിച്ച് മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കര്‍. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നല്‍കുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പറഞ്ഞു. സര്‍വീസില്‍ പ്രവേശിക്കാനായി സമര്‍പ്പിച്ച ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേദ്കറിനെതിരായ ആരോപണം.


◾ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പിടിഐയെ നിരോധിക്കാന്‍ ഒരുങ്ങി ഭരണകൂടം. പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു.


◾ ഡൊണാള്‍ഡ് ട്രംപിനെ വധശ്രമത്തില്‍ നിന്ന് രക്ഷിച്ചത് 'ഭഗവാന്‍ ജഗന്നാഥ'നാണെന്ന വാദവുമായി കൃഷ്ണഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്‌കോണ്‍. കൊല്‍ക്കത്ത ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാറാം ദാസാണ് ഇക്കാര്യം പറഞ്ഞത്. വധശ്രമത്തില്‍നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ 'ദൈവീകമായ ഇടപെടല്‍' എന്ന് വിശേഷിപ്പിച്ച അദ്ദേഹം 1976 ജൂലായില്‍ ന്യൂയോര്‍ക്കില്‍ നടന്ന രഥയാത്രയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് ഭഗവാന്‍, ട്രംപിന്റെ ജീവന്‍ രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.


◾ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് പടിയിറങ്ങി അര്‍ജന്റീനയുടെ സൂപ്പര്‍താരം എയ്്ഞ്ചല്‍ ഡി മരിയ. കോപ്പ അമേരിക്കയില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന 16-ാം കിരീടം നേടിയപ്പോള്‍, അത് 11-ാം നമ്പറുകാരന്റെ പടിയിറങ്ങല്‍ കൂടിയായിരുന്നു. കോപ്പ കഴിയുന്നതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുമെന്ന് ഡി മരിയ നേരത്തേ അറിയിച്ചിരുന്നു. ഈ തലമുറ തനിക്ക് എല്ലാം നേടിത്തന്നു. ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചതെല്ലാം അവര്‍ സാധ്യമാക്കിത്തന്നു. ഇന്ന് ഞാന്‍ ഇത് അവസാനിപ്പിക്കുന്നു. ഇതിനെക്കാല്‍ നല്ല സമയമില്ലെന്ന് എയ്്ഞ്ചല്‍ ഡി മരിയ വ്യക്തമാക്കി.


◾ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 3.36 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. പച്ചക്കറി അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായി നാലാം മാസമാണ് പണപ്പെരുപ്പനിരക്ക് ഉയരുന്നത്. മെയില്‍ 2.61 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. കഴിഞ്ഞവര്‍ഷം ജൂണില്‍ നെഗറ്റീവ് 4.18 ശതമാനമായിരുന്ന സ്ഥാനത്താണ് പണപ്പെരുപ്പനിരക്കിലെ വര്‍ധന.2023 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന നിരക്ക്. അന്ന് 3.85 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. പച്ചക്കറിക്ക് പുറമേ മറ്റു ഭക്ഷ്യോല്‍പ്പന്നങ്ങള്‍, അസംസ്‌കൃത എണ്ണ തുടങ്ങിയവയും പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 10.87 ശതമാനമായാണ് ഉയര്‍ന്നത്. മെയില്‍ ഇത് 9.82 ശതമാനം മാത്രമായിരുന്നു. പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് വീണ്ടും പലിശനിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമോ എന്ന ആശങ്കയും വിപണിയില്‍ ഉയര്‍ന്നിട്ടുണ്ട്.


◾ ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍ ജയശങ്കര്‍ കാരിമുട്ടം നായകനാകുന്നു. ജയശങ്കറിന്റെ  പുതിയ ചിത്രമായ മറുവശത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയകൃഷ്ണന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്. കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന  ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. 'വധു ഡോക്ടറാണ്' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ജയശങ്കര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. ശ്രീജിത്ത് രവി, അഥിതി മോഹന്‍ , അഖില്‍ പ്രഭാകരന്‍, സ്മിനു സിജോ, നദി ബക്കര്‍, റ്റ്വിങ്കിള്‍ ജോബി,ബോബന്‍ ആലുമ്മൂടന്‍, ക്രിസ്സ് വേണുഗോപാല്‍. ഹിസ്സാന്‍, സജിപതി, ദനില്‍ കൃഷ്ണ, സഞ്ജു സലിം പ്രിന്‍സ്, റോയ് തുടങ്ങിയവരാണ് താരങ്ങള്‍.


◾ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു 'ഞാന്‍ കര്‍ണ്ണന്‍'. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ചിത്രമാണ് 'ഞാന്‍ കര്‍ണ്ണന്‍'. ശ്രിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെസ്ലിന്‍ രതീഷ് രചന നിര്‍വ്വഹിച്ച് സാജന്‍ സി ആര്‍ സംഗീതം ഒരുക്കി പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച 'അച്ഛനെന്നൊരു പുണ്യം എന്നെ അരുമയായ് കാത്തൊരു ധന്യജന്മം' എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, രമ്യ രാജേഷ് മുരളി കാക്കനാട്, ശിവദാസ് വൈക്കം സാവിത്രി പിള്ള, ബേബി ശ്രിയ പ്രദീപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രം ഉടനെ പ്രേക്ഷകരിലെത്തും. എം.ടി അപ്പന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സസ്പെന്‍സും ത്രില്ലും ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് ഈ ചിത്രം.


◾ 2024ല്‍ ഇന്ത്യന്‍ വാഹനലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഒരു എസ്യുവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ടാറ്റാ കര്‍വ്വ് ആണ് ഈ കാര്‍. ഈ കാര്‍ ഓഗസ്റ്റ് 7 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടാറ്റ കര്‍വിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ഒരേ ദിവസം തന്നെ അവതരിപ്പിക്കും. ടാറ്റ കര്‍വ് പുറത്തിറങ്ങിക്കഴിഞ്ഞാല്‍, ഇത് ഇന്ത്യയിലെ ആദ്യത്തെ കൂപ്പെ ശൈലിയിലുള്ള കോംപാക്റ്റ് എസ്യുവിയായി മാറും. സുരക്ഷിതത്വത്തിന് പേരുകേട്ടതാണ് ടാറ്റ കാറുകള്‍. ടാറ്റ കര്‍വിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകളും സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റുകളില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടാറ്റ കര്‍വിന്റെ ഐസിഇ പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. ആദ്യത്തേതില്‍ 115 ബിഎച്പി പരമാവധി കരുത്തും 260 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ, 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും നല്‍കും. ഈ എഞ്ചിന്‍ പരമാവധി 125 ബിഎച്ച്പി കരുത്തും 225 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. ഇതുകൂടാതെ, എസ്യുവിയുടെ ഇലക്ട്രിക് വേരിയന്റിന് 50കിലോവാട്ട്അവര്‍ ബാറ്ററി ബാക്ക് നല്‍കാനും സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഒറ്റ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ കഴിയും.


◾ കേരളചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ അത്യുത്തരകേരളത്തെക്കുറിച്ചുള്ള ചരിത്രം വളരെ വിരളമാണ്. അവ ഇപ്പോഴും രേഖപ്പെടുത്തപ്പെടാതെ കിടക്കുന്നു. എന്നാല്‍ അവ രേഖപ്പെട്ടുകിടക്കുന്ന വലിയൊരു മേഖലയാണ് വടക്കന്‍കേരളത്തിലെ തെയ്യങ്ങള്‍. അവയുടെ തോറ്റംപാട്ടുകളിലും വാചാലുകളിലും ഉരിയാട്ടങ്ങളിലുമെല്ലാം ആ ചരിത്രം തെയ്യാട്ടം നടത്തുന്നു. അതില്‍നിന്നും കണ്ടെടുക്കപ്പെട്ട അല്ലോഹലന്‍ എന്ന സാമന്തരാജാവിന്റെ ചരിത്രമാണ് നോവല്‍രൂപത്തില്‍ ഇതില്‍ അവതരിപ്പിക്കുന്നത്. 'അല്ലോഹലന്‍'. അംബികാസുതന്‍ മാങ്ങാട്. ഡിസി ബുക്സ്. വില 405 രൂപ.


◾ നൃത്തം ചെയ്യുമ്പോള്‍ ശരീരം മാത്രമല്ല തലച്ചോറും അതിനൊപ്പം വ്യായാമം ചെയ്യുകയാണ്. തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, മസ്തിഷ്‌ക പരിക്കുകള്‍ തുടങ്ങിയ ന്യൂറോ കോഗ്നിറ്റീവ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും ഡാന്‍ഡ് മികച്ച ചോയ്സ് ആണ്. സ്ഥിരമായി ഡാന്‍സ് ചെയ്യുന്നത് മിതമായ പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരെ മെച്ചപ്പെടുത്താനും ദൈനംദിന ജോലികള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സ് ഒരു മികച്ച സ്ട്രെസ്-ബസ്റ്ററാണ്. ഗുഡ് ഹോര്‍മോണ്‍ എന്ന് വിളിക്കുന്ന എന്‍ഡോര്‍ഫിന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് മാനസികാവസ്ഥ ഉയര്‍ത്താന്‍ സഹായിക്കുന്നു. മറ്റൊരു പഠനത്തില്‍ ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി വിഷാദവും ഉത്കണ്ഠയും കുറയ്ക്കുകയും ജീവിത നിലവാരവും വ്യക്തിപരവും വൈജ്ഞാനികവുമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ കാര്യത്തില്‍ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഡാന്‍സ് പതിവാക്കുന്നത് ഗുണം ചെയ്യും. നൃത്തം ചെയ്യുന്നത് ഹൃദയമിടിപ്പിനെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. കൂടാതെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നൃത്തം ശരീരഭാരം നിയന്ത്രിക്കാനും ശരീരം വഴക്കമുള്ളതാക്കാനും സഹായിക്കുന്നു. കൂടാതെ ഇതൊരു ഫ്ലെക്സിബിലിറ്റി, സ്ട്രെച്ചിങ് വ്യായാമമായും കണക്കാക്കാം. പേശികളുടെ ബലം വര്‍ധിരപ്പിക്കാനും ഡാന്‍സ് മികച്ച മാര്‍ഗമാണ്. ശ്വസനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും നൃത്തം നല്ലതാണ്. നൃത്തം ശ്വാസകോശങ്ങളെ നന്നായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ശ്വസിക്കുന്നത് എളുപ്പവും കൂടുതല്‍ ഊര്‍ജവും ലഭിക്കുന്നു. നൃത്തം പതിവായി ചെയ്യുന്നത് എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്തും. ഇത് എല്ലുകള്‍ ഒടിയാനുള്ള സാധ്യത കുറയ്ക്കുന്നു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക