Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (10/07/2024)


 പ്രഭാത വാർത്തകൾ


2024 | ജൂലൈ 10 | ബുധൻ |  മിഥുനം 26


◾ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.


◾ റഷ്യയുടെ അടുത്ത സുഹൃത്തായി ഇന്ത്യയെ കാണുന്നതിന്  നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.  തന്റെ റഷ്യന്‍ യാത്ര ലോകം മുഴുവന്‍ ഉറ്റു നോക്കുന്നത് ആദ്യമായിട്ടാണ്.   യുക്രൈന്‍ വിഷയത്തില്‍ ഇന്നലെ തുറന്ന ചര്‍ച്ച നടന്നുവെന്നും കീവിലെ കുട്ടികളുടെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവന്‍ നഷ്ടമാകുന്നത് വേദനാജനകമാണെന്നും, തന്റെ അഭിപ്രായം പുടിന്‍ കേട്ടത് സന്തോഷകരമെന്നും നരേന്ദ്രമോദി പറഞ്ഞു.


◾ രാജ്യത്ത് കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരു ആശയവുമില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. തെരഞ്ഞെടുപ്പിന് ശേഷം  കേരളത്തില്‍ ആദ്യമായെത്തിയ അദ്ദേഹം തൃശ്ശൂരിലെ വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ബിജെപി വടക്കേ ഇന്ത്യന്‍ പാര്‍ട്ടിയെന്ന പ്രചാരണം തെറ്റിയെന്നും ആന്ധ്രയിലെയും തെലങ്കാനയിലെയും മികച്ച ജയം ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും മികച്ച വിജയത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


◾ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയായെന്നും സര്‍ക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം.  ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും തിരഞ്ഞെടുപ്പു ദിവസം രാവിലെ തന്നെ അതു തുറന്നു സമ്മതിക്കുകയും ചെയ്ത ഇ.പി.ജയരാജന്‍ മുന്നണി കണ്‍വീനറായിരിക്കാന്‍ യോഗ്യനല്ലെന്നും ഇ.പിയുടെ അപക്വമായ നിലപാട് മുന്നണിയുടെ രാഷ്ട്രീയ വിശ്വാസ്യതയെ തന്നെ ബാധിച്ചുവെന്നും കൗണ്‍സിലില്‍ അംഗങ്ങള്‍ തുറന്നടിച്ചു.


◾ പി.എസ്.സി ബോര്‍ഡ് അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ഇത് ഗുരുതര വീഴ്ചയാണെന്നും ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതായിട്ടും ജില്ലാ ഘടകം മുഖവിലക്ക് എടുത്തില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്.


◾ പി.എസ്.സി അംഗത്വ നിയമനത്തിനായി സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം പോലും നടത്താത്തത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ സിപിഎമ്മിനെ അടപടലം ബാധിക്കുന്ന വിഷയമായതിനാല്‍ കോഴ ആരോപണം ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കുററപ്പെടുത്തി.


◾ സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കില്‍ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതിനുള്ള ധൈര്യം എം.വി ഗോവിന്ദനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാല്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ബിജെപിയുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.


◾ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയില്‍ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയായ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളും, 45,500 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്. വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ ഇന്നലെ പൊലീസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.


◾ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍, ഗോദ്സെയെ പ്രകീര്‍ത്തിച്ച് വിവാദത്തിലായ എന്‍.ഐ.ടി അധ്യാപിക പ്രഫ. ഷൈജ ആണ്ടവന്‍ വീണ്ടും വിവാദത്തില്‍. ഇവര്‍  അയച്ച ഇ-മെയില്‍ സന്ദേശമാണ് വിവാദമായത്. എന്‍ഐടിയിലെ മുന്‍ വിദ്യാര്‍ത്ഥിയുടെ  പ്രകോപനപരമായ സന്ദേശം ഫോര്‍വേഡ് ചെയ്തുള്ള ഇ-മെയിലിന് എതിരെയാണ് പരാതി. അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ കയ്യും കാലും വെട്ടണമെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി അജിന്റെ സന്ദേശം. ഇതാണ് ഷൈജ ആണ്ടവന്‍ ഫോര്‍വേര്‍ഡ് ചെയ്തത്.


◾ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗ ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ എത്രയും വേഗം പരിശോധനയ്ക്കയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


◾ കെഎസ്യു നിയമസഭയിലേക്ക് നടത്തിയ അവകാശ പത്രിക മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും പ്രതിഷേധമുയര്‍ത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സമരക്കാര്‍ക്കുനേരെ പൊലീസ് പലതവണ ജനപീരങ്കി പ്രയോഗിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് ഉള്‍പ്പെടെ പരിക്കേറ്റു.


◾ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായെന്നും ട്രയല്‍ ഓപ്പറേഷന്‍ ജൂലൈ 12 ന് ആരംഭിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍. ജൂലൈ 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യത്തെ കണ്ടെയ്‌നര്‍ കപ്പല്‍ 'സാന്‍ ഫെര്‍ണാണ്ടോ  മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


◾ കാസര്‍കോട് മാനസിക വെല്ലുവിളി നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശി മുഹമ്മദ് സാദിഖിനെ (22)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. കേസില്‍ അന്വേഷണം നടന്നുവരികയാണ്.


◾ ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകം.  പോസ്റ്റ്മോര്‍ട്ടത്തില്‍ ആണ് കൊലപാതകം ആണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


◾ അനുമതി വാങ്ങാതെ മണിപ്പൂരില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചെന്നു കണ്ടെത്തല്‍. തിരുവല്ല സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനത്തില്‍ താമസിപ്പിച്ചിരുന്ന 28 കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. നടത്തിപ്പുകാര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും ശിശു ക്ഷേമ സമിതി വ്യക്തമാക്കി.


◾ ബസ് ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ബിബിന്‍ കുര്യാക്കോസിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് നടപടി. ഇയാള്‍ ബസ് ഓടിക്കുന്നതിനിടിയില്‍ മൊബൈല്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ ആര്‍ടിഓയ്ക്ക് അയച്ചു നല്‍കിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു. ലൈസന്‍സ് റദ്ദാക്കിയതോടൊപ്പം ഇയാള്‍ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം.


◾ തൃശൂര്‍ മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്പെയര്‍പാര്‍ട്സ് ഗോഡൗണിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം. വെല്‍ഡിംഗ് തൊഴിലാളിയായ പാലക്കാട് ആലത്തൂര്‍ കാവശ്ശേരി അമ്പലക്കാട് നിബിന്‍ (22) ആണ് മരിച്ചത്. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. തീപിടിത്തത്തില്‍ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍.


◾ ആത്മീയ ആചാര്യന്‍ ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി . ഒരു കുട്ടിയുടെ നാവില്‍ ചുംബിച്ച സംഭവത്തിലാണ്  ഹര്‍ജി . കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി.


◾ മുംബൈയില്‍ ശിവസേന ഷിന്‍ഡേ വിഭാഗം നേതാവിന്റെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി മിഹിര്‍ ഷാ അറസ്റ്റില്‍. 24 കാരനായ പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.  പ്രതിയെ സംരക്ഷിക്കാന്‍ രാഷ്ട്രീയ നീക്കം നടക്കുന്നതായി ശിവസേന ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. രാഷ്ട്രീയ ആരോപണങ്ങള്‍ മുറുകുന്നതിനിടെയാണ് പ്രതി മിഹിര്‍ ഷാ അറസ്റ്റിലാവുന്നത്.


◾ പശ്ചിമബംഗാളില്‍ വനിതയെ സംഘം ചേര്‍ന്ന്  മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കമര്‍ഹാടിയില്‍ നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ കേസെടുത്തെന്നും ദൃശ്യങ്ങളിലുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നും ബംഗാള്‍ പൊലീസ് അറിയിച്ചു.


◾ ഗോമാംസം കടത്താന്‍ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാക്കൂര്‍ ഔദ്യോഗിക അനുമതി നല്‍കിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.  ഇന്ത്യ- ബംഗ്ലദേശ് അതിര്‍ത്തിയില്‍ ഗോമാംസം കടത്തുന്നതിനുള്ള അനുമതിപത്രം കേന്ദ്രമന്ത്രി ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ബിഎസ്എഫിന് നല്‍കിയെന്നാണ് ആരോപണം.


◾ ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ദോഡയിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ സേന ഊര്‍ജിതമാക്കിയിട്ടുണ്ട്.  


◾ ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി . ഇത്തരം വാഹനങ്ങള്‍ 80 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും അമേരിക്കയില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ടെസ്ലയുടെ സാധാരണ കാറുകള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.


◾ ഇസ്രയേലിന്റെ മനഃപൂര്‍വമുള്ള പട്ടിണിക്കിടല്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധസംഘം. ഇത് വംശഹത്യയുടെ സ്വഭാവത്തിലുള്ള അക്രമമാണെന്നും ഇസ്രയേലിന്റെ നടപടി ഗാസയിലുടനീളം ക്ഷാമത്തിനിടയാക്കിയെന്നും പത്തുപേരുള്‍പ്പെട്ട സ്വതന്ത്രവിദഗ്ധരുടെ സംഘം പ്രസ്താവനയില്‍ പറഞ്ഞു.


◾ ക്രിക്കറ്റ് മത്സരത്തിനെന്ന പേരില്‍ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ കോച്ച് മനു സമ്മതിച്ചതായി പൊലീസ്. കന്റോണ്‍മെന്റ് പൊലീസ് തെളിവെടുപ്പിനായി തെങ്കാശിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തെന്നും ഇതു കാട്ടി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തെന്നുമാണ് പരാതികളില്‍ പറയുന്നത്.


◾ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്.


◾ യൂറോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. ഒമ്പതാം മിനിറ്റില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്.


◾ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്കും കടക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര പോര്‍ട്ടില്‍ കപ്പല്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് തേടുന്നത്. നിലവില്‍ ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നി രാജ്യങ്ങളിലെ കപ്പല്‍ നിര്‍മ്മാണ യാര്‍ഡുകളില്‍ 2028 വരെ ബുക്കിംഗ് പൂര്‍ത്തിയായി. ഈ വര്‍ഷങ്ങളില്‍ ഇനി ഒരു കപ്പല്‍ നിര്‍മ്മാണത്തിന് പോലും ഒഴിവില്ലാത്ത വിധം ഈ യാര്‍ഡുകളില്‍ വര്‍്ക്കുകള്‍ നടക്കുന്നത് അവസരമായി കണ്ട് മുന്ദ്ര പോര്‍ട്ടില്‍ കപ്പല്‍ നിര്‍മ്മാണം ആരംഭിക്കാനാണ് ഗൗതം അദാനി പദ്ധതിയിടുന്നത്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നി രാജ്യങ്ങളിലെ യാര്‍ഡുകള്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ കഴിയാത്തവിധം നാലുവര്‍ഷത്തേയ്ക്കുള്ള ബുക്കിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ആഗോള കപ്പല്‍ ഉടമകള്‍ ഇന്ത്യയെ ഒരു ബദല്‍ നിര്‍മ്മാണ സൈറ്റായി കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത് അവസരമാക്കി മുന്ദ്ര പോര്‍ട്ടില്‍ കപ്പല്‍ നിര്‍മ്മാണം തുടങ്ങുന്നതിനുള്ള സാധ്യതയാണ് ഗൗതം അദാനി തേടുന്നത്. മാരിടൈം ഇന്ത്യ വിഷന്‍ 2030 പ്രകാരം മികച്ച 10 കപ്പല്‍ നിര്‍മ്മാതാക്കളില്‍ ഒരെണ്ണം ആകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2047 ഓടെ ആദ്യ അഞ്ചില്‍ ഇടം നേടാനുമുള്ള ശ്രമമാണ് നടന്നുവരുന്നത്. ഇതും കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്കുള്ള ഗൗതം അദാനിയുടെ കടന്നുവരവിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലോക വാണിജ്യ കപ്പല്‍ നിര്‍മാണ വിപണിയില്‍ നിലവില്‍ 1 ശതമാനത്തില്‍ താഴെയാണ് ഇന്ത്യയുടെ വിഹിതം. നിലവില്‍ 20-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ ഏറ്റവുമധികം ചരക്കുകള്‍ കൈകാര്യം ചെയ്യുന്നത് ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ട് ആണ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദന കേന്ദ്രം മുന്ദ്രയില്‍ നിര്‍മിക്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്.


◾ ഒട്ടനവധി സിനിമകളാണ് മലയാളത്തില്‍ റിലീസിന് കാത്തുനില്‍ക്കുന്നത്. മൂന്ന് ത്രീഡി സിനിമകള്‍ ഉള്‍പ്പടെയുള്ളവ ഉണ്ട്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധനേടിയ സിനിമകളില്‍ ഒന്നാണ് ബറോസ്. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ എത്തുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ബറോസിന് ഉണ്ട്. അതുകൊണ്ട് തന്നെ ഹൈപ്പും ഏറെയാണ്. ഓണം റിലീസായാണ് ബറോസ് തിയറ്ററുകളില്‍ എത്തുന്നത്. ബറോസ് റിലീസ് ചെയ്യാന്‍ ഇനി അറുപത്തി അഞ്ച് ദിവസമാണ് ബാക്കി. പ്രിയ നടന്റെ സിനിമ കാണാന്‍ കാത്തിരിക്കുന്നവര്‍ ഇക്കാര്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ പങ്കിടുന്നുണ്ട്. സെപ്റ്റംബര്‍ 12നാണ് ബറോസ് തിയറ്ററുകളില്‍ എത്തുക. വര്‍ഷങ്ങളായുള്ള അഭിനയജീവിതത്തില്‍ നിന്നും ഉള്‍കൊണ്ടുള്ള പാഠങ്ങള്‍ എല്ലാം ഉപയോ?ഗിച്ചാണ് മോഹന്‍ലാല്‍ തന്റെ ആദ്യ സംവിധാന സംരംഭം പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. മുണ്ടു മുറുക്കിയും മീശ പിരിച്ചും മാസ് ഡയലോഗുകളും കാഴ്ചവച്ച് സ്‌ക്രീനില്‍ തിളങ്ങുന്ന മോഹന്‍ലാല്‍ സംവിധായകന്റെ മേലങ്കി അണിയുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷ ആരാധകരില്‍ പ്രകടമാണ്.


◾ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ചെക്ക് മേറ്റി'ന്റെ ടീസര്‍ പുറത്തെത്തി. ചിത്രത്തിന്റെ തിരക്കഥയും സം?ഗീതവും ഛായാ?ഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍ നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് മനസ്സിലാക്കാനാവുന്നത്. അംബരചുംബികളായ കെട്ടിടങ്ങള്‍, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ കളിപോലെ മാറി മറിയുന്ന സംഭവ വികാസങ്ങള്‍ ഇവയൊക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നാണ് സൂചനകള്‍.  സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്ലൈനോടെയാണ് നേരത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ചെസ്സിലെ കരുക്കള്‍ പോലെ മാറിമറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.


◾ അടുത്തിടെ വിപണിയില്‍ എത്തിച്ച ചെറു എസ്യുവി, 3എക്സ്ഒയുടെ വൈദ്യുത മോഡലുമായി മഹീന്ദ്ര എത്തുന്നു. എസ്240 എന്ന കോഡു നാമത്തില്‍ വികസിപ്പിക്കുന്ന ചെറു  ഇലക്ട്രിക് എസ്യുവിയുടെ നിര്‍മാണം ഈ വര്‍ഷം നവംബറില്‍ ആരംഭിക്കും. നിലവിലെ എക്സ്യുവി 3 എക്സ്ഓയിലുള്ള എല്ലാ ഫീച്ചറുകളും ഇലക്ട്രിക് മോഡലിലുമുണ്ടാകും. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും എക്സ്യുവി 400യുടെ അടിസ്ഥാന മോഡലില്‍ ഉപയോഗിക്കുന്ന 34.5 കിലോവാട്ട് ബാറ്ററിയായിരിക്കും പുതിയ വാഹനത്തിന്. റേഞ്ച് ഏകദേശം 360 കിലോമീറ്ററും പ്രതീക്ഷിക്കാം. മാസം 1500 മുതല്‍ 1800 വരെ ഇലക്ട്രിക് 3 എക്സ്ഒകള്‍ വില്‍ക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. പെട്രോളും ഡീസലും ഇലക്ട്രിക്കും ചേര്‍ന്ന് ഒരു മാസം 12000 യൂണിറ്റുകള്‍ വരെ വില്‍ക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. പുതിയ ചെറു ഇലക്ട്രിക് എസ്യുവിയിലൂടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്കുമായി നേരിട്ട് മത്സരിക്കുകയാണ്  മഹീന്ദ്രയുടെ ലക്ഷ്യം. ഏകദേശം 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും പുതിയ എസ്യുവിയുടെ വില.


◾ ആരാണ് അമ്മ? ആഴിയോളം ആഴമുള്ള സ്‌നേഹവും ആകാശത്തോളം വിശാലമായ കരുതലുമുള്ളവളാണ് അമ്മ. അപരന്റെ സങ്കടങ്ങള്‍ അറിയുന്നവളാണ് അമ്മ. അമ്മയുടെ സങ്കടങ്ങള്‍ ആരാണ് അറിയുക? അമ്മ എന്ന മനോഭാവത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ലേഖനങ്ങള്‍. മാതൃത്വത്തിന്റെ മഹത്ത്വവും ഉള്‍ക്കാഴ്ചയും മനോഹരമായി അവതരിപ്പിക്കുന്ന പുസ്തകം. 'അമ്മ എന്ന നന്മ'. സ്തേഫാനോസ് ഗീവര്‍ഗീസ് മെത്രപ്പോലീത്ത്. മാതൃഭൂമി. വില 93 രൂപ.


◾ പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താന്‍ രണ്ട് പേര്‍ ഒരേ സമയം ഇരുന്ന് ഓടിക്കുന്ന ടാന്‍ഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് പഠനം. നാഡീവ്യൂഹസംബന്ധമായ രോഗമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ ടാന്‍ഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് സൗത്ത് കരോളിന സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഒന്‍പത് പാര്‍ക്കിന്‍സണ്‍സ് രോഗികളിലും അവരുടെ ഒന്‍പത് കെയര്‍ പാര്‍ട്ണറുകളിലുമാണ് രണ്ട് മാസം നീണ്ട പഠനം നടത്തിയത്. രോഗിയും കെയര്‍ പാട്ണറും ചേര്‍ന്ന ഈ ജോടികള്‍ അകത്ത് ഉറപ്പിച്ചിരിക്കുന്ന ടാന്‍ഡം ബൈസൈക്കിളില്‍ ആഴ്ചയില്‍ രണ്ട് തവണ വീതം ചവിട്ടി. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ പുറത്തെ സൈക്ലിങ്ങിന്റെ തോന്നല്‍ വരുന്ന വിധം പ്രകൃതിദൃശ്യങ്ങളും പുറത്തെ കാഴ്ചകളുമൊക്കെ ഇവരെ കാണിച്ചു കൊടുത്തു. ഈ വ്യായാമം രോഗികളുടെ ചലനശേഷി, നടപ്പിന്റെ വേഗം എന്നിവ മെച്ചപ്പെടുത്തിയെന്നും പാര്‍ക്കിന്‍സണ്‍സ് രോഗവളര്‍ച്ചയുടെ വേഗം കുറച്ചെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും ആശയവിനിമയം ചെയ്യുന്നതിലും സാമൂഹിക സാഹചര്യങ്ങള്‍ നേരിട്ട് ഇടപെടലുകള്‍ നടത്തുന്നതിലും ഉയരുന്ന വെല്ലുവിളികളില്‍ ശരാശരി അഞ്ച് പോയിന്റ് കുറവും ഇക്കാലയളവില്‍ ഇവര്‍ക്കുണ്ടായി. രോഗികളുടെ വിഷാദം കുറയ്ക്കുന്നതിലും സൈക്ലിങ് സഹായകമായതായി പഠനറിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ 76-ാമത് വാര്‍ഷിക യോഗത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കപ്പെടും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക