Click to learn more 👇

'അലറിവിളിച്ചു, ഇറങ്ങല്ലേ മക്കളേ...'; കണ്‍മുമ്ബില്‍ പെണ്‍കുട്ടികള്‍ ഒഴുകിപ്പോയ വേദന പങ്കുവെച്ച്‌ ദൃക്സാക്ഷികള്‍


 പുഴയോര ഭംഗി ആസ്വദിച്ചും ഫോട്ടോയും വിഡിയോയും എടുത്തും കളിച്ചു ചിരിച്ചു നടന്ന രണ്ട് പെണ്‍കുട്ടികള്‍ കണ്‍മുന്നില്‍ ഒഴുക്കില്‍പെട്ടതിന്റെ നടുക്കത്തിലാണ് പടിയൂരിലെ മുഹമ്മദലിയും ജബ്ബാറും.

ഇരിക്കൂർ സിബ്ഗ കോളജിലെ ബി.എസ്‍സി സൈക്കോളജി വിദ്യാർഥിനികളായ ഷഹർബാനയും (28) സൂര്യയും (23) ഇരിട്ടിക്കടുത്ത പടിയൂർ പൂവം പുഴയില്‍ ഒഴുക്കില്‍പെടുമ്ബോള്‍ ഇവർ അല്‍പം അകലെനിന്ന് മീൻ പിടിക്കുകയായിരുന്നു.

'അവിടെ ഇറങ്ങരുതെന്നും അപകടമാണെന്നും പലവട്ടം വിളിച്ചു പറഞ്ഞിരുന്നു. കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങിയപ്പോഴും കയറിപ്പോകാൻ പറഞ്ഞതാണ്. കുഴപ്പമില്ല ഞങ്ങള്‍ മുങ്ങില്ല എന്ന് അവർ മറുപടി പറഞ്ഞിരുന്നു. ഞങ്ങള്‍ വല കരക്കെത്തിച്ച്‌ അവിടേക്ക് പോകാൻ നില്‍ക്കുമ്ബോഴേക്കും രണ്ടുപേരും മുങ്ങിത്താഴ്ന്നു പോയി' - മുഹമ്മദലിയും ജബ്ബാറും പറഞ്ഞു. പഴശ്ശി ജലസംഭരണിയുടെ റിസർവോയർ ഭാഗമാണ് പടിയൂർ പൂവ്വം പുഴ. ഇവർ മീൻപിടിക്കുന്നതിന് 200 മീറ്റർ അകലെയാണ് വിദ്യാർഥിനികള്‍ പുഴയിലിറങ്ങിയത്. ഒന്നുരണ്ടുതവണ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. രണ്ടാമത്തെ കുട്ടി ഇവരുടെ വലയില്‍ കുടുങ്ങിയിരുന്നു. വലിച്ച്‌ കരക്കടുപ്പിക്കുന്നതിനിടെ വലയില്‍നിന്ന് വേർപെട്ട് പുഴയിലെ ചുഴിയില്‍ മറഞ്ഞുപോയതായി മുഹമ്മദലി പറഞ്ഞു.


എടയന്നൂർ ഹഫ്‌സത്ത് മൻസിലില്‍ ഷഹർബാനയും ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയും കോളജില്‍ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു. മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഏറെനേരം പുഴക്കരയിലൂടെ സെല്‍ഫിയെടുത്തും കളിച്ചുചിരിച്ചും നടന്ന ശേഷമാണ് സൂര്യയും ഷഹർബാനയും പുഴയില്‍ ഇറങ്ങിയത്. കരയില്‍നിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വീട്ടില്‍നിന്ന് പുഴക്കരയിലേക്ക് പോകുമ്ബോള്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് പലതവണ പറഞ്ഞിരുന്നുവെന്ന് ജസീനയുടെ ഉമ്മ റഹ്‌മത്ത് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ഞ്ചുമണിയോടെയായിരുന്നു അപകടം. എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ഏതാനും മാസം മുമ്ബാണ് പിതാവ് മരണപ്പെട്ടത്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.


തിരച്ചില്‍ തുടരുന്നു


ഫയർഫോഴ്സും മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ഇന്നലെയും ഇന്നുമായി പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ മുങ്ങല്‍സംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച്‌ ഇന്നലെ തന്നെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി 7.30ഓടെ നിർത്തിയ തിരച്ചില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പുനരാരംഭിച്ചത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക